പ്രതിച്ഛായ നന്നാക്കാന്‍ പി.ആര്‍.ഏജന്‍സിയെ കൊണ്ടു നടക്കുന്ന മുഖ്യമന്ത്രിയെ ഒക്കെ കേരളത്തിനു സഹിക്കാം. പക്ഷേ നുണ പറയുന്ന മുഖ്യമന്ത്രിയെ സഹിക്കേണ്ട കാര്യം കേരളത്തിനില്ല. നുണ പറയുന്ന, നുണയന്‍മാരെ സംരക്ഷിക്കുന്ന, സംഘപരിവാറിന് ഒത്താശ ചെയ്യുന്ന ഉദ്യോഗസ്ഥരെ പൊതിഞ്ഞു പിടിച്ചു സംരക്ഷിക്കുന്ന പിണറായി വിജയന്‍ കേരളത്തോടു ചെയ്യുന്നതെന്താണ്? അഭിമുഖ വിവാദത്തില്‍ പിണറായി വിജയന്‍ രണ്ടു ചോദ്യങ്ങള്‍ക്കു കേരളത്തിന് മറുപടി നല്‍കണം. ഒന്ന്, മലപ്പുറത്തെക്കുറിച്ച് വിഭാഗീയ പരാമര്‍ശം പിണറായി പറഞ്ഞതെന്ന പേരില്‍ പ്രസിദ്ധീകരിക്കാന്‍ ഗൂഢാലോചന നടത്തിയതാരാണ്? രണ്ട് കേരളം ഭരിക്കുന്നത് പിണറായി വിജയനാണോ പി.ആര്‍.ഏജന്‍സിയാണോ? ക്ഷ... ണ്ണ... വരയ്ക്കുമ്പോള്‍ ഹ...ഹ...ഹ എന്നാണെന്നു വരുത്താന്‍ പൊട്ടിച്ചിരിച്ചതു കൊണ്ടു തീരുന്ന കേസല്ല ഇത്. പിണറായി വിജയന്‍ കേരളത്തോടു ചെയ്യുന്നതെന്താണ്?
ഈ വല്ലാത്തൊരു ചിരി ഒഴിഞ്ഞു മാറലൊന്നുമല്ല, ഉത്തരം മുട്ടി മിണ്ടാച്ചിരിയാണ്. പ്രതിഛായ നന്നാക്കാന്‍ പോയി ഉള്ള പ്രതിഛായ കൂടി കുളം തോണ്ടി ഇടംവലം പെട്ടിരിക്കുമ്പോഴും ചിരിച്ചുകൊണ്ടേയിരിക്കാന്‍ പി.ആര്‍.ഏജന്‍സി പഠിപ്പിച്ച ചിരി. പി.വി.അന്‍വറിനെ നേരിടാന്‍ തൊടുത്ത അമ്പെല്ലാം ബൂമറാങ്ങായി സ്വന്തം തലയില്‍ തന്നെ വന്നു വീഴുമ്പോള്‍ ചിരിയല്ലാതൊരു നമ്പറും ബാക്കിയില്ലെന്നു തിരിച്ചറിഞ്ഞുള്ള പി.ആര്‍. ചിരി.
ചിരിച്ചാല്‍ പോര മറുപടി പറയണമെന്നൊക്കെ പ്രതിപക്ഷനേതാവിന് പറയാം. മറുപടി പറഞ്ഞിട്ട് മുഖ്യമന്ത്രി പിന്നെ എന്തു ചെയ്യണം? രാജിവച്ച് രാഷ്ട്രീയവനവാസത്തിനു പോകണോ? പി.ആര്‍.ഏജന്‍സിയില്ലെന്നു കള്ളം പറയാം. പക്ഷേ വിഭാഗീയ പരാമര്‍ശം എഴുതിച്ചേര്‍ത്തതാരാണെന്നു കള്ളം പോലും പറയാനാവില്ലെന്നു മുഖ്യമന്ത്രിക്കു നന്നായറിയാം. ഈ കപ്പലിനൊരു കപ്പിത്താനുണ്ടെന്ന് മന്ത്രി പറഞ്ഞത് വെറുതേയല്ല. കള്ളന്‍മാരെല്ലാം ഒരൊറ്റ കപ്പലിലുണ്ട്. ആ കള്ളന്‍മാരുടെ കപ്പിത്താനായി കപ്പല്‍ തുഴയുകയാണ് പി.ആര്‍. ഏജന്‍സി മെനഞ്ഞെടുത്തുണ്ടാക്കിയ ക്യാപ്റ്റന്‍
ചോദ്യം. ഒന്ന്. മുഖ്യമന്ത്രി പറയാത്ത കാര്യങ്ങള്‍ അതും വര്‍ഗീയ, വിഭാഗീയ ചേരിതിരിവുണ്ടാക്കുന്ന ഒരു പരാമര്‍ശം ആരാണ് ഹിന്ദു ദിനപത്രത്തിന് എഴുതിക്കൊടുത്തത്? ഉത്തരം മുഖ്യമന്ത്രിക്കറിയേണ്ട എന്നു വ്യക്തം. അഥവാ അതാരാണെന്ന് മുഖ്യമന്ത്രിക്കറിയാം. മുഖ്യമന്ത്രി കൂടി അറിഞ്ഞുകൊണ്ടാണോ എന്നേ അറിയാനുള്ളൂ.
മലപ്പുറം വിവാദത്തിനു പിന്നില്‍ വന്‍ഗൂഢാലോചന നടന്നിട്ടുണ്ടെന്നു വ്യക്തമാണ്. സാഹചര്യത്തെളിവുകള്‍ പ്രകാരം പ്രതി മുഖ്യമന്ത്രിയുടെ ഓഫിസില്‍ തന്നെയുണ്ട്. മുഖ്യമന്ത്രിയും പാര്‍ട്ടിയും മറച്ചു പിടിക്കാന്‍ ശ്രമിക്കുന്ന ഗൂഢാലോചനയുടെ പ്രഭവകേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫിസും ആഭ്യന്തരവകുപ്പും തന്നെയാണെന്നതിന് വ്യക്തമായ തെളിവുകളുണ്ട്. ഒറ്റനോട്ടത്തില്‍ വ്യക്തമാകുന്ന വസ്തുതകളായിട്ടും സ്വന്തം പേരില്‍ വന്ന ധ്രുവീകരണപ്രസ്താവനയ്ക്കു പിന്നില്‍ പ്രവര്‍ത്തിച്ചവരെ മുഖ്യമന്ത്രി സംരക്ഷിക്കുന്നതെന്തിന്? അതോ ധ്രുവീകരണശ്രമത്തിനു പിന്നില്‍ മുഖ്യമന്ത്രി തന്നെയാണോ?
വസ്തുതകള്‍ മാത്രമായി പരിശോധിക്കാം. പി.വി.അന്‍വര്‍ എ.ഡി.ജി.പി. അജിത് കുമാറിനെതിരെയും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശിക്കെതിരെയും ആരോപണങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത് സെപ്റ്റംബര്‍ ഒന്നാം തീയതി. രണ്ടാം തീയതി തന്നെ ഗുരുതരമായ ആരോപണങ്ങള്‍ അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണസംഘത്തെയും നിയോഗിക്കുന്നു. ഡി.ജി.പി. തന്നെ അന്വേഷണത്തിനു നേതൃത്വം നല്‍കുന്നു. സ്വര്‍ണക്കടത്തുകാരെ സംരക്ഷിക്കാനാണ് അന്‍വര്‍ ആരോപണങ്ങളുമായി രംഗത്തു വരുന്നത് എന്ന് പ്രചരിപ്പിക്കാന്‍ ആരോപണവിധേയര്‍ ശ്രമിച്ചെങ്കിലും അതങ്ങനെ ക്ലച്ചു പിടിക്കുന്നില്ല. ഇതിനിടെ 12ാം തീയതി പതിവില്ലാത്ത വിധം കേരളത്തിലെ സ്വര്‍ണക്കടത്തു വേട്ടയെക്കുറിച്ചും അതില്‍ മലപ്പുറം ജില്ലയിലെ കേസുകളാണ് കൂടുതലെന്നും വ്യക്തമാകുന്ന വിവരങ്ങള്‍ കേരളാപൊലീസിന്റെ വെബ് സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നു. ഇതിനു മുന്‍പ് അങ്ങനെയൊരു പേജുണ്ടായിരുന്നതായി വെബ് ആര്‍ക്കൈവ്‍സില്‍ തെളിവില്ല. ഈ ദിവസത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. അന്‍വറിന്റെ ആരോപണങ്ങള്‍ക്കു പിന്നില്‍ സ്വര്‍ണക്കടത്തു മാഫിയയും തീവ്രവാദബന്ധമുള്ളവരുമാണ് എന്ന് ADGP എം.ആര്‍.അജിത്കുമാര്‍ ഡി.ജി.പിയുടെ അന്വേഷണത്തില്‍ മറുപടി നല്‍കിയത് ഇതേ പന്ത്രണ്ടാം തീയതിയാണ്. തൊട്ടടുത്ത ദിവസം, പതിമൂന്നാം തീയതിയാണ് ഇപ്പോള്‍ വിവാദമായ അജ്ഞാതകുറിപ്പും പി.ആര്‍.ഗ്രൂപ്പുകള്‍ വഴി ഡല്‍ഹിയിലെ മാധ്യമങ്ങള്‍ക്കു ലഭിക്കുന്നത്.
പൊലീസ് സൈറ്റിലെ വിവരങ്ങള്‍ ആവര്‍ത്തിച്ച്, എന്നാല്‍ മലപ്പുറം എടുത്തു പറയുന്നതും നിരോധിതസംഘടനകളിലേക്കു വിരല്‍ ചൂണ്ടുന്നതും ഈ കുറിപ്പിലാണ്. മുഖ്യമന്ത്രിയെയും കുടുംബത്തെയും ആക്രമിക്കാന്‍ കാരണം സ്വര്‍ണക്കടത്തിനെതിരെ ശക്തമായ നിലപാടെടുക്കുന്നതാണ് എന്ന് ഊരും പേരുമില്ലാത്ത ദുരൂഹമായ കുറിപ്പില്‍ അവകാശപ്പെട്ടിരുന്നു. 21ാം തീയതി മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ ഈ വാദങ്ങള്‍ ആവര്‍ത്തിച്ചു.
29നാണ് വിവാദഹിന്ദു അഭിമുഖം നടക്കുന്നത്. പി.ആര്‍.ഏജന്‍സി അങ്ങോട്ടാവശ്യപ്പെട്ട അഭിമുഖം പി.ആര്‍.ഏജന്‍സി പ്രതിനിധികളുടെ സാന്നിധ്യത്തില്‍ നടക്കുന്നു. അഭിമുഖം കഴിഞ്ഞപ്പോള്‍ മുഖ്യമന്ത്രി നേരത്തേ പറഞ്ഞതെന്ന് അവകാശപ്പെട്ട് ഇപ്പോള്‍ വിവാദമായ മലപ്പുറം പരാമര്‍ശങ്ങള്‍ ഹിന്ദു ലേഖികയ്ക്ക് സുബ്രഹ്മണ്യന്‍ രേഖാമൂലം നല്‍കുന്നു. അഭിമുഖം വരുന്നു, പരാമര്‍ശം വിവാദമാകുന്നു. മുപ്പത് മണിക്കൂര്‍ മുഖ്യമന്ത്രിയും ഓഫിസും മിണ്ടാതിരിക്കുന്നു. ലീഗും കോണ്‍ഗ്രസുമെല്ലാം ആഞ്ഞടിച്ചതോടെ അങ്ങനെ പറഞ്ഞിട്ടില്ലല്ലോ, തിരുത്തുമോയെന്ന് ഹിന്ദു പത്രത്തോട് സൗമ്യമായി അഭ്യര്‍ഥിക്കുന്നു. മറുപടിയില്‍ ആ ഭാഗം തന്നത് മുഖ്യമന്ത്രിയുടെ കൂടെയുണ്ടായിരുന്ന പി.ആര്‍.ഏജന്‍സിക്കാരനാണെന്ന് ഹിന്ദു പരസ്യമാക്കുന്നു. മുഖ്യമന്ത്രിയുടെ ഓഫിസ് വീണ്ടും നിശബ്ദതയിലേക്ക് മുങ്ങാങ്കുഴിയിടുന്നു.
ഒടുവില്‍ മുഖ്യമന്ത്രി തന്നെ നേരിലെത്തി എവിടെയും തൊടാത്ത ഒരു ന്യായീകരണം അവതരിപ്പിക്കാന്‍ ശ്രമിച്ച് പരിഹാസ്യനാകുന്നു. താന്‍ പറയാത്ത ഒരു കാര്യം പറഞ്ഞുവെന്ന് ഒരു പത്രം അഭിമുഖത്തില്‍ കൂട്ടിച്ചേര്‍ത്താല്‍ പിണറായി വിജയന്‍ എങ്ങനെയായിരിക്കും പ്രതികരിക്കുകയെന്ന് കേരളത്തിന് ഊഹിക്കേണ്ട കാര്യം പോലുമില്ല. പക്ഷേ മലപ്പുറം പരാമര്‍ശത്തിന്റെ പേരില്‍ വിശാലഹൃദയനായ മുഖ്യമന്ത്രി എല്ലാവരോടും ക്ഷമിച്ചിരിക്കുന്നു. കാരണം വ്യക്തം, ആ പരാമര്‍ശം കൂട്ടിച്ചേര്‍ത്തത് ഞങ്ങളല്ല എന്ന ഹിന്ദുവിന്റെ വിശദീകരണം നിഷേധിക്കാന്‍ മുഖ്യമന്ത്രിക്കു കഴിയില്ല. പരാമര്‍ശത്തിന്റെ ഉറവിടം സ്വന്തം ഓഫിസില്‍ തന്നെയാണെന്ന് മുഖ്യമന്ത്രിക്കറിയാം. മലപ്പുറം പരാമര്‍ശത്തിനുത്തരം പറയേണ്ടത് പി.ആര്‍.ഏജന്‍സിയല്ല, മുഖ്യമന്ത്രിയുടെ ഓഫിസ് തന്നെയാണെന്ന് രേഖകളും തെളിയിക്കുന്നു.
പൊലീസ് വെബ്സൈറ്റില്‍ എം.ആര്‍.അജിത് കുമാറിന് പ്രതിരോധം തീര്‍ക്കാന്‍ പ്രത്യക്ഷപ്പെട്ട കണക്കുകകളില്‍ നിന്ന് മലപ്പുറത്തെ പ്രത്യേകമായെടുത്ത്, നിരോധിത സംഘടനകളുമായി ചേര്‍ത്തു വച്ച് കുറിപ്പിറങ്ങിയത് 13ാം തീയതിയാണ്. ആദ്യമായി മലപ്പുറത്തെ പ്രത്യേകമായി എടുത്തു പറയുന്നതും നിരോധിതസംഘടനകളിലേക്കാണ് പണം എത്തുന്നതെന്നും തെളിവുകളൊന്നുമില്ലാതെ ആരോപിക്കുന്നതും അജ്ഞാതവാര്‍ത്താക്കുറിപ്പില്‍. പിന്നീട് ഈ വാദം അതേപടി പ്രത്യക്ഷപ്പെടുന്നത് മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തിലാണ്. വാക്കുകള്‍ മുഖ്യമന്ത്രിക്കു പറയാന്‍ പാകത്തിനൊന്നു മയപ്പെടുത്തിയെന്നു മാത്രം.
മലപ്പുറം പ്രത്യേകമായി എടുത്തു പറയുന്നു. കൂടെ ഇതൊക്കെ നാടിനെതിരായ കുറ്റകൃത്യം തന്നെയാണ് എന്നും മുഖ്യമന്ത്രി എഴുതിക്കൊണ്ടു വന്നത് വായിക്കുന്നു. ഇതിനു മുന്‍പ് അജ്ഞാതവാര്‍ത്താക്കുറിപ്പില്‍ മാത്രം വന്ന അതേ വ്യാഖ്യാനം മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തില്‍ ഇടം പിടിച്ചതെങ്ങനെയാണ്? ഇതേ പരാമര്‍ശം മുഖ്യമന്ത്രി മുന്‍പ് പറഞ്ഞിട്ടുണ്ടെന്ന് അറിയിച്ച് ടി.ഡി.സുബ്രഹ്മണ്യന്‍ വഴി ഹിന്ദുവിലേക്കു കൈമാറിയതെങ്ങനെ? അജ്ഞാതവാര്‍ത്താക്കുറിപ്പില്‍ നിരോധിതസംഘടനകളും അജിത്കുമാറിന്റെ മൊഴിയില്‍ തീവ്രവാദബന്ധവും മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തില്‍ നാടിനെതിരായ കുറ്റവുമായ അതേ വാചകമാണ് ഹിന്ദുവിന് എഴുതിക്കൊടുത്തപ്പോള്‍ ദേശവിരുദ്ധവും ഭരണകൂടവിരുദ്ധവുമായത്. അത്രയേ സംഭവിച്ചിട്ടുള്ളൂ. സ്വര്‍ണക്കടത്തില്‍ മലപ്പുറത്തെ കണക്ക് ചൂണ്ടിക്കാട്ടി തീവ്രവാദപ്രവര്‍ത്തനവും ദേശവിരുദ്ധപ്രവര്‍ത്തനവുമാക്കാന്‍ നടത്തിയ ആസൂത്രിതശ്രമമാണ് ഒടുവില്‍ കൈ വിട്ടു പോയത് എന്നു വ്യക്തം. അതും പ്രതിപക്ഷം രൂക്ഷമായി പ്രതികരിച്ചപ്പോള്‍ മാത്രമാണ് തിരുത്ത് ആവശ്യപ്പെട്ടത് എന്നുമോര്‍ക്കണം. അതുവരെ ആ അഭിമുഖത്തില്‍ ഒരു പ്രശ്നവും മുഖ്യമന്ത്രിക്കും ഓഫിസിനുമുണ്ടായിരുന്നില്ല.
ചുരുക്കിപ്പറഞ്ഞാല്‍ ഹിന്ദുവിലെ വിവാദപരാമര്‍ശം ആരോ എഴുതിക്കൊടുത്തതല്ല, മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വായിച്ച വാര്‍ത്താക്കുറിപ്പ് ആരാണോ എഴുതിയത് അവര്‍ തന്നെ തയാറാക്കിയതാണെന്നു വ്യക്തം. താന്‍ എഴുതിവായിക്കുന്നതെന്താണ്, തന്റെ പേരില്‍ അഭിമുഖത്തില്‍ അടിച്ചു വരുന്നതെന്താണ്, അതിന്റെ രാഷ്ട്രീയപ്രത്യാഘാതം എന്താണ് എന്നൊന്നും ഒരു ധാരണയുമില്ലാത്തയാളാണ് താന്‍ എന്നാണ് പിണറായി വിജയന്‍ സ്വയം സമ്മതിക്കുന്നതെങ്കില്‍ മുഖ്യമന്ത്രിയായി തുടരണോ എന്ന ചോദ്യവും അദ്ദേഹം സ്വയം ചോദിക്കണം.
കുറ്റം നടന്നുവെന്നു പാര്‍ട്ടിയും പരിവാരങ്ങളും സമ്മതിക്കും. പക്ഷേ കുറ്റവാളിയെ കണ്ടെത്താന്‍ നിര്‍ബന്ധിക്കുന്നതെന്തിനാണെന്നു ചൊടിക്കുന്നു മുഖ്യമന്ത്രിയും സി.പി.എമ്മും. കാരണം കുറ്റവാളിയാരെന്ന് എല്ലാവര്‍ക്കുമറിയാം. ഇതാണ് സത്യാനന്തരമുഖ്യമന്ത്രി. പി.ആര്‍.ഏജന്‍സിയെ കൊണ്ടുനടക്കുന്നതും മുഖ്യമന്ത്രി, എനിക്കു പി.ആറോ എന്നെ ഈ നാടിനറിയില്ലേയെന്നു പൊട്ടിത്തെറിക്കുന്നതും മുഖ്യമന്ത്രി. ഭരണവും പൊലീസുമൊന്നും തന്റെ നിയന്ത്രണത്തിലല്ലെന്നു പറയാതെ പറയുന്ന മുഖ്യമന്ത്രി. പക്ഷേ പൊലീസിന്റെ ആത്മവീര്യം തൊട്ടാല്‍ ബാഹുബലിയാകുന്നതും മുഖ്യമന്ത്രി. ആര്‍.എസ്.എസ് കൂടിക്കാഴ്ചയില്‍
നിലപാട് ചോദിച്ചാല്‍ പറയില്ലെന്നു പേടിപ്പിക്കുന്നതും മുഖ്യമന്ത്രി, പക്ഷേ ആര്‍.എസ്.എസിനെതിരായ പോരാട്ടത്തിനു നേതൃത്വം നല്‍കുന്നതും മുഖ്യമന്ത്രി. സത്യാനന്തരരാഷ്ട്രീയപ്രവര്‍ത്തനത്തിന് നമ്മുടെ മുഖ്യമന്ത്രിയേക്കാള്‍ ഗംഭീരമായ ഒരു മാതൃക വേറെ എവിടെ കിട്ടും?
ഒരു മാസവും ഒരാഴ്ചയുമാകുന്നു മുഖ്യമന്ത്രിയുടെ വിശ്വസ്തന്‍ എം.അര്‍.അജിത്കുമാര്‍ ആര്‍.എസ്.എസുമായി നിരന്തര കൂടിക്കാഴ്ച നടത്തി എന്ന വിവരം ലോകമറിഞ്ഞിട്ട്. ആര്‍.എസ്.എസിനെതിരായ പോരാട്ടം നയിക്കുന്ന പിണറായി വിജയനോട് ഒരു മാസം കഴിഞ്ഞിട്ടും നിലപാടെന്താ പറയാത്തത് എന്ന് മാധ്യമപ്രവര്‍ത്തകര്‍ ഒന്നു ചോദിച്ചു നോക്കി.
പണ്ട് ഇതേ പോലെ മുഖ്യമന്ത്രിയുടെ പ്രതിഛായ മെച്ചപ്പെടുത്താന്‍ പി.ആര്‍ ഉണ്ടെന്നു പറയുന്നതു ശരിയാണോ എന്നൊരു ചോദ്യം ചോദിച്ചപ്പോള്‍ കിട്ടിയ ഉത്തരം കേരളം മറന്നിട്ടില്ല. മുഖ്യമന്ത്രിയുടെ ഇടംവലം പി.ആര്‍.ഉണ്ടെന്ന് തെളിവു സഹിതം പുറത്തു വന്നുകഴിഞ്ഞ് ഇതേ ചോദ്യം ചോദിച്ചാല്‍ മറുപടി ഇങ്ങനെയാണ്.
പക്ഷേ പി.ആര്‍.ഏജന്‍സി പിണറായി വിജയനു വേണ്ടി രാജ്യാന്തരമാധ്യമങ്ങളില്‍ അഭിമുഖമൊരുക്കും. ദേശീയ മാധ്യമങ്ങള്‍ക്കു പിന്നാലെ അഭിമുഖ വാഗ്ദാനവുമായി പാഞ്ഞു നടക്കും. ഇതൊന്നും പോരാതെ മുഖ്യമന്ത്രി അഭിമുഖം നല്‍കുമ്പോള്‍ കൂടെയിരുന്ന് നിരീക്ഷിക്കും വേണ്ട മാറ്റങ്ങളും വരുത്തും. എന്നാലും പിണറായി വിജയന്‍ പറയും. എനിക്കു പി.ആറില്ല. പൈസയും ഞങ്ങള്‍ കൊടുക്കുന്നില്ല. കോര്‍പറേറ്റ് പി.ആര്‍.ഏജന്‍സികളൊക്കെ ഇപ്പോള്‍ സൗജന്യസാമൂഹ്യസേവനത്തിനിറങ്ങിയിരിക്കുകയാണെന്ന് വിശ്വസിക്കണം കേള്‍ക്കുന്നവര്‍. ഔദ്യോഗികമായ അറിയിപ്പനുസരിച്ച് ആര്‍.എസ്.എസുമായുള്ള ചര്‍ച്ച റിപ്പോര്‍ട്ട് ചെയ്യാന്‍ ചെന്ന മാധ്യമപ്രവര്‍ത്തകരോട് കടക്കു പുറത്ത് എന്നു പറഞ്ഞ മുഖ്യമന്ത്രിയാണ്, അഭിമുഖത്തിനിടെ ഒരാള്‍ കടന്നു വന്നെന്നും അതാരാണെന്ന് തനിക്കറിയില്ലായിരുന്നുവെന്നുമാണ് ന്യായീകരിച്ചത്.
എന്തൊരു കരുതലാണ് ഈ മനുഷ്യന് എന്ന ഒരു വാചകം ഓര്‍ക്കുന്നില്ലേ, പ്രളയകാലത്ത് വികാരവായ്പോടെ പ്രചരിപ്പിക്കട്ടെ ആ ഡയലോഗ് മാത്രമല്ല, ക്യാപ്റ്റന്‍ എന്ന വിശേഷണം, എല്ലാത്തിന്റെയും കാരണഭൂതനായ തിരുവാതിര, ഇരട്ടച്ചങ്കന്‍ ഇതൊക്കെ ഏതു പി.ആര്‍.ഏജന്‍സി തലപുകച്ചുണ്ടാക്കിയ ക്യാപ്ഷനാണെന്ന് ഇപ്പോള്‍ വിളിച്ചു ശീലിച്ച അണികള്‍ തന്നെ സംശയിക്കുന്നുണ്ടാകും. പേരിടലിലും വാഴ്ത്തലിലും ഒതുങ്ങുമോ പി.ആര്‍.ഇടപെടല്‍ എന്നതാണ് യഥാര്‍ഥ പ്രശ്നം. ഇടതുമുന്നണി സര്‍ക്കാരില്‍ മുഖ്യമന്ത്രിയുടെ പ്രതിഛായ മാത്രം പ്രത്യേകം നന്നാക്കണമെങ്കില്‍ ക്യാപ്ഷനു പറ്റുന്ന തീരുമാനങ്ങളും നയങ്ങളുമുണ്ടാകണം. അപ്പോള്‍ സര്‍ക്കാരിന്റെ നയങ്ങള്‍ തീരുമാനിക്കുന്നതില്‍ വരെ പി.ആര്‍.ഏജന്‍സിയുടെ ഇടപെടലുമുണ്ടാകണം. കേരളം ഭരിക്കുന്നത് പിണറായി വിജയനാണോ പി.ആര്‍.ഏജന്‍സികളാണോ എന്നതാണ് കേരളത്തെ ആശങ്കപ്പെടുത്തേണ്ടത്. പി.ആര്‍. പ്രതിഛായയുണ്ടാക്കാന്‍ പാടുപെടുമ്പോഴും സാമാന്യബോധമുള്ളവര്‍ വിശ്വസിക്കുമോ എന്നു ചോദിക്കാന്‍ പിണറായിക്ക് തൊലിക്കട്ടിയുണ്ടെങ്കില്‍ പിന്നെ കേരളം വിഷമിക്കണോ എന്നാണ് ഇടതുപക്ഷസഖാക്കള്‍ ഉന്നയിക്കുന്ന ചോദ്യം.
എന്നാലും എം.വി.ഗോവിന്ദനും എ.കെ.ബാലനും ഇ.പി.ജയരാജനുമൊക്കെ ഓവര്‍ടൈം വാഴ്ത്തുപാട്ടിറക്കുമ്പോഴും പിണറായി സഖാവിന് പുറത്തു നിന്ന് പി.ആര്‍.എടുക്കേണ്ടി വരുന്നതാണ് മനസിലാക്കാന്‍ പ്രയാസം. എലിയെ പിടിക്കാന്‍ ഇല്ലം ചുടുന്ന പി.ആര്‍.തന്ത്രം മുഖ്യമന്ത്രി പ്രയോഗിച്ചതോടെ പിന്നാലെ വരുന്നവര്‍ എവിെട വരെ പറഞ്ഞുവയ്ക്കുന്നുവെന്നു കൂടി കാണണം. പാര്‍ട്ടി അറിയാത്ത തീരുമാനങ്ങളും പാര്‍ട്ടി അറിയാത്ത പ്രഖ്യാപനങ്ങളുമൊക്കെ പിണറായി ഭരണകാലത്ത് വന്‍ വിവാദങ്ങളായിട്ടുണ്ട്. അതൊക്കെ ആരെടുക്കുന്നു, ആര്‍ക്കു വേണ്ടിയെടുക്കുന്നു എന്ന സംശയങ്ങള്‍ക്കു കൂടിയുള്ള ഉത്തരങ്ങളാണ് ദ് ഹിന്ദു വിശദീകരണക്കുറിപ്പിലുള്ളത് . സ്പ്ലിങ്ക്ളര്‍ ഇടപാട് പാര്‍ട്ടി അറിഞ്ഞത് വിവാദമായ ശേഷമാണ്. ശബരിമല പ്രക്ഷോഭത്തിന്റെ തുടക്കത്തില്‍ പാര്‍ട്ടി എന്താണ് സംഭവിക്കുന്നതെന്നു മനസിലാകാതെ അന്തിച്ചു നില്‍ക്കുകയായിരുന്നുവെന്ന് ഓര്‍ക്കണം. പൂരം കലക്കിയതിലും ഇപ്പോള്‍ പാര്‍ട്ടി ഇരുട്ടത്താണ്. എ.ഡി.ജി.പിക്ക് വീഴ്ച പറ്റിയെന്ന് DGP റിപ്പോര്‍ട്ട് ചെയ്താല്‍ മുഖ്യമന്ത്രി ഒരു അന്വേഷണപ്പൂരം തന്നെ അങ്ങ് പ്രഖ്യാപിക്കും. പാര്‍ട്ടി പിന്നെ പി.ആര്‍.ഏജന്‍സി എഴുതിക്കൊടുക്കുന്ന ന്യായങ്ങള്‍ ഏറ്റുപിടിച്ചങ്ങ് വാദിക്കുകയല്ലാതെ വേറൊരു വഴിയുമില്ല.
പിന്നെ ഉത്തരമില്ലാത്ത ചോദ്യങ്ങള്‍ക്കു തലയാട്ടിയാല്‍മാത്രം മതിയെന്നു പി.ആര്‍.ഏജന്‍സി പറഞ്ഞു പഠിപ്പിച്ചു വിട്ടാലും ഒരു പരിധി കഴിഞ്ഞാല്‍ പിടിവിട്ടു പോകും. പി.ആര്‍. എങ്ങനെയൊക്കെ മിനുക്കി കൊണ്ടു നടന്നാലും ഒറിജിനല്‍ പിണറായി വിജയന്‍ ഇടയ്ക്കു പുറത്തു ചാടുമെന്നതാണ് കേരളത്തിന്റെ ആശ്വാസം. കൊടകര കുഴല്‍പ്പണക്കേസില്‍ തലയൂരിയതു പോലെ മഞ്ചേശ്വരം തിരഞ്ഞെടുപ്പു കോഴയിലും കെ.സുരേന്ദ്രന്‍ കുറ്റവിമുക്തനായിട്ടുണ്ട്.വിശാലഹൃദയനായ മുഖ്യമന്ത്രി എല്ലാവരോടും ക്ഷമിക്കുന്നയാളാണല്ലോ. ഇതുവരെ ഭരണത്തില്‍ പാര്‍ട്ടിക്കെന്താണ് റോള്‍ എന്നായിരുന്നു നമ്മുടെ ചോദ്യം. പക്ഷേ ഇപ്പോള്‍ ഭരണത്തില്‍ പിണറായിക്കെന്താണ് റോള്‍ എന്നതാണ് ശരിയായ ചോദ്യം. എന്തായാലും ഭരണത്തില്‍ ശേഷിക്കുന്ന സ്വാധീനം ഉപയോഗിച്ച് പി.ആര്‍.എജന്‍സിക്കു കൊടുക്കുന്ന പരിഗണനയെങ്കിലും സ്വന്തം പാര്‍ട്ടിക്കു കൂടി കരുണാമയനായ പിണറായി സംഘടിപ്പിച്ചുകൊടുക്കണം. പിന്നെ ഇപ്പോള്‍ പി.ആര്‍.വിവാദത്തില്‍ നഷ്ടപ്പെട്ട പ്രതിഛായ, അത് പി.ആര്‍.ഏജന്‍സി തന്നെ എങ്ങനെയെങ്കിലും പരുക്കുമാറ്റിത്തരും. അതിന് കൊടുക്കേണ്ടി വരുന്ന വിലയെത്രയയായിരിക്കുമെന്നു മാത്രം കേരളം ആശങ്കപ്പെട്ടാല്‍ മതി.