ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതോടെ കേരളം പെട്ടെന്ന് സ്ത്രീപക്ഷകേരളമായോ? സ്ത്രീപക്ഷമെന്ന അവകാശവാദവുമായി സര്‍ക്കാരും നേതാക്കളുമൊക്കെ നിരന്നു നില്‍ക്കുന്നു. പക്ഷേ സ്ത്രീപക്ഷത്തിനൊരു പ്രശ്നമുണ്ട് . മറ്റേതു പക്ഷവും നിങ്ങള്‍ക്ക് വീഴും. ആ വീഴ്ച ദയനീയവും ദാരുണവുമാകും. നിര്‍ഭാഗ്യവശാല്‍ നമ്മുടെ സര്‍ക്കാരും അഭിനയിക്കാനാകും. സ്ത്രീപക്ഷം അഭിനയിച്ചു കാണിക്കാനാകില്ല. അതിനു സ്ത്രീകളുടെ പക്ഷത്തു തന്നെ നില്‍ക്കേണ്ടിവരും. സ്ത്രീപക്ഷം അഭിനയിച്ചാല്‍ അത് അടിമുടി പൊളിഞ്ഞു ഭരണപക്ഷവും സിനിമാസംഘടനകളുമൊക്കെ സ്ത്രീപക്ഷഅഭിനയത്തില്‍ ദയനീയമായി പരാജയപ്പെടുന്ന കാഴ്ചയാണ് ഈ ചരിത്രസന്ദര്‍ഭത്തില്‍ കേരളം കാണുന്നത്.
മലയാളസിനിമയില്‍ ലൈംഗികചൂഷണവും തൊഴില്‍ ചൂഷണവും വ്യവസ്ഥാപിതമായി നടന്നു വരുന്നുവെന്ന് തെളിവു സഹിതം ഗുരുതരകണ്ടെത്തലാണ് ഹേമകമ്മിറ്റി റിപ്പോര്‍ട്ടിന്റെ സാരാംശം. അത് നമ്മളെ ഞെട്ടിക്കാം, ഞെട്ടിക്കാതിരിക്കാം. കാരണം ഗോസിപ്പുകള്‍ക്കപ്പുറം ഗുരുതരലൈംഗികാതിക്രമങ്ങളും ചൂഷണവും മലയാളസിനിമാമേഖലയില്‍ ചിലര്‍ അവകാശം പോലെ കൊണ്ടു നടക്കുന്നുവെന്ന് ഇതാദ്യമായല്ല നമ്മള്‍ നേരിട്ടു കേള്‍ക്കുന്നത്.
ഈ ഗുരുതരസാഹചര്യം മലയാളസിനിമയില്‍ ഉണ്ടെന്ന് സമ്മതിച്ചുകിട്ടാനാണ് WCC ഇത്രയും കാലം പോരാടിയത്. ഓര്‍ത്തു നോക്കൂ ആ പഴയ വാര്‍ത്താസമ്മേളനം. അന്ന് അവര്‍ പറഞ്ഞതില്‍ കൂടുതലായൊന്നും ഹേമ കമ്മിറ്റി ഇപ്പോഴും പറഞ്ഞിട്ടില്ല. പക്ഷേ ഓരോന്നും നിയമപരമായി രേഖപ്പെടുത്തിയിരിക്കുന്നു. ഇപ്പോള്‍ ഇതൊന്നും ആരോപണങ്ങളല്ല, ഒരു കമ്മിറ്റിയുടെ കണ്ടെത്തലാണ്. അനുബന്ധമായി നിയമപരമായി നിലനില്‍ക്കുന്ന തെളിവുകളും കമ്മിറ്റിക്കു മുന്നിലെത്തിയത് സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ട്.
അതായത് മലയാളസിനിമാമേഖലയില്‍ ഗുരുതരമായ ലൈംഗികാതിക്രമങ്ങളും സാമ്പത്തികചൂഷണവും നടക്കുന്നുവെന്ന് സര്‍ക്കാര്‍ നിയോഗിച്ച കമ്മിറ്റി നാലരവര്‍ഷം മുന്‍പ് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ആ റിപ്പോര്‍ട്ട് പുറത്തുവിടാതെ നാലരവര്‍ഷം പൂഴ്ത്തിവച്ചതെന്തിന് എന്ന ചോദ്യത്തിന് സര്‍ക്കാര്‍ പറഞ്ഞിരുന്ന ന്യായങ്ങളില്‍ എങ്ങാനും സത്യമുണ്ടാകുമോ എന്നു സംശയിച്ചവരുണ്ടാകുമല്ലേ? അവര്‍ക്കുള്ള ഉത്തരമാണ് ചലച്ചിത്രഅക്കാദമി ചെയര്‍മാന്‍ രഞ്ജിത്തിനെതിരായ ആരോപണത്തില്‍ മന്ത്രി സജി ചെറിയാന്‍ വ്യക്തമാക്കിയിരിക്കുന്ന നിലപാട്. ഒരു സംശയവും ആര്‍ക്കും വേണ്ട. ഈ സര്‍ക്കാര്‍ വേട്ടക്കാര്‍ക്കൊപ്പമാണ്. ഇരകള്‍ക്കൊപ്പമല്ല. പിണറായി സര്‍ക്കാര്‍ ലൈംഗികാരോപണങ്ങളില്‍ വേട്ടക്കാര്‍ക്കൊപ്പം തന്നെയാണ്. അങ്ങനെയല്ലെന്ന് ആര്‍ക്കെങ്കിലും തെറ്റിദ്ധാരണയുണ്ടെങ്കില്‍ അവരാണ് തിരുത്തേണ്ടത്.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് എന്തിനു പൂഴ്ത്തിവച്ചു, പുറത്തുവിടാന്‍ തടസമുണ്ടായിരുന്നെങ്കില്‍ നടപടിയെടുക്കാനും തയാറാകാതിരുന്നതെന്തുകൊണ്ട്? ലൈംഗികാതിക്രമങ്ങള്‍ നടന്നുവെന്ന കണ്ടെത്തലില്‍ സര്‍ക്കാര്‍ എന്തു ചെയ്തു? അതിക്രമങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഈ നാലരവര്‍ഷത്തിനിടെ എന്ത് ഇടപെടല്‍ നടത്തി? ഇതിനൊന്നും സര്‍ക്കാരിന്റെ മറുപടി വ്യക്തമല്ല. ആദ്യം സംസ്കാരികമന്ത്രിയും പിന്നാലെ മുഖ്യമന്ത്രിയും വേദിയിലെത്തിയിലെത്തിയെങ്കിലും ക്രെഡിറ്റ് അവകാശപ്പെടലല്ലാതെ സമൂഹത്തിന്റെ ന്യായമായ ഒരു ചോദ്യത്തിനും ഉത്തരമുണ്ടായില്ല.
വിവരാവകാശകമ്മിഷന്‍ തടസം നിന്നു, കോടതിയില്‍ നിന്നു തടസമുണ്ടാകുമോ എന്നു പേടിച്ചു എന്നൊക്കെ സര്‍ക്കാര്‍ നിഷ്കളങ്കത അഭിനയിച്ചു. ശരി, വൈകിയതു വൈകി ഇനി തുടര്‍നടപടിയെന്തെന്നു ചോദ്യം വന്നതോടെ സര്‍ക്കാരിന്റെ തനിനിറം പുറത്തായി. ലൈംഗികാരോപണങ്ങളില്‍ നടപടിയെടുക്കുമോയെന്നു ചോദിച്ചതോടെ സ്ത്രീപക്ഷനിലപാടിലെ കാപട്യം തെളിഞ്ഞു തുടങ്ങി.
എങ്ങനെ നീതി നടപ്പാക്കാം എന്നല്ല എന്തുകൊണ്ട് നീതി നടപ്പാക്കാനാകില്ല എന്നാണ് സര്‍ക്കാര്‍ പറയുന്നത് മുഴുവന്‍. സമീപനം മാറണം. ഹേമ കമ്മിറ്റി ശുപാര്‍ശകള്‍ നടപ്പാക്കാതിരിക്കാനുള്ള പഴുതുകളാണ് സര്‍ക്കാര്‍ തേടിപ്പിടിക്കുന്നത്. ആ സമീപനമൊന്നു മാറ്റിപ്പിടിച്ചു നോക്കൂ. നടപ്പാക്കാനുള്ള വഴികള്‍ തന്നെ തെളിഞ്ഞു വരും. ഒരു കാര്യം നടപ്പാക്കാനാണോ നടപ്പാക്കാതിരിക്കാനാണോ ശ്രമിക്കുന്നതെന്ന് കേള്‍ക്കുന്നവര്‍ക്ക് പെട്ടെന്നു മനസിലാകും. സര്‍ക്കാര്‍ ഒരുപാട് സ്ത്രീപക്ഷം അഭിനയിക്കാതിരിക്കുന്നതാണ് നല്ലത്.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് കേരളചരിത്രത്തിനു നല്‍കിയ ഏറ്റവും വലിയ സംഭാവന ഏറ്റവും മികച്ച അഭിനേതാക്കളെ കേരളത്തിനു കാണിച്ചു തന്നു എന്നതാണ്. സിനിമയില്‍ മാത്രമല്ല, സര്‍ക്കാരിലും രാഷ്ട്രീയത്തിലും സമൂഹത്തിലുമൊക്കെ സ്ത്രീപക്ഷം അഭിനയിച്ചുകൊണ്ടിരിക്കുന്നവരെ മുഴുവന്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനോടുള്ള പ്രതികരണങ്ങള്‍ തുറന്നു കാട്ടി.
നീതി നടപ്പാക്കാന്‍ ഒരേയൊരു കാരണം മതി. അനീതി നടന്നുവെന്ന ബോധ്യം. ആ ബോധ്യം ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ഔദ്യോഗികമായി തന്നെ മുന്നോട്ടുവയ്ക്കുമ്പോള്‍ പിന്നെ നീതിക്കു മുന്നില്‍ ന്യായീകരണങ്ങളൊന്നും നിലനില്‍ക്കില്ല. ഈ സര്‍ക്കാര്‍ എങ്ങനെ നീതി നടപ്പാക്കാം എന്നല്ല എന്തുകൊണ്ട് നീതി നടപ്പാക്കാനാകില്ല എന്നു മാത്രമാണ് ന്യായീകരിച്ചുകൊണ്ടിരിക്കുന്നത്.
സര്‍ക്കാരിനോടുള്ള ചോദ്യങ്ങള്‍ ലളിതവും വ്യക്തവുമാണ്. ഒരു ആശയക്കുഴപ്പവും ആവശ്യമില്ലാത്തത്ര നേരിട്ടുള്ള ചോദ്യങ്ങള്‍
ഹേമകമ്മിറ്റി റിപ്പോര്‍ട്ട് നാലരവര്‍ഷം വൈകിച്ചതെന്തിന്?
നാലരവര്‍ഷം കൈയിലിരുന്ന റിപ്പോര്‍ട്ടില്‍ എന്തു നടപടിയെടുത്തു?
ലൈംഗികാതിക്രമങ്ങള്‍ വ്യാപകമെന്ന റിപ്പോര്‍ട്ടില്‍ എന്തുകൊണ്ട് നടപടിയെടുത്തില്ല?
റിപ്പോര്‍ട്ട് പുറത്തുവിടാനുണ്ടായിരുന്ന തടസം നടപടിയെടുക്കാനുണ്ടായിരുന്നോ?
ഉള്ളടക്കത്തില്‍ കമ്മിഷന്‍ നിര്‍ദേശിച്ചതിനേക്കാള്‍ കൂടുതല്‍ സര്‍ക്കാര്‍ വെട്ടിമാറ്റിയതെന്തിന്?
ഒടുവില്‍ പുറത്തുവന്നപ്പോഴും ഇനിയും പരാതിയുണ്ടെങ്കില്‍ മാത്രം നിയമനടപടിയെന്നു പറയുന്നതെന്തുകൊണ്ട്?
തുടര്‍നടപടിയെക്കുറിച്ചു ചോദിച്ചപ്പോള്‍ കോണ്‍ക്ലേവ് എന്ന് ഒഴിഞ്ഞുമാറിയതെന്തിന്?
ഒടുവില്‍ കോണ്‍ക്ലേവ് സിനിമാനയത്തിനെന്നു പറയുമ്പോള്‍ ഹേമകമ്മിറ്റി റിപ്പോര്‍ട്ട് എന്തു ചെയ്യാന്‍ പോകുന്നു?
പക്ഷേ ഇനി ഈ ചോദ്യങ്ങള്‍ക്ക് എന്തു പ്രസക്തി? ചലച്ചിത്ര അക്കാദമി ചെയര്‍മാനെതിരെയുള്ള ആരോപണങ്ങളില്‍ സര്‍ക്കാര്‍ രഞ്ജിത്തിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചതോടെ ഇനിയീ ചോദ്യങ്ങളൊന്നും ചോദിച്ചിട്ടു കാര്യമില്ല. കാരണം സ്ത്രീകളെ വേട്ടയാടുന്ന കുറ്റവാളികളോടുള്ള സമീപനമെന്താണ് എന്ന് സര്‍ക്കാര്‍ തന്നെ പ്രഖ്യാപിച്ചുകഴിഞ്ഞു. പക്ഷേ അതുകൊണ്ട് ഒരു ആശ്വാസമുണ്ട്. ഇടതുസര്‍ക്കാര്‍ സ്ത്രീപക്ഷസര്‍ക്കാരാണെന്ന തെറ്റിദ്ധാരണ പോലും ആരും വച്ചു പുലര്‍ത്തണ്ട. ഈ സര്‍ക്കാര്‍ വേട്ടക്കാര്‍ക്കൊപ്പമാണ്. വേട്ടക്കാര്‍ക്കൊപ്പം മാത്രമാണ്.
പലേരി മാണിക്യം എന്ന ചിത്രത്തിനായി കൊച്ചിയില്‍ എത്തിയപ്പോള്‍ സംവിധായകനായിരുന്ന രഞ്ജിത് സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തില്‍ പെരുമാറിയെന്ന് ബംഗാളിലെ പ്രമുഖ അഭിനേത്രി ശ്രീരേഖ മിത്രയാണ് പരസ്യമായി പരാതി ഉന്നയിച്ചത്.
അങ്ങനെയൊന്നും സംഭവിച്ചിട്ടില്ലെന്ന് രഞ്ജിത് പരോക്ഷമായി ന്യായീകരിച്ചെങ്കിലും സംഭവം അന്നു തന്നെ അറിയാമായിരുന്ന ഡോക്യുമെന്ററി സംവിധായകന്‍ ജോഷി ജോസഫ് കൂടി വെളിപ്പെടുത്തിയതോടെ പരാതി ഗുരുതരമായി. അതിജീവിത നേരിട്ടു വന്നു സമൂഹത്തിനു മുന്നില്‍ പരാതിയുമായി നില്‍ക്കുമ്പോള്‍ രഞ്ജിത്തിനെ സംരക്ഷിക്കാന്‍ ആരും മുന്നോട്ടു വരില്ലെന്നാണ് കേരളം കരുതിയതെങ്കില്‍ ഈ സര്‍ക്കാരിനെക്കുറിച്ച് ആര്‍ക്കും ഒരു ചുക്കും അറിയില്ലെന്നേ പറയാനാകൂ.
പിന്നാലെ കേട്ടതെല്ലാം സ്ത്രീപക്ഷസര്‍ക്കാരിന്റെ സ്ത്രീശബ്ദങ്ങളാണ് എന്നതാണ് അടുത്ത വൈരുദ്ധ്യം.പരാതിക്കാര്‍ ആരാണെന്നറിയില്ലല്ലോ, അറിയാതെ എങ്ങനെ നടപടിയെടുക്കും, പരാതിക്കാര്‍ രംഗത്തു വരാതെ എന്തു ചെയ്യും എന്നു നിഷ്കളങ്കത നടിച്ചിരുന്ന ഇടതുപക്ഷമൊന്നാകെ പരാതിക്കാരിയെ നേരിട്ടു കണ്ടതോടെ പരാതിയുമായി സര്‍ക്കാരിനടുത്തു വരട്ടെ എന്നു മലക്കം മറിഞ്ഞു. ദേശീയ തലത്തില്‍ സ്ത്രീകളുടെ അവകാശങ്ങള്‍ക്കു വേണ്ടി പോരാടുന്ന പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ടിനു പോലും നിലപാട് പറയാന്‍ പരാതി വേണം
ഒന്നാലോചിച്ചുനോക്കൂ, എന്തൊരു ഗതികേടാണീ സര്‍ക്കാരിന്റേത്. എന്തൊരു അവസ്ഥയാണ് ഇടതുപക്ഷത്തിന്റേത്? ആദ്യം പരാതിയുള്ളവര്‍ നേരിട്ടു വരട്ടെ എന്നു പറഞ്ഞു. നേരിട്ടു വരുമ്പോള്‍ പരാതി എഴുതിത്തരട്ടെ എന്നു പറയേണ്ടി വരുന്നു. എന്തിന്, സ്ത്രീകളോട് മോശമായി പെരുമാറിയ ഒരാളെ സംരക്ഷിക്കാന്‍. ഈ സര്‍ക്കാരിന് ഇനി ഹേമകമ്മിറ്റി നിലപാടില്‍ എന്തു നടപടിയാണ് സ്വീകരിക്കാനാകുക?
സര്‍ക്കാര്‍ സ്വന്തം തൊഴില്‍മേഖലയിലെ പരാതിയില്‍ നീതി നല്‍കാതെ എങ്ങനെ സിനിമാസംഘടനകളോട് നീതി ഉറപ്പാക്കാന്‍ ആവശ്യപ്പെടും? സര്‍ക്കാരിന് നേരിട്ടു സ്വീകരിക്കാവുന്ന നടപടിയെടുക്കാതെ എങ്ങനെയാണ് ഇനി സിനിമയിലെ ലൈംഗികാതിക്രമങ്ങളില്‍ ഇടപെടാനാകുക? കാപട്യത്തിന് ഒരു സര്‍ക്കാരായി അഭിനയിക്കാന്‍ കഴിയുമെങ്കില്‍ അതാണ് ഇപ്പോള്‍ കേരളത്തിലെ ഇടതുസര്‍ക്കാരിന്റെ റോള്‍. സ്ത്രീപക്ഷകാപട്യത്തില്‍ ഏറ്റവും മികച്ച അഭിനയത്തിനുള്ള അവാര്‍ഡ് പിണറായി സര്‍ക്കാരിനല്ലാതെ മറ്റാര്‍ക്കും അവകാശപ്പെടാനാകില്ല.
ഹേമകമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വന്നപ്പോള്‍ സിനിമാസംഘടനകളുടെ പ്രതികരണത്തില്‍ അതിശയിപ്പിക്കുന്നതൊന്നുമുണ്ടായിരുന്നില്ല. അല്ലെങ്കിലും അഭിനേതാക്കളുടെ സംഘടനയാണല്ലോ. ഏറ്റവും നന്നായി അഭിനയിക്കാവുന്നവരോട് നിലപാട് ചോദിച്ചാല്‍ നിഷ്കളങ്കമായ അഭിനയം കാണാമെന്നല്ലാതെ എന്താണ് കേരളത്തിന്റെ അനുഭവം?
പക്ഷേ അമ്മ സംഘടനയുടെ തിരക്കഥയില്‍ വലിയൊരു പാളിച്ച പറ്റി. ആ നിഷ്കളങ്കമായ അഭിനയം മുഴുവന്‍ വൈസ് പ്രസിഡന്റ് ജഗദീഷ് തൊട്ടടുത്ത നിമിഷം തന്നെ വലിച്ചുകീറിക്കളഞ്ഞു.
കരുത്തുറ്റ നിലപാട് പറഞ്ഞവരില്‍ അമ്മ സംഘടനയുടെ എക്സിക്യൂട്ടിവ് അംഗം അന്‍സിബ ഹസനുമുണ്ട്. ഞങ്ങളെന്തു ചെയ്യാനാണ് എന്ന് സര്‍ക്കാര്‍ കൈമലര്‍ത്തിക്കളിക്കുമ്പോഴാണ് ആര്‍ജവത്തോടെ നിലപാടെടുക്കണം എന്നു പറയാന്‍ സിനിമയ്ക്കുള്ളില്‍ നിന്നു പോലും വ്യക്തിത്വമുള്ള മനുഷ്യര്‍ ധൈര്യം കാണിക്കുന്നത്. ഇനി കോടതി പറയട്ടെ എന്ന് നാണമില്ലാതെ ഒഴിഞ്ഞു മാറുന്നത്.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലും രഞ്ജിത്തിനെതിരായ ആരോപണത്തിലും സര്‍ക്കാരിന്റെ ന്യായം നിയമനടപടിയുടെ സാങ്കേതികതയില്‍ പിടിച്ചാണ്. നീതിയെന്നത് നിയമത്തിനു മാത്രം നല്‍കാനാകുന്നതാണ് എന്ന് എങ്ങനെയാണ് സര്‍ക്കാര്‍ തെറ്റിദ്ധരിക്കുന്നത്? നിയമപരമായ നീതിയും സാമൂഹ്യനീതിയും ഒന്നാണോ?
നിയമത്തിന് നീതിയിലേക്കെത്താന്‍ സാങ്കേതികവും സങ്കീര്‍ണവുമായ ഒട്ടേറെ നടപടികളുണ്ട്. നിയമപരമായ ശിക്ഷ മാത്രമാണോ ലൈംഗികാതിക്രമം നേരിട്ടവര്‍ക്കുള്ള നീതി? ഞങ്ങളായിട്ട് ഒന്നും ചെയ്യാന്‍ പോകുന്നില്ല, ഇനിയെല്ലാം കോടതി പറയട്ടെ എന്ന് തിരഞ്ഞെടുത്ത ജനങ്ങളോട് ഒരു സര്‍ക്കാര്‍ പറയുന്നത് എന്തൊരു രാഷ്ട്രീയവെല്ലുവിളിയാണ്?
എന്തുകൊണ്ട് നിങ്ങള്‍ പരാതിയുമായി വരുന്നില്ല എന്ന് ചാരുകസേരയില്‍ കാലും നീട്ടിയിരുന്നു ചോദിക്കുന്നത് ഉപാധികളോടെ സ്ത്രീപക്ഷം, ടീമുകള്‍ മാത്രമല്ല, സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രിയും ചോദിക്കുന്നത് അതേ ചോദ്യമാണ്. ആ ചോദ്യം ചോദിക്കുന്നവരുടെ മനസിലുള്ള ചിത്രമെന്താണ്.
ഈ സ്ത്രീകള്‍ പരാതിയുമായി വരുന്നു, നമ്മുടെ പൊലീസ് ഏറ്റവും ഊര്‍ജിതമായി പരാതി കൈകാര്യം ചെയ്യുന്നു. സമൂഹം ഒന്നാകെ പരാതിക്കാരിക്കു പിന്തുണയുമായി നില്‍ക്കുന്നു. സൈബര്‍ ലോകത്തും നിരുപാധിക പിന്തുണ അലയടിക്കുന്നു. കോടതി നീതി നല്‍കാതിരിക്കാനുള്ള പഴുതുകള്‍ തേടിപ്പിടിക്കാതെ കുറ്റം ബോധ്യപ്പെട്ട് ഏറ്റവും വേഗത്തില്‍ ശിക്ഷ വിധിക്കുന്നു. ഇതൊക്കെ സിനിമയിലല്ലാതെ എന്നെങ്കിലും മലയാളി കണ്ടിട്ടുണ്ടോ?
മറിച്ച് പരാതിയുമായി മുന്നിലെത്തിയവരെ സമൂഹമാധ്യമങ്ങളിലൂടെ ആക്ഷേപിച്ചും ആക്രമിച്ചും നിശബ്ദരാക്കി, അവരാണ് കുറ്റക്കാരെന്നു വിധിയെഴുതി അവരെ ഇല്ലാതാക്കിക്കളയുന്ന ഒരു സമൂഹമാണ് ഇപ്പോള്‍ പരാതി നല്‍കാത്തതെന്താണ് എന്ന് ചോദ്യം ചോദിക്കുന്നത്.
നടിയെ ആക്രമിച്ച കേസില്‍ ലൈംഗികാതിക്രമത്തിന്റെ വീഡിയോ കോടതിയില്‍ നിന്ന് നിയമവിരുദ്ധമായി കൈകാര്യം ചെയ്യപ്പെട്ടു എന്നു കേസു നടക്കുന്ന ഒരു നാട്ടിലാണ് പരാതി തന്നൂടെ എന്ന കാപട്യം നമുക്ക് വീണ്ടും വീണ്ടും കേള്‍ക്കേണ്ടി വരുന്നത്.അതുമാത്രമല്ല, സര്‍ക്കാരിന്റെ എല്ലാ കപടവാദങ്ങളെയും പൊളിച്ചുകളയുന്ന ഒന്നാണ് ശ്രീരേഖ മിത്രയുടെ വെളിപ്പെടുത്തല്‍. ഹേമകമ്മിറ്റി റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്ന ലൈംഗികാതിക്രമം, സാമ്പത്തികചൂഷണം, തൊഴില്‍നിഷേധം. ഇതു മൂന്നും തുറന്നു പറഞ്ഞാണ് ശ്രീരേഖ രംഗത്തെത്തിയിരിക്കുന്നത്.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് ജീവനുള്ള സാക്ഷ്യം. ആ സാക്ഷ്യത്തോട് സര്‍ക്കാര്‍ സ്വീകരിക്കുന്ന നിഷേധാത്മകസമീപനം എല്ലാ സ്ത്രീപക്ഷാവദത്തെയും തകര്‍ത്തു കളയുന്നു. ശ്രീരേഖ മാത്രമല്ല, എത്രയെത്ര സ്ത്രീകള്‍ ഈ ദിവസങ്ങളില്‍ കേരളത്തിനു മുന്നില്‍ സ്വന്തം മോശം അനുഭവങ്ങള്‍ തുറന്നു പറഞ്ഞു?
ഹേമകമ്മിറ്റി റിപ്പോര്‍ട്ടിലെ വെളിപ്പെടുത്തലുകളില്‍ നമുക്കൊക്കെ കുറ്റബോധമുണ്ടാകും. ഒരു സമൂഹമെന്ന നിലയില്‍ ഇതൊക്കെ ഇവിടെ നടന്നു പോരാന്‍ നമ്മള്‍ അനുവദിച്ചുവെന്ന കുറ്റബോധം. ഇതൊക്കെ അറിഞ്ഞിട്ടും ചിലരെ നമ്മള്‍ അതിരുകളില്ലാതെ ആരാധിക്കുകയും ചെയ്യുന്നുവെന്ന കുറ്റബോധം. അതുണ്ടാകാം. ഉണ്ടാകണം. പക്ഷേ ആ കുറ്റബോധം മറയ്ക്കാന്‍ ഇനിയും ഇരകള്‍ക്കു നേരെ ചൂണ്ടുവിരലുമായി തിരിയുമ്പോള്‍ നിങ്ങള്‍ മനുഷ്യരല്ലാതെയാവുകയാണ് എന്നോര്‍ക്കണം.
ആ ചൂണ്ടുവിരല്‍ വേട്ടക്കാര്‍ക്കു നേരെ തിരിക്കാനുള്ള ആത്മധൈര്യമാണ് നമുക്ക് വേണ്ടതെന്ന് സ്വയം തിരിച്ചറിയണം. അതിനുള്ള കരുത്തും ധൈര്യവും സംഭരിക്കാനാണ് നമ്മള്‍ പഠിക്കേണ്ടത്.
ഈ അനീതിയും മനുഷ്യാവകാശലംഘനവും ഇനിയും നിങ്ങള്‍ക്കു കണ്ടില്ലെന്നു നടിക്കാം. ഇരകള്‍ക്കൊപ്പം നില്‍ക്കാതിരിക്കാന്‍ നൂറു ന്യായങ്ങള്‍ ഇനിയും കണ്ടെത്താം. ഒപ്പം നില്‍ക്കാന്‍ ഒരൊറ്റ കാരണമേ ആവശ്യമുള്ളൂ. നീതിബോധം. അതില്ലെങ്കില്‍ മിണ്ടാതിരിക്കുക എന്ന മിനിമം മര്യാദയെങ്കിലും നമുക്ക് ഈ പോരാളികളോടു കാണിക്കാം.
ആര് ഒപ്പം നിന്നാലും ഇല്ലെങ്കിലും അല്‍പം വൈകിയാലും സ്ത്രീകള്‍ ആ ലക്ഷ്യത്തിലെത്തും. കാരണം സ്ത്രീവിരുദ്ധത മനുഷ്യത്വവിരുദ്ധതയാണ്. മനുഷ്യത്വവിരുദ്ധത അല്‍പം വൈകിയാലും തിരുത്താതിരിക്കാന്‍ ലോകത്തിനു കഴിയില്ല. ഇനി നമ്മളോട് നേരിട്ടുള്ള ചോദ്യമാണ്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനോടു പ്രതികരിക്കുമ്പോള്‍ നമ്മുടെയുള്ളിലുമുണ്ടോ സ്ത്രീവിരുദ്ധത. ഉത്തരം കണ്ടെത്താന്‍ ചെറിയൊരു ചോദ്യാവലി നിങ്ങളെ സഹായിക്കും.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഉപാധികളോടെ നിലപാടെടുക്കുന്നവര്‍ നമുക്കിടയിലുമുണ്ടെങ്കില്‍ ഇനി അഭിപ്രായം പറയുന്നതിനു മുന്‍പ് ആദ്യം സ്വന്തം നിലപാടെന്താണെന്ന് ഒന്നു പരിശോധിക്കണം. അതിന് താഴെ പറയുന്ന ചോദ്യാവലി നിങ്ങളെ സഹായിക്കും.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ അഭിപ്രായം പറയാന്‍ വരുമ്പോള്‍ ഈ ചോദ്യങ്ങള്‍ നിങ്ങളുടെ ഉള്ളിലുണ്ടോ?
1. ആരെങ്കിലും ചൂഷണം ചെയ്യാന്‍ വന്നാല്‍ പറ്റില്ല എന്നു പറഞ്ഞാല്‍ മതിയായിരുന്നില്ലേ?
2. അവസരം കിട്ടാന്‍ വഴങ്ങിക്കൊടുക്കാമെന്ന മനോഭാവമുള്ളതുകൊണ്ടല്ലേ ?
3. എന്തുകൊണ്ട് ഈ സ്ത്രീകളൊന്നും ഇതു നേരത്തെ പറഞ്ഞില്ല?
4. എന്തുകൊണ്ട് ഈ സ്ത്രീകളാരും പരാതിയുമായി വരാന്‍ ധൈര്യം കാണിക്കുന്നില്ല
5. എന്തുകൊണ്ടാണ് WCC–യുടെ സ്ഥാപക അംഗമായ സ്ത്രീ കാലുമാറിയത്?
6. ഇതൊക്കെ എല്ലാ ഫീല്‍ഡിലും ഉള്ളതല്ലേ?
ഈ ചോദ്യങ്ങളിലാണോ നിങ്ങളുടെ ശ്രദ്ധ? എങ്കില്‍ പിന്നെ ഹേമകമ്മിറ്റി റിപ്പോര്‍ട്ടിനെക്കുറിച്ച് ഇനി മിണ്ടാതിരിക്കുന്നതാണ് ഭേദം. കാരണം നിങ്ങള്‍ ആര്‍ക്കൊപ്പമാണ് എന്ന ചോദ്യത്തിനുത്തരം ഈ ചോദ്യങ്ങളില്‍ തന്നെയുണ്ട്. ഒരു ചെറിയ കൂട്ടം സ്ത്രീകള്‍ സ്വന്തം ജീവിതവും കരിയറും റിസ്കിലാക്കി ഒരു പോരാട്ടം നടത്തി ഇതാണ് ജീര്‍ണിച്ച യാഥാര്‍ഥ്യം എന്ന് തെളിയിക്കുന്നു.
അനീതിയും അക്രമവും ആധികാരികമായി , നിയമപരമായി സ്ഥാപിച്ചെടുത്തിരിക്കുന്നു. അപ്പോഴും ഇനിയും ആ സ്ത്രീകളോടാണ് നിങ്ങളുടെ ചോദ്യങ്ങളെങ്കില്‍ പറയുമ്പോള്‍ ഒന്നും തോന്നരുത്, നിങ്ങളുടെ ഉള്ളില്‍ കടുത്ത സ്ത്രീവിരുദ്ധതയുണ്ട്. നിങ്ങള്‍ ഈ പോരാട്ടത്തില്‍ ഇരകള്‍ക്കൊപ്പമേയല്ല, വേട്ടക്കാര്‍ക്കൊപ്പമാണ്. നീതിക്കു വേണ്ടിയാണ് നിലപാടെന്നു വാദിക്കാതിരിക്കുക.
ഒന്നോര്‍ക്കണം, നീതി നടപ്പാക്കാന്‍ ഉപാധികളുണ്ടാകരുത്. നീതിനിഷേധം ബോധ്യമായാല്‍ മാത്രം മതി.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ എന്തു നടപടിയെന്ന ചോദ്യത്തിനുത്തരം സര്‍ക്കാര്‍ തന്നെ പറയണം. കോടതി പറയട്ടെ എന്നൊഴിഞ്ഞു മാറുന്നത് തീര്‍ത്തും ജനാധിപത്യവിരുദ്ധമാണ്. മര്യാദകേടാണ്. അതുകൊണ്ടാണ് ആദ്യമേ പറഞ്ഞത് സ്ത്രീപക്ഷം അഭിനയിക്കാനാകില്ല. അഥവാ അഭിനയിച്ചാലും അതു പൊളിഞ്ഞു പാളീസാകും. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നടപടിയെടുക്കാന്‍ പിണറായി ഡാ ബി.ജിയൊന്നും വേണ്ട. മനുഷ്യരായാല്‍ മതി.
സമൂഹത്തിലെ പാതി മനുഷ്യര്‍ക്ക് ലൈംഗികശരീരമായി കൈകാര്യം ചെയ്യപ്പെടാതെ, അന്തസോടെ, തുല്യതയോടെ ജോലി ചെയ്യാനുള്ള അവകാശമുണ്ട്. സിനിമ തകര്‍ന്നു പോകില്ലേ എന്നാണ് സിനിമാമന്ത്രി പോലും ചോദിക്കുന്നത്. അങ്ങനെ സ്ത്രീകളുടെ അഭിമാനം തകര്‍ത്തുകൊണ്ട് ഒരു മേഖലയും നിലനില്‍ക്കാന്‍ പാടില്ല എന്നാണ് സിനിമാമന്ത്രി പറയേണ്ടത്. സര്‍ക്കാര്‍ പറയേണ്ടത്. ഈ സിനിമാക്കഥയില്‍ നീതിയല്ലാതെ ഒരു ക്ലൈമാക്സും നമുക്ക് സ്വീകാര്യമാകരുത്.