ഇന്ത്യന്‍ യൂണിയന് ബജറ്റ് ആന്ധ്രാ–ബിഹാര്‍ ബജറ്റായതില് ഞെട്ടല്‍ വേണോ? നിലനില്‍ക്കുന്ന ഇന്ത്യന്‍ രാഷ്ട്രീയയാഥാര്‍ഥ്യം മാത്രമാണ് ബജറ്റിലും പ്രതിഫലിച്ചത്. മോദി സര്‍ക്കാരിന് നിലനില്ക്കാന് ആന്ധ്രയും ബിഹാറും കനിയണം. ഞങ്ങള്‍ക്ക് ഇത്ര കരുത്തേയുള്ളൂ എന്ന മൂന്നാം മോദി സര്‍ക്കാരിന്റെ കുറ്റസമ്മതമാണ് യൂണിയന് ബജറ്റ്. മോദി സര്‍ക്കാരിനെ ദുര്‍ബലമാക്കിയത് ജനാധിപത്യത്തിന്റെ കരുത്താണെങ്കില്‍ , അതേ കരുത്തുപയോഗിച്ചാണ് ബജറ്റിലെ ജനാധിപത്യവിരുദ്ധതയെയും ചോദ്യം ചെയ്യേണ്ടത്. കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന്റെ ഏഴാമത്തെ ബജറ്റ് പ്രസംഗത്തിനാണ് രാജ്യം ഈയാഴ്ച സാക്ഷ്യം വഹിച്ചത്. തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ നല്കിയ മുന്നറിയിപ്പ് മോദി സര്‍ക്കാരിന് മനസിലാകാത്തതൊന്നുമല്ല എന്ന് ബജറ്റിന്റെ ആകെ മൊത്തം സമീപനം കണ്ടാലറിയാം.
യുവാക്കള്‍ക്കും വനിതകള്‍ക്കും കര്‍ഷകര്‍ക്കും പ്രതീക്ഷ നല്കുന്ന ചില പ്രഖ്യാപനങ്ങള്‍ ബജറ്റിലുണ്ട്. തൊഴിലില്ലായ്മ ഗൗരവമായി കാണാന്‍ നിര്ബന്ധിതരായിരിക്കുന്നുവെന്നതു തന്നെ എടുത്തു പറയേണ്ടതാണ്. പക്ഷേ ജനതയുടെ ജീവിതാവശ്യങ്ങളില്‍ പുലര്‍ത്തിയ നിഷേധാത്മകസമീപനങ്ങള് തിരുത്തുന്നതിനേക്കാള്‍ അധികാരം നിലനിര്‍ത്തുന്നതിനാണ് ആദ്യപരിഗണനയെന്നു വിളിച്ചു പറയുന്നു ഈ കേന്ദ്രബജറ്റ്.
ആന്ധ്രാബിഹാര് ബജറ്റാണ് നിര്‍മല സീതാരാമന് അവതരിപ്പിച്ചതെന്ന് പ്രതിപക്ഷം മാത്രമല്ല, സാമ്പത്തികവിദഗ്ധരും ചൂണ്ടിക്കാണിക്കുന്നു. കടലാസിലാണെങ്കിലും പ്രഖ്യാപനങ്ങളില്‍ ഏറ്റവും കൂടുതല്‍ കിട്ടിയത് ബിഹാറിനാണ്. പല പല പ്രഖ്യാപനങ്ങളിലായി ആകെ 59000 കോടി. ഇതില്‍ 26000 കോടിയും റോഡ് വികസനത്തിനാണ്. ബാക്കി പാതിയോളം 2400 മെഗാവാട്ടിന്റെ വമ്പന്‍ പവര്‍ പ്ലാന്റിനും. ജലസേചന–പ്രളയക്കെടുതി പരിഹാരത്തിന് 11,500 കോടിയും ബിഹാറിനായി വകയിരുത്തി. ആന്ധ്ര ആവശ്യപ്പെട്ടതിന്റെ പാതി പോലും എത്തിയില്ലെങ്കിലും അമരാവതിയെന്ന തലസ്ഥാനനഗരത്തിന്റെ വികസനത്തിനായി 15000 കോടിയുടെ പ്രത്യേക സഹായപദ്ധതി പ്രഖ്യാപിച്ച് ചന്ദ്രബാബുനായിഡുവിനെയും സന്തോഷിപ്പിച്ചു ബജറ്റ്. ബിഹാറും ആന്ധ്രയും ഈ പരിഗണന അര്‍ഹിക്കുന്നില്ലെന്ന് ആര്‍ക്കും പറയാനാകില്ല. പക്ഷേ പത്തു കൊല്ലമായി അവഗണിച്ചു പോന്നതെല്ലാം കൂടി ഇത്തവണ മറ്റെല്ലാ സംസ്ഥാനങ്ങളെയും അവഗണിച്ച് ബിഹാറിനും ആന്ധ്രയ്ക്കുമായി വകയിരുത്തിയെന്നതാണ് അനീതി. ഇപ്പോള്‍ പെട്ടെന്നെന്തു സംഭവിച്ചുവെന്ന് എല്ലാവര്‍ക്കുമറിയാം. 2024ല്‍ നിതിഷ് കുമാറും ചന്ദ്രബാബുനായിഡുവും കനിഞ്ഞതുകൊണ്ടു മാത്രമാണ് മൂന്നാം മോദിസര്ക്കാരുണ്ടായത്. നിലനില്ക്കുന്നതും. അപ്പോള്‍ ജനാധിപത്യനീതി നോക്കണോ, ഫെഡറല്‍ തത്വങ്ങള്‍ നോക്കണോ, അതോ സ്വന്തം കാര്യം നോക്കണോ? പത്തു കൊല്ലത്തെ പരിചയത്തില്‍ നിന്ന് മോദി സര്‍ക്കാര്‍ ഇതില്‍ ഏതു വഴി സ്വീകരിക്കുമെന്ന് ആര്‍ക്കെങ്കിലും സംശയമുണ്ടോ?
കുര്‍സി ബചാവോ ബജറ്റെന്നാണ് പ്രതിപക്ഷം ഈ ബജറ്റിനെ വിളിച്ചത്. തീര്‍ത്തും അര്‍ഥവത്തായ വിശേഷണം. കസേര രക്ഷിക്കാനുള്ള ബജറ്റ്. അധികാരത്തിലേറാന്‍ പിന്തുണ നല്കിയ തെലുങ്കുദേശം പാര്‍ട്ടിക്കും ജനതാദള്‍ (യു)വിനെയും പ്രീതിപ്പെടുത്താതെ കസേര നിലനിര്‍ത്താനാകില്ലെന്ന് തിരിച്ചറിയുന്നതുകൊണ്ട് രണ്ടാം വര്ഷത്തിലേക്കൊന്നും കാത്തുനില്ക്കുന്നില്ല മൂന്നാം മോദി സര്‍ക്കാര്‍. കിട്ടിയ ആദ്യ അവസരത്തില്‍ തന്നെ ബിഹാറിനും ആന്ധ്രയ്ക്കും കൈ നിറയെ. വികസസൂചികകളിലെല്ലാം പിന്നാക്കം നില്ക്കുന്ന ബിഹാറിനെ പ്രത്യേകമായി പരിഗണിച്ചാല്‍ അതില്‍ തെറ്റൊന്നുമില്ല. പക്ഷേ മറ്റെല്ലാ സംസ്ഥാനങ്ങളെയും പ്രത്യേകിച്ച് പ്രതിപക്ഷമുന്നണി ഭരണത്തിലുള്ള സംസ്ഥാനങ്ങളെ പൂര്‍ണമായും അവഗണിക്കുന്നത് ജനാധിപത്യ വിരുദ്ധമാണ്. ദക്ഷിണേന്ത്യയില്‍ ആന്ധ്രയെന്ന ഒരേയൊരു സംസ്ഥാനമേ ധനമന്ത്രിയുടെ കണ്ണില്‍ പെട്ടുള്ളൂ. കേരളമെന്ന വാക്കു പോലും ബജറ്റ് പ്രസംഗത്തില്‍ ഇടം പിടിച്ചില്ല. ചോദിക്കുമ്പോള്‍ എല്ലാത്തിനും ധനമന്ത്രിക്കു ന്യായവുമുണ്ട്.
ഭരണത്തിലിരുന്ന് ഇങ്ങനെ പക്ഷപാതം കാണിക്കാന്‍ ആര്‍ക്കായാലും ഒരു നാണക്കേടുണ്ടാവില്ലേ എന്ന് ബി.ജെ.പിയെക്കുറിച്ച് ആരെങ്കിലും ചോദിക്കുമോ? ഒരിക്കലുമില്ല. മറയില്ലാത്ത സ്വജനപക്ഷപാതവും ഡബിള്‍ എന്ജിന് പ്രലോഭനവുമൊക്കെയാണ് ഈ കഴിഞ്ഞ പത്തു വര്‍ഷവും കണ്ടത്. പക്ഷേ ബജറ്റിനെ ഇത്രമേല്‍ ഒരു രാഷ്ട്രീയപ്രഖ്യാപനമാക്കി മാറ്റുന്നത് രാജ്യം കണ്ടിട്ടില്ല. ഞങ്ങളെ പിന്തുണയ്ക്കുന്നവര്‍ക്ക് ഞങ്ങളിത്തിരി കൂടുതല്‍ കൊടുക്കും. ആരുണ്ടിവിടെ ചോദിക്കാന്‍ എന്ന ലൈനാണ് ബി.ജെ.പിക്ക്. കൊടുക്കുന്നതില്‍ പ്രശ്നമൊന്നുമില്ല. പക്ഷേ അത് ബി.ജെ.പി ഇലക്ടറല്‍ ബോണ്ട് വഴിയുണ്ടാക്കിയ പൈസയെടുത്തു കൊടുക്കണം. രാജ്യത്തിന്റെ ഖജനാവില്‍ നിന്നു കൊടുക്കുമ്പോള്‍ അതില്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും തുല്യാവകാശമുണ്ട്. ബജറ്റിലെ വിഹിതം ബി.ജെ.പിയുടെ അക്കൗണ്ടില്‍ നിന്നല്ല, ജനതയുടെ അക്കൗണ്ടില്‍ നിന്നാണ്. ആ അടിസ്ഥാനതത്വം പ്രധാനമന്ത്രി മോദിയും ധനമന്ത്രിയും മറന്നു പോയെങ്കില്‍ ഓര്‍മിപ്പിക്കേണ്ടത് പ്രതിപക്ഷം തന്നെയാണ്.
ബി.ജെ.പിയോ സഖ്യകക്ഷികളോ അധികാരത്തില്‍ ഇല്ലാത്ത 9 സംസ്ഥാനങ്ങളുണ്ട് ഇന്ത്യയില്‍ . ഒരു കേന്ദ്രഭരണപ്രദേശവും. അതു കൂടാതെ രാഷ്ട്രപതി ഭരണത്തിലുള്ള ജമ്മു–കശ്മീരും ലഡാക്ക് അടക്കം മറ്റു കേന്ദ്രഭരണപ്രദേശങ്ങളും. ബിഹാറിനും ആന്ധ്രയ്ക്കും കൊടുത്തതല്ല, മറ്റാര്‍ക്കും ഒന്നും കൊടുത്തില്ല എന്നതാണ് പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്ന പ്രശ്നം. ദക്ഷിണേന്ത്യയില്‍ ആന്ധ്രയല്ലാതെ മറ്റൊരു സംസ്ഥാനവും ധനമന്ത്രിയുടെ കണ്ണില്‍ പെട്ടില്ല. കേന്ദ്രത്തിന്റെ കൂടി സ്വപ്നപദ്ധതിയായ വിഴിഞ്ഞത്തിനാവശ്യപ്പെട്ട വിഹിതം പോലും കേരളത്തിന്റെ പട്ടികയില്‍ പരിഗണിച്ചിട്ടില്ല. കേരളം ചോദിച്ചതൊന്നും ഒന്നു പോലും പരിഗണിച്ചിട്ടില്ല. സാമ്പത്തികപ്രതിസന്ധി ആവര്‍ത്തിച്ചുന്നയിച്ചിട്ടും 24000 കോടിയുടെ പാക്കേജ് പോയിട്ട്, ഒരു പ്രത്യേക സഹായവും ഗൗനിച്ചില്ല. എയിംസ് ഇല്ല. തീര്‍ഥാടന ടൂറിസം പദ്ധതികളില്ല. ബിഹാറിനു നല്കിയ പ്രളയസഹായം പോലെ ഒരു പരിഗണനയും കേരളത്തിനു കിട്ടിയില്ല. ബിഹാറിനും ആന്ധ്രയ്ക്കും വാരിക്കോരി കൊടുത്തപ്പോള്‍ കേരളം എന്ന വാക്ക് ഉച്ചരിക്കാന്‍ പോലും ധനമന്ത്രി തയാറായില്ലെന്ന് മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും ഒരുപോലെ വിമര്‍ശിച്ചു. തിരഞ്ഞെടുപ്പു കാലത്ത് പ്രധാനമന്ത്രി തന്നെ കേരളത്തില്‍ വന്നാഞ്ഞുറപ്പിച്ച ഒരു ഗാരന്റിയുണ്ടായിരുന്നു ആ ഗാരന്റി പോലും മോദി സര്‍ക്കാര്‍ മറന്നു പോയി. ചോദിക്കുമ്പോള്‍ കേരളമെന്താ ഇന്ത്യയിലല്ലേ എന്നു മാസ് ഡയലോഗടിച്ചിട്ടു കാര്യമുണ്ടോ? മോദിയുടെ ഗാരന്റി വിശ്വസിച്ചാണ് കേരളത്തിലെ വോട്ടര്‍മാര്‍ ഒരു മണ്ഡലം ബി.ജെ.പിക്കു സമ്മാനിച്ചതെങ്കില്‍ അവരോടു പറയാന്‍ കൊള്ളാവുന്ന ഒരു വിശദീകരണമെങ്കിലും കേരളത്തിലെ ബി.ജെ.പി കണ്ടു പിടിക്കണം. കേരളം ഇന്ത്യയിലാണ്. കേരളത്തിനു കിട്ടേണ്ട കേന്ദ്രവിഹിതം ആരുടെയും ഔദാര്യമല്ല, കേരളത്തിലെ ജനങ്ങളുടെ നികുതിവിഹിതത്തില്‍ നിന്ന് സംസ്ഥാനത്തിനവകാശപ്പെട്ട പണമാണത്. കേരളത്തിനു മാത്രമല്ല, ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളോട് പൊതുവേ സ്വീകരിച്ച നിഷേധാത്മക സമീപനം മോദി സര്‍ക്കാര്‍ തിരുത്തണം.
യു.പി.എ സര്‍ക്കാരിന്റെ കാലത്ത് ഘടകകക്ഷികളെ പ്രീണിപ്പിച്ചത് രാജ്യത്തിനുണ്ടാക്കിയ നഷ്ടക്കണക്ക് ബി.ജെ.പി. ഇപ്പോഴും പറഞ്ഞു തീര്‍ന്നിട്ടില്ല. പക്ഷേ അധികാരം നിലനിര്‍ത്താന്‍ ഒരു മടിയും കൂടാതെ മറയില്ലാതെ, ഫെഡറല്‍ തത്വങ്ങള്‍ക്കു വിരുദ്ധമായി ബജറ്റില്‍ പോലും വിവേചനം കാണിക്കുമെന്ന തുറന്ന വെല്ലുവിളിയാണ് ഇപ്പോള്‍ ബി.ജെ.പി നടത്തിയിരിക്കുന്നത്. കേന്ദ്രം രാഷ്ട്രീയപ്രതികാരം തീര്‍ക്കുകയാണെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന് ആഞ്ഞടിച്ചു. ഇത് ഫെഡറല്‍ വിരുദ്ധ ബജറ്റെന്ന് മമത ബാനര്‍ജിയും. കേന്ദ്രസര്‍ക്കാരില്‍ നിന്ന് ന്യായമായ വിഹിതം എല്ലാ സംസ്ഥാനങ്ങള്ക്കുമുണ്ടാകണം. അടിസ്ഥാന വികസന ആവശ്യങ്ങള്‍ പരിഗണിക്കപ്പെടണം. ജനങ്ങളില്‍ നിന്ന് സ്വരൂപിക്കുന്ന രാജ്യത്തിന്റെ സമ്പത്ത് എല്ലായിടത്തേക്കും തുല്യമായും ജനസംഖ്യാനുപാതികമായും വിതരണം ചെയ്യപ്പെടണം. അത് സംസ്ഥാനങ്ങളുടെ അവകാശമാണ്. മൂന്നാം മോദിസര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ പ്രകടമാകുന്ന ഫെഡറല്‍ വിരുദ്ധ, ജനാധിപത്യവിരുദ്ധ സമീപനം തിരുത്തപ്പെടണം. പത്തു വര്‍ഷവും കഴിഞ്ഞ് പതിനൊന്നാം വര്‍ഷത്തിലും പ്രധാനമന്ത്രിയായി തുടരുമ്പോഴും ഇന്ത്യയുടെ ആകെ പ്രധാനമന്ത്രിയാണ് എന്നു തിരിച്ചറിയാന്‍ പ്രധാനമന്ത്രിക്കു കഴിയുന്നില്ലേ? ഒപ്പം നില്ക്കുന്നവര്, ഒപ്പം നിര്‍ത്തേണ്ടവര്‍ എന്നിങ്ങനെ വേര്തിരിച്ചല്ലാതെ ഒരേയൊരു ഇന്ത്യ, ഒരൊറ്റ ജനത എന്നത് മനോഭാവത്തിലെങ്കിലും കൊണ്ടുവരാന്‍ ബി.ജെ.പിക്കും സാധിക്കുന്നില്ലേ? മൂന്നാം വട്ടം അധികാരം തുടരുമ്പോഴെങ്കിലും ഇത് ഒരു രാജ്യവും ഒരു ജനതയുമാണെന്ന് മനസിലാക്കാന്‍ മോദിക്കും അദ്ദേഹത്തില്‍ കേന്ദ്രീകരിക്കുന്ന രാഷ്ട്രീയത്തിനും കഴിയാത്തതെന്താണ്? രാജ്യത്തെ ഒന്നായി കാണുന്ന നയസമീപനം സ്വീകരിക്കാന്‍ മോദി സര്‍ക്കാര്‍ തയാറാകണം. രാജ്യസ്നേഹം രാഷ്ട്രീയ എതിരാളികളെ പേടിപ്പിക്കാന്‍ മാത്രമുള്ള സൂത്രവാക്യമാകരുത്.