മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളത്തെ ഒറ്റുകൊടുത്തോ? മുഖ്യമന്ത്രിയുടെ വിശ്വസ്തരുടെ പേരിലുയരുന്ന ആരോപണങ്ങള്‍ വിരല്‍ ചൂണ്ടുന്നത് ഈ ചോദ്യത്തിലേക്കു തന്നെയാണ്. കേരളാപൊലീസില്‍ മുഖ്യമന്ത്രിയുടെ ഏറ്റവും വിശ്വസ്തനായ എം.ആര്‍.അജിത് കുമാര്‍ ആര്‍.എസ്.എസ്. നേതൃത്വവുമായി പലവട്ടം രഹസ്യചര്‍ച്ച നടത്തിയത് എന്തിനാണ്, ആര്‍ക്കു വേണ്ടിയാണ്. ചര്‍ച്ചയെക്കുറിച്ച്  അന്നേ അറിഞ്ഞിട്ടും അജിത് ഇപ്പോഴും മുഖ്യമന്ത്രിയുടെ വിശ്വസ്തനാണെങ്കില്‍ മറുപടി പറയേണ്ടത് അജിത് കുമാറല്ല. പിണറായി വിജയനാണ്. ഒരു ഭരണപക്ഷ എം.എല്‍.എ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങളില്‍ ഗത്യന്തരമില്ലാതെ അന്വേഷണം പ്രഖ്യാപിക്കേണ്ടി വന്നിട്ടും അജിത്കുമാറിനെ തൊടാന്‍ പറ്റില്ലെന്ന് നിലപാടെടുത്ത പിണറായി വിജയന്‍ തന്നെയാണ് ചോദ്യങ്ങള്‍ക്ക് മറുപടി പറയേണ്ടത്. അജിത്കുമാറും പി. ശശിയും എന്തു ചെയ്തു എന്നതിനല്ല പിണറായി വിജയന്‍ മറുപടി പറയേണ്ടത്. ഒരു പോറല്‍ പോലുമേല്‍ക്കാതെ അജിത് കുമാറും ശശിയും സ്വാധീനസ്ഥാനങ്ങളില്‍ തുടരുന്നുവെങ്കില്‍ അവര്‍ ആര്‍ക്കു വേണ്ടിയാണ് ഇതൊക്കെ ചെയ്യുന്നത്? കേരളത്തെ രാഷ്ട്രീയമായി വഞ്ചിച്ചോ എന്ന ചോദ്യത്തിന് പിണറായി വിജയന്‍ തന്നെയാണ് മറുപടി പറയേണ്ടത്. 

സംസ്ഥാനത്തെ ക്രൈം എ.ഡി.ജി.പി., ആര്‍.എസ്.എസ്.ദേശീയനേതൃത്വവുമായി രഹസ്യചര്‍ച്ച നടത്തി എന്ന  യാഥാര്‍ഥ്യം ഇപ്പോഴാരും നിഷേധിക്കുന്നില്ല. എ.ഡി.ജി.പി. പോയത് മുഖ്യമന്ത്രിയുടെ ദൂതനായിട്ടാണോ  പൂരം കലക്കാനാണോ, അതോ സ്വന്തം കാര്യത്തിനാണോ എന്നതു മാത്രമേ ഇനി അറിയാനുള്ളൂ.  ആ ചോദ്യത്തിനുള്ള ഉത്തരം നേരായ വഴിക്കെന്തായാലും പുറത്തു വരാന്‍ പോകുന്നില്ല. പക്ഷേ ചിന്തിക്കുന്നവര്‍ക്ക് ദൃഷ്ടാന്തം നല്‍കുന്ന പശ്ചാത്തലം ഭരണപക്ഷത്തുനിന്ന് പി.വി.അന്‍വര്‍ തന്നെ വലിച്ചു പുറത്തിട്ടിട്ടുണ്ട്. കേരളം ഭരിക്കാന്‍ ജനങ്ങള്‍ തിരഞ്ഞെടുത്തത് പിണറായി വിജയനെയാണ്. പക്ഷേ പി.ശശിയെയും അജിത്കുമാറിനെയും തിരഞ്ഞെടുത്തത് കേരളമല്ല, പിണറായി വിജയനാണ്. അപ്പോള്‍ അജിത് കുമാര്‍ ആര്‍.എസ്.എസുമായി നിരന്തരം ചര്‍ച്ച നടത്തുന്നതെന്തിന് എന്ന് പറയേണ്ടതും പിണറായി വിജയനാണ്. 

സര്‍ക്കാരിനെ   പിടിച്ചുകുലുക്കുന്ന ആരോപണങ്ങളാണ് പി.വി.അന്‍വര്‍ ഉന്നയിച്ചത്. പക്ഷേ മുഖ്യമന്ത്രി കുലുങ്ങിയോ? പൊളിറ്റിക്കല്‍ സെക്രട്ടറി കുലുങ്ങിയോ? എഡിജിപി കുലുങ്ങിയോ? അതോ പിടിച്ചു കുലുക്കിയ പി.വി.അന്‍വര്‍ തന്നെ ഇനിയും കുലുങ്ങേണ്ടി വരുമോ? . ആരോപണവിധേയരെ പൊതിഞ്ഞു പിടിക്കുന്നു എന്നതു മാത്രമല്ല മുഖ്യമന്ത്രിയെ സംശയത്തിലാക്കുന്നത്.  ഈ ചോദ്യങ്ങളെല്ലാം 

അന്തിമമായി മുഖ്യമന്ത്രിക്കെതിരെയാണ് നീളുന്നത്. പിണറായി വിജയന്റെ ഭരണപരാജയമെന്നു ചില പാവങ്ങള്‍ സങ്കടപ്പെടുന്നു. തല്‍സമയം പ്രതിഷേധക്കാരുടെ തലയ്ക്കടിക്കുന്ന പ്രതിരോധതന്ത്രങ്ങളുണ്ടാക്കുകയാണ് പിണറായി– പി.ശശി– അജിത് കുമാര്‍ അച്ചുതണ്ട്. 

പി.ശശിയെയും എം.ആര്‍.അജിത്കുമാറിനെയും കേരളത്തിലാരും തെറ്റിദ്ധരിച്ചിട്ടില്ല. ആരും അതിശയം നടിക്കേണ്ടതില്ല. പി.ശശിയെയും അജിത്കുമാറിനെയും ഇടംവലം നിര്‍ത്തിയിരിക്കുന്നത് പിണറായി വിജയനാണ്. പിണറായി വിജയന്‍ അറിയാതെ, പിണറായി ആഗ്രഹിക്കാതെ ശശിയും അജിത്കുമാറും അനങ്ങില്ല എന്ന് വിശ്വസിക്കാന്‍ പ്രയാസമുള്ളവര്‍ മാത്രം ഇനിയും അതിശയങ്ങള്‍ക്കു കാതോര്‍ത്താല്‍ മതി. ഈ പാര്‍ട്ടിയെക്കുറിച്ച് നിങ്ങള്‍ക്കൊരു ചുക്കുമറിയില്ല എന്ന് പിണറായി അന്നേ പറഞ്ഞതാണ്. 

കേരളം ഇപ്പോള്‍ ഒരു വെള്ളരിക്കാപ്പട്ടണമാണ്. ആ വെള്ളരിക്കാപ്പട്ടണം  ഭരിക്കുന്നതാരാണ് എന്ന കാര്യത്തിലേയുള്ളൂ തര്‍ക്കം. മുഖ്യമന്ത്രിയെന്തിനാണ് പി.ശശിയെയും എം.ആര്‍.അജിത് കുമാറിനെയും ഇങ്ങനെ പേടിക്കുന്നതെന്ന് പ്രതിപക്ഷം ചോദിക്കുന്നു. പിണറായി ആരെ പേടിക്കുന്നു? പിണറായിയുടെ ഇടംവലംശക്തികളാണ് ശശിയും അജിത്കുമാറും. അവരെക്കുറിച്ചു  സമൂഹത്തിനും  പ്രതിപക്ഷത്തിനുമൊക്കെയാണ് പരാതി. പിണറായി വിജയനില്ല.  ആര്‍.എസ്.എസ്. നേതൃത്വവുമായി വിശ്വസ്തന്‍ നിരന്തരചര്‍ച്ച നടത്തിയെന്ന് തെളിവു സഹിതം സ്ഥിരികരീക്കപ്പെട്ടിട്ടും മുഖ്യമന്ത്രി ഒരക്ഷരം മിണ്ടാത്തത് പിന്നെന്തുകൊണ്ടാണ്?  അതുകൊണ്ട് കേരളം തിരിച്ചറിയേണ്ടത്, പ്രശ്നത്തിന്റെ പ്രഭവകേന്ദ്രം  പി.ശശിയും പൊലീസുമൊന്നുമല്ല. പിണറായി വിജയന്‍ തന്നെയാണ്. ഇത്രയും ഗുരുതരമായ ആരോപണങ്ങള്‍ നേരിടുമ്പോഴും പാവം സി.പി.ഐയ്ക്കു പോലും പൂരം കലക്കിയതാരാണെന്നു മാത്രം അറിഞ്ഞാല്‍ മതി. പൂരം കലക്കിയതാരാണെന്ന് ആരാണ് പറയേണ്ടത്? 

അപ്പോള്‍  പിണറായി വിജയനാണോ പരാജിതനാണോ?  പൊലീസ് എ.ഡി.ജി.പി. ആര്‍.എസ്.എസുമായി രഹസ്യചര്‍ച്ച നടത്തുന്നതും പൊലീസ് പൂരം കലക്കുന്നതും അധോലോകസംഘം ഭരണം നിയന്ത്രിക്കുന്നതുമൊന്നും മുഖ്യമന്ത്രി അറിയാതെയാണെങ്കില്‍ തീര്‍ത്തും പരാജിതനാണ് പിണറായി വിജയന്‍. പക്ഷേ അതല്ല, മുഖ്യമന്ത്രിയുടെ അറിവോടെ മുഖ്യമന്ത്രിക്കു വേണ്ടിയാണ് ഡിജിപിയും പി.ശശിയും 

ഇടപെടുന്നതെങ്കില്‍ പിണറായി, വിജയന്‍ തന്നെയാണ്. അതു പക്ഷേ കേരളത്തെ ഒറ്റിക്കൊടുത്തുള്ള വിജയമാണ്. ഉദ്ദേശിച്ചതെല്ലാം നടത്തിയെടുത്തു സ്വയം സുരക്ഷിതനാവുകയാണ് പിണറായി വിജയന്‍ ചെയ്തതെങ്കില്‍ ഈ കോലാഹലങ്ങളില്‍ മുഖ്യമന്ത്രി പൊട്ടിച്ചിരിക്കുന്നുണ്ടാകണം. പിണറായി വിജയന്‍ കേരളത്തെ ഒറ്റിക്കൊടുത്തോ, അതോ പരാജയപ്പെട്ടു പോയതാണോ എന്നു ജനങ്ങളോടു പറയാനുള്ള ബാധ്യത സി.പി.എമ്മിനാണ്. പക്ഷേ തല്‍ക്കാലം പിണറായി തന്നെയാണ് സി.പി.എമ്മും. അത് കേരളം സ്വയം തിരഞ്ഞെടുത്ത ഗതികേടാണ് . 

ENGLISH SUMMARY: