jaleel45

ജനപക്ഷക്കാര്‍ക്ക്, പ്രത്യേകിച്ച് പീസി ജോര്‍ജിനുവരെ കയ്യടി കിട്ടുന്ന നാട്ടില്‍ പാവം സ്വജനപക്ഷക്കാര്‍ക്ക് യാതൊരു രക്ഷയുമില്ല. സ്വന്തം ജനങ്ങളുടെ പക്ഷത്തുനില്‍ക്കുന്നത് അത്ര വലിയ അപരാധമാണോ. അല്ല എന്ന് ജലീല്‍ പറയും. മുമ്പ് ഈപി ജയരാജനും ഇതാണ് പറഞ്ഞത്. പക്ഷെ, നല്ലവരായ സ്വജനപക്ഷക്കാരുടെ വാക്കുകള്‍ കേള്‍ക്കാന്‍ പ്രതിപക്ഷത്തിരിക്കുന്നവര്‍ക്ക് വല്യ ബുദ്ധിമുട്ടാണ്. ഇ പിക്കുശേഷം ഈ ബുദ്ധിമുട്ടുനേരിടുന്ന മന്ത്രിയാണ് കെ. ടി ജലീല്‍. ബന്ധുവിനെ ജോലിക്ക് കയറ്റിയ കെ ടി ജലീലിനെ ജയിലില്‍ കയറ്റുമെന്നാണ് യുഡിഎഫ് പറയുന്നത്. കയറ്റും. എന്നിട്ട്  കേറ്റി ജയിലില്‍ എന്ന് പേരും മാറ്റുമായിരിക്കും.

 

ജയരാജനും ശശീന്ദ്രനും തോമസ് ചാണ്ടിയും പോയ വഴിയിലൂടെ കെ. ടി ജലീലും പായുന്നത് കാണാന്‍ കാത്തിരിക്കുന്നവരാണ് ഏറെയും. കുറ്റിപ്പുറത്ത് ജയിച്ചതുമുതല്‍ തന്നെ മുസ്ലീം ലീഗ് ഓടിക്കുകയാണെന്ന പരാതി പലപ്പോഴും അദ്ദേഹത്തിനുണ്ട്. ലീഗിന്റെ പന്തംകൊളുത്തി പ്രകടനത്തിന് തീ പകരുന്നത് ചെന്നിത്തലയാണ്. ജലീലിന്റെ രാജിക്കത്ത് വാങ്ങണമെന്നാവശ്യപ്പെട്ട് ചെന്നിത്തല പിണറായിക്ക് ഇന്നൊരു കത്ത് കൊടുത്തു. ഇതുകേട്ടാല്‍ തോന്നും  മുഖ്യമന്ത്രി തന്റെ രാജി വാങ്ങുന്നതും കാത്ത് ജലീലിങ്ങനെ ഒറ്റക്കാലില്‍ നില്‍ക്കുകയാണെന്ന്.

 

അതെ, ഫിറോസാണ് ഇപ്പോഴത്തെ സൂപ്പര്‍സ്റ്റാര്‍. യുദ്ധം ജയിക്കാന്‍ ഫിറോസിനെക്കൊണ്ട് കഴിയും. പക്ഷെ, പിന്നില്‍നിന്ന് കുത്തരുതെന്ന് മാത്രം. മര്‍മ്മംനോക്കി എറിയാന്‍ ഇപ്പോള്‍ നേതാക്കള്‍ ഫിറോസിനെയാണ് ഗുരുവായി കാണുന്നത്. ജലീലാവട്ടെ ഏറിഞ്ഞതെല്ലാം തിരിച്ചുവന്ന് കൊള്ളുന്ന അവസ്ഥയിലാണ്. ഉദാഹരണത്തിന് വെളുക്കാന്‍ വേണ്ടി തേച്ച മരുന്നായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്. അത് പാണ്ടായിപ്പോയി. ഉന്നതവിദ്യാഭ്യാസക്കാരനാണെങ്കിലും അടുത്ത ബന്ധുവിനെ നിയമിക്കുമ്പോള്‍ മാനദണ്ഡം നോക്കേണ്ട എന്നായിരുന്നു മന്ത്രി ഇതുവരെ വിചാരിച്ചിരുന്നത്. പ്രതിപക്ഷം പറഞ്ഞപ്പോഴാണ് ഇക്കാര്യം ഓര്‍ത്തതുപോലും.

 

എന്നാല്‍ കലക്കും. ഒരു കാര്യം സത്യമാണ്. യുഡിഎഫാണെങ്കില്‍ ഈ പറഞ്ഞ ജലീലൊക്കെ എന്തൊക്കെ ചെയ്യുമായിരുന്നു. ഒരു ദിവസം തന്നെ മൂന്നുനേരം ഫേസ് ബുക്ക് പോസ്റ്റിട്ടേനെ. അതുപോട്ടെ, ജലീലിന്റെ കുറ്റം കണ്ടുപിടിച്ചിട്ടും മുഖ്യമന്ത്രി എന്താണ് മിണ്ടാത്തത്. അതാണ് യുഡിഎഫിനെ കൂടുതല്‍ സങ്കടപ്പെടുത്തുന്നത്. മൗനം സമ്മതം എന്ന് കേട്ടിട്ടുണ്ട്. പക്ഷെ. ഇതൊരുമാതിരി മൗനം കുറ്റസമ്മതം എന്ന നിലയിലായിപ്പോയി. പിണറായി വിളിച്ചുവരുത്തി ചെവിക്കുപിടിച്ചെന്നും കോടിയേരി ചൂരലെടുത്ത് ശാസിച്ചുവെന്നുമൊക്കെ ചിലര്‍ തള്ളിവിടുന്നുണ്ട്. അതൊക്കെ യുഡിഎഫിന്റെ തോന്നലാണ്. തന്നെപ്പോലൊരു നല്ലകുട്ടി മന്ത്രിസഭയിലില്ലെന്നാണ് ജൂനിയര്‍ കുഞ്ഞാപ്പ ആണയിടുന്നത്.

 

അതെ, അഴിമതി തന്നെയാണ്. ജലീലിനെ രാജിവയ്പ്പിക്കുക തന്നെ വേണം.  പക്ഷെ,  ഇ പി ജയരാജനല്ല കെ ടി ജലീല്‍. അതിന്റെ ടെക്നിക്ക് ബ്രൂവറി ജേതാവ് രമേശ് ചെന്നിത്തലയ്ക്കുപോലും മനസ്സിലായിട്ടില്ല. പാവം ജയരാജനെ സ്വജനപക്ഷക്കാരനെന്ന് പറഞ്ഞ് രായ്ക്കുരാമാനം കണ്ണൂരേക്ക് കടത്തിയ പിണറായി വിജയന് ജലീലിന്റെ കാര്യത്തില്‍ എന്തിനാണ് ഒരു സോഫ്റ്റ് കോര്‍ണര്‍ ? ജലീലിനെ മലപ്പുറത്തേക്ക് പറഞ്ഞുവിട്ടൂടെ എന്നാണ് പ്രതിപക്ഷത്തിന് അവസാനമായി ചോദിക്കാനുള്ളത്.

 

ഇതുകേട്ടാല്‍ തോന്നും ചോദിച്ചാലുടന്‍ ജലീല് കാര്യങ്ങളങ്ങ് പറയും എന്ന്. പറ്റിക്കാനാണെങ്കിലും ഇങ്ങനെയൊന്നും പറയരുതെന്ന് പറയണേ സാറേ. കൂടുതല്‍ പറ്റിക്കല്‍ ഇടവേളയ്ക്ക് ശേഷം.

 

മലയിലെത്തിയ വിശ്വാസികളുടെ എണ്ണത്തേക്കാള്‍കൂടുതല്‍ യുവതീപ്രവേശത്തില്‍ പിണറായി വിശദീകരണപ്രസംഗം നടത്തി എന്നാണ് തോന്നുന്നത്. എല്ലായിടത്തും തീപ്പൊരി ഡയലോഗുകളും ഉണ്ടായിരുന്നു. അതുകൊണ്ട് ബോറടിച്ചില്ല. വിശ്വാസവും അവിശ്വസവും വിപരീതപദങ്ങളാണ്. അതുകൊണ്ടുതന്നെ പിണറായി പറയുന്നതിന്റെ വിപരീതം പറയാനും ചെയ്യാനും വിശ്വാസികള്‍ ശ്രമിക്കും. പക്ഷെ, ദുശ്ശാസനന്‍മാരെകൊണ്ടുവന്ന് കേരളത്തില്‍ ഇരുട്ടുപരത്താന്‍ അനുവദിക്കില്ലെന്നാണ് പിണറായി അച്ചട്ടായി പറയുന്നത്. അതിനുള്ള ടോര്‍ച്ച് തന്റെ കയ്യിലുണ്ടെന്ന് പിണറായിക്ക് തന്നെ തോന്നിത്തുടങ്ങിയിട്ടുണ്ട്.

 

ആ ചോദ്യം മുല്ലപ്പള്ളി രാമചന്ദ്രന്‍ അവര്‍കളോടാണ് ഉമ്മന്‍ചാണ്ടി ചോദിക്കേണ്ടത്. രാഷ്ട്രീയക്കളി വേണോ വേണ്ടയോ എന്ന് ആദ്യം കോണ്‍ഗ്രസ് തീരുമാനിക്കട്ടെ. അതല്ലേ ഹീറോയിസം. ഇക്കാര്യത്തില്‍ വോട്ട് നോക്കിയല്ല നിലപാടെന്ന് പറയാന്‍ തയ്യാറായ പിണറായി വിജയന് രണ്ട് കയ്യടി അധികം കൊടുത്താലും തെറ്റില്ല. മുല്ലപ്പള്ളി അങ്ങനെ പറഞ്ഞിരുന്നെങ്കിലും വിശ്വാസസംരക്ഷണത്തിന് കെ.സുധാകരന്‍പോലും ഇറങ്ങുമായിരുന്നില്ല. സംശയമുണ്ടെങ്കില്‍ ശ്രീധരന്‍പിള്ളയോട് ചോദിച്ചാലും മതി.

 

ഇതിനിടയില്‍ ശ്രീധരന്‍പിള്ളക്കെതിരെ ജാമ്യംകിട്ടാത്തവിധം കേസെടുത്തിട്ടുണ്ട്. പൊതുജനങ്ങള്‍ക്കിടയില്‍ ഭീതി പരത്തുന്നരീതിയില്‍ പെരുമാറി എന്നാണ് കുറ്റം. അങ്ങനെയെങ്കില്‍ പലര്‍ക്കുമെതിരെ കേസെടുക്കേണ്ടിവരുമെന്നാണ് ബിജെപ്പിക്കാര്‍ പറയുന്നത്. കാരണം ചില ഘട്ടങ്ങളില്‍ അവര്‍പ്പോലും ഭയന്നോടിയതല്ലേ. മനുഷ്യര്‍ക്കിടയില്‍ വിടവുണ്ടാക്കുന്നവരെ കണ്ടെത്തി കേസെടുക്കാനാണ് പിണറായിയുടെ തീരുമാനം. ഇതൊക്കെ എവിടെയത്തുമെന്ന് പൊലീസിനുമാത്രം യാതൊരു പിടിയുമില്ല എന്നതാണ് സത്യം.

 

നാളെ കേരളമുണ്ടാവും. പക്ഷെ, ഇത്ര ഭംഗിയുണ്ടാവില്ലെന്നുമാത്രം. കേരളത്തിലും യുഡിഎഫിന്റെയും കേന്ദ്രത്തില്‍ യുപിഎയുടേയും അഭാവം പ്രകടമാണെന്ന് ഉമ്മന്‍ചാണ്ടി ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നുണ്ട്. ആ കോമഡിയുടെ കാരണം പക്ഷെ അദ്ദേഹം പറയുന്നില്ല. പിണറായിക്ക് പക്ഷെ, അതിന്റെ കാരണം നല്ലോണം അറിയാം. അതുകൊണ്ടാണ് അദ്ദേഹം ഞെട്ടാത്തത്.