സി.പി.എം കൊണ്ടു പഠിച്ചു. കോണ്‍ഗ്രസ് കൊണ്ടാലും പഠിക്കില്ലേ? ലോക്സഭാതിരഞ്ഞെടുപ്പിലെ തിരിച്ചടിയോടെ ന്യായവാദങ്ങള്‍ അവസാനിപ്പിച്ച് കെട്ടിടനിര്‍മാണപെര്‍മിറ്റിലെ കൊള്ള തിരുത്താന്‍ സംസ്ഥാനസര്‍ക്കാര്‍ നിര്‍ബന്ധിതരായി. തല്‍സമയം കോണ്‍ഗ്രസ് തിരുത്താനാകാത്ത അധികാരത്തര്‍ക്കത്തില്‍ തമ്മില്‍ തല്ലിലാണ്. ആരു തിരുത്തുമെന്ന ചോദ്യത്തിന് കോണ്‍ഗ്രസും ഉത്തരം കണ്ടെത്തണം.
ചരിത്രത്തിലാദ്യമായി സി.പി.എമ്മിന് തുടര്‍ഭരണം സമ്മാനിച്ചതില്‍ ഏറ്റവും വലിയ പങ്കു വഹിച്ചത് പ്രതിപക്ഷനേതൃത്വത്തിലെ കെട്ടുറപ്പില്ലായ്മ കൂടിയാണ്. കൃത്യമായി പറഞ്ഞാല്‍ 2021ല്‍ പിണറായിക്കു തുണയായത് കോണ്‍ഗ്രസിലെ കാലുവാരല്‍ തന്നെ. തുടര്‍ന്ന് നേതൃമാറ്റവും പുനഃസംഘടനയുമൊക്കെ നടത്തിയെങ്കിലും കോണ്‍ഗ്രസിന് മാറാന്‍ ഉദ്ദേശമില്ലെന്നു തോന്നിക്കുന്നതാണ് സമീപകാലതര്‍ക്കങ്ങളും. റെക്കോര്‍ഡ് ഭൂരിപക്ഷത്തോടെ അധികാരത്തിലേറിയ രണ്ടാം പിണറായി സര്‍ക്കാരിനോട് ജനങ്ങള്‍ക്ക് ഇപ്പോഴുള്ള വികാരം ലോക്സഭാതിരഞ്ഞെടുപ്പില്‍ പ്രകടമായി എന്ന് പരോക്ഷമായെങ്കിലും സി.പി.എമ്മിനു തന്നെ സമ്മതിക്കേണ്ടി വന്ന സാഹചര്യത്തിലാണ് തിരുത്തലും തമ്മില്‍ തിരുത്തലും വീണ്ടും ചര്‍ച്ചയാകുന്നത് . രണ്ടാം പിണറായി സര്‍ക്കാര്‍ ജനങ്ങളെ വെറുപ്പിച്ചു എന്നു സി.പി.എമ്മിന് മനസിലായി. ക്ഷേമപെന്‍ഷന്‍ മുടങ്ങിയതും നികുതി ഭാരം കൂട്ടിയതുമെല്ലാം ജനങ്ങള്‍ മാറിച്ചിന്തിക്കാന്‍ കാരണമായിട്ടുണ്ടെന്ന് പാര്‍ട്ടി വിലയിരുത്തി. വിശ്വാസം വീണ്ടെടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ മുന്നോട്ടു പോക്ക് പ്രയാസമായിരിക്കുമെന്ന് പിണറായി വിജയന്‍ സമ്മതിക്കില്ലെങ്കിലും സെക്രട്ടറിക്കും പാര്‍ട്ടിക്കും ബോധ്യമായിട്ടുണ്ട്.
ആ തിരുത്തലിന്റെ ഭാഗമായാണ് ന്യായീകരിച്ചു ന്യായീകരിച്ചു വെളുപ്പിച്ച കെട്ടിടനിര്‍മാണപെര്‍മിറ്റ് ഫീസിലെ വര്‍ധന തിരുത്താന്‍ പാര്‍ട്ടി തീരുമാനിച്ചത്, സര്‍ക്കാര്‍ വഴങ്ങിയതും. തിരുത്തുമ്പോഴും ചെയ്തത് ന്യായമായിരുന്നുവെന്നാണ് മന്ത്രി വിശ്വസിക്കുന്നത്. കെട്ടിടനിര്‍മാണപെര്‍മിറ്റ് ഫീസ് വര്‍ധനയില്‍ 60 ശതമാനം വരെ കുറവു വരുത്തിയാണ് സര്‍ക്കാരിന് തെറ്റു തിരുത്തേണ്ടി വന്നതെന്നോര്‍ക്കണം. അടിസ്ഥാനജനവിഭാഗങ്ങള്‍ക്ക് അതൃപ്തിയുണ്ടാക്കിയ നടപടികള്‍ തിരുത്തണമെന്ന് സി.പി.എമ്മിനു തോന്നിയതും തിരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി കിട്ടിയപ്പോഴാണ്.
തിരഞ്ഞെടുപ്പിലെ തിരിച്ചടി നന്നായി കൊണ്ടപ്പോള്‍ സി.പി.എം ചിലതൊക്കെ പഠിച്ചു. ചിലതെങ്കിലും തിരുത്താതെ മുന്നോട്ടു പോകാനാകില്ലെന്നും ബോധ്യപ്പെട്ട മട്ടാണ്. പക്ഷേ സര്‍ക്കാരിനെ തിരുത്തേണ്ട പ്രതിപക്ഷത്ത് ഇതേ സമയത്തു നടക്കുന്നതെന്താണ്? അധികാരത്തര്‍ക്കം, തമ്മിലടി, കല്ലുകടി. ഇതൊന്നും പുത്തരിയല്ലെന്നു കോണ്‍ഗ്രസ് പറയും. പക്ഷേ കഴിഞ്ഞ നിയമസഭാതിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ പുത്തരിയായി ചിലത് കുറിച്ചിട്ടുണ്ടെന്നത് കോണ്‍ഗ്രസ് കാണുന്നുണ്ടോയെന്ന് സംശയമാണ്. ഗ്രൂപ്പ് തര്‍ക്കങ്ങളില്‍ നിന്ന് വാട്സ്ആപ് ഗ്രൂപ്പ് തര്‍ക്കങ്ങളിലേക്കാണ് കോണ്‍ഗ്രസ് പാര്‍ട്ടി ഇപ്പോള്‍ വളരുന്നത്.
തദ്ദേശതിരഞ്ഞെടുപ്പിനായി കോണ്‍ഗ്രസ് ഒരു പരിപാടി തയാറാക്കിയിട്ടുണ്ട്. മിഷന്‍ 2025. പാര്‍ട്ടിക്കകത്തെ പ്രശ്നങ്ങള്‍ മറികടന്ന് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് തദ്ദേശതിരഞ്ഞെടുപ്പില്‍ മികച്ച നേട്ടമുണ്ടാക്കുകയാണ് പ്രൊജക്റ്റിന്റെ ലക്ഷ്യം. മിഷന്റെ സംസ്ഥാന നേതൃചുമതല പ്രതിപക്ഷനേതാവിനു കൂടിയെന്നാണ് വയനാട്് ക്യാമ്പില്‍ തീരുമാനിച്ചത്. ഓരോ ജില്ലയിലെയും ചുമതല മുതിര്‍ന്ന നേതാക്കള്‍ക്ക് പ്രത്യേകം വീതിച്ചു നല്‍കിയിട്ടുമുണ്ട്. മിഷന്റെ തുടര്‍ച്ചകള്‍ക്കായി പ്രതിപക്ഷനേതാവ് ജില്ലാ തല വാട്സ്ആപ് ഗ്രൂപ്പുകളുണ്ടാക്കി, അതില്‍ സര്‍ക്കുലര്‍ അയച്ചു എന്നതാണ് ഇപ്പോള്‍ വലിയ പരാതിക്കും തര്‍ക്കത്തിനുമൊക്കെ വഴിവച്ചിരിക്കുന്നത്. പരാതി ഉയര്‍ത്തിയത് ചില കെ.പി.സി.സി. ജനറല്‍ സെക്രട്ടറിമാര്‍. പാര്‍ട്ടി ഭാരവാഹികളെ മറികടക്കുന്നു. സംഘടനാസംവിധാനത്തെ മറികടന്ന് പ്രതിപക്ഷനേതാവ് സമാന്തരഅധികാരകേന്ദ്രമാകുന്നുവെന്നൊക്കെ പരാതി വന്നു. ഓണ്‍ലൈനായി ചേര്‍ന്ന കെ.പി.സി.സി നേതൃയോഗത്തില്‍ ഇതൊക്കെ ശക്തമായ വിമര്‍ശനമായി ഉയര്‍ന്നു. വിമര്‍ശനം ഉയര്‍ന്ന കാര്യം കെ.പി.സി.സി. പ്രസിഡന്റ് തന്നെ സമ്മതിച്ചതോടെയാണ് കാര്യങ്ങള്‍ പാര്‍ട്ടിക്കു പുറത്ത് സ്ഥിരീകരിക്കപ്പെട്ടത്.
പിന്നെ എല്ലാം പതിവു പോലെ. വിമര്‍ശനമറിഞ്ഞ പ്രതിപക്ഷനേതാവ് മിഷന്‍ 2025ന്റെ തിരുവനന്തപുരം ജില്ലാക്യാമ്പില്‍ നിന്ന് വിട്ടു നിന്നു. പദ്ധതി അവതരിപ്പിക്കേണ്ടത് അദ്ദേഹമായിരുന്നു. അങ്ങനെ കോണ്‍ഗ്രസിന്റെ മിഷന്‍ 2025ന്റെ തുടക്കം തന്നെ പാളിയ മട്ടാണ്. എന്തിന്റെ പേരില്‍? പാര്‍ട്ടിയിലെ മൂപ്പിളമത്തര്‍ക്കത്തിന്റെ പേരില്‍. പാര്‍ട്ടിയില്‍ ആരാണ് വലുത്, ആരാണ് ചെറുത് എന്നറിഞ്ഞിട്ടുവേണമല്ലോ ജനങ്ങള്‍ക്കു മുന്നില്‍ ജയിക്കണോ തോല്‍ക്കണോ എന്നു തീരുമാനിക്കാന്‍. കോണ്‍ഗ്രസ് ഒരു തീരുമാനമെടുത്തു വരുന്നതു വരെ ജനങ്ങള്‍ ക്ഷമയോടെ കാത്തിരിക്കണം.
പ്രതിപക്ഷനേതാവ് വി.ഡി.സതീശനും കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരനും തമ്മിലുള്ള അകല്‍ച്ച ഇതിനു മുന്‍പും പലവട്ടം പുറത്തു വന്നിട്ടുണ്ട്. പ്രശ്നങ്ങളില്ലെന്ന് പരസ്യമായി വിശദീകരിക്കുമ്പോഴും അതൃപ്തി പരസ്യമാക്കാന്‍ ഇരുവരും മടിക്കുന്നില്ല. അഭിപ്രായവ്യത്യാസങ്ങളുണ്ടെന്ന് മറ്റു നേതാക്കളും മറച്ചു വയ്ക്കുന്നില്ല. പാര്‍ട്ടിയെ വിശ്വാസത്തിലെടുത്തു വേണം തിരഞ്ഞെടുപ്പിനൊരുങ്ങാനെന്നത് പ്രതിപക്ഷനേതാവും KPCC പ്രസിഡന്റും ഒരു പോലെ മനസിലാക്കേണ്ടതാണ്. വണ്‍ മാന്‍ ഷോകള്‍ക്ക് കേരളത്തിലെ കോണ്‍ഗ്രസിന് ഇപ്പോഴും ആരോഗ്യമായിട്ടില്ല. ഉള്ളില്‍ നടക്കുന്ന തര്‍ക്കങ്ങള്‍ മാധ്യമങ്ങളിലെത്തിയതുകൊണ്ട് പാര്‍ട്ടി തകര്‍ന്നു പോകില്ല. പക്ഷേ തര്‍ക്കങ്ങള്‍ ജനാധിപത്യപരമായി പരിഹരിച്ചില്ലെങ്കില്‍ സാഹചര്യം അത്ര സുഖകരമായിരിക്കില്ല. തെറ്റുകള്‍ ചൂണ്ടിക്കാണിക്കുന്നതും തിരുത്തേണ്ടതു തിരുത്തുന്നതും കൊള്ളാം. പക്ഷേ പാര്‍ട്ടിയിലെ അധികാരത്തര്‍ക്കം തീര്‍ത്തിട്ട് ജനങ്ങളെ കാണാം എന്നു കരുതാവുന്നത്ര ആഡംബരമൊന്നും ഇപ്പോള്‍ കേരളത്തിലെ കോണ്‍ഗ്രസിനെ കാത്തിരിക്കുന്നില്ലെന്നോര്‍ക്കുന്നതു നല്ലതാണ്. ലോക്സഭാതിരഞ്ഞെടുപ്പിലെ തിളക്കം കേരളത്തിലെ കോണ്‍ഗ്രസിനെ രക്ഷിക്കില്ലെന്ന് കഴിഞ്ഞ നിയമസഭാതിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ തന്നെ ഓര്‍മിപ്പിച്ചതാണ്.