പ്രതിബിംബത്തെയല്ലാതെ മറ്റൊരു ബിബങ്ങളെയും പണ്ടേ പിണറായി വിജയന് ഇഷ്ടമല്ല. തടയന്‍ ഗോവിന്ദന്‍ പാര്‍ട്ടി സെക്രട്ടറിയായിരുന്ന പഴയകാലത്ത് വിഎസും പിണറായിയും  ഒന്നായിരുന്നു. വിഎസിന്‍റെ പ്രതിബിംബം തന്‍റേതിനേക്കാള്‍ വലുതാണെന്ന തോന്നല്‍ ഉള്ളില്‍ തോന്നിത്തുടങ്ങിയപ്പോള്‍ എങ്ങനെ അതിനെ വെട്ടിയോതുക്കാമെന്ന് ആലോചിച്ചു തുടങ്ങി. മര്‍ക്കടമുഷ്ടി സ്വഭാവം ത്യജിച്ച് കാടും മലയും കയറി  ജനകീയനായി സ്വയം അവരോധിക്കപ്പെട്ട വിഎസ് എന്ന ബിംബത്തെ വര്‍ഷങ്ങള്‍ കഷ്ടപ്പെട്ടിട്ടാണെങ്കിലും പിണറായി സൈഡാക്കി. 

എനിക്കുശേഷം എന്തെന്നുപോലും ചിന്തിക്കാന്‍ ഇഷ്ടപ്പെടാതെ അങ്ങനെ മുന്നോട്ടു പോകുമ്പോളാണ് സ്വന്തം നാടായ കണ്ണൂരില്‍ നിന്ന് തനിക്കായല്ലാതെ മുദ്രാവാക്യം ഉയരുന്നത് പിണറായി കേട്ടത്. പി ജയരാജന്‍റെ വീരേതിഹാസം പതിയെ കഥയായും പാട്ടായും കഥാപ്രസംഗമായുമൊക്കെ ഉയര്‍ന്നു തുടങ്ങുകയും കണ്ണൂരിന്‍റെ മണ്ണില്‍ നിന്ന് അത് തെക്കോട്ട് സഞ്ചാരം തുടങ്ങുകയും ചെയ്തു. 

ഇനിയും ഈ പാണന്മാരെ വളരാന്‍ അനുവദിച്ചാല്‍ അത് തനിക്കുതന്നെ വെനയാകുമെന്ന് തിരിച്ചറിയാന്‍ പിണറായി തെല്ലും വൈകിയില്ല. ഇതിനിടയില്‍ പാട്ടിന്‍റെയും കഥയുടെയും ട്രാക്ക് വിട്ട അഭിനവ കാലത്തെ സഖാപ് പി നവമാധ്യമങ്ങളിലേക്ക് തന്‍റെ പ്രഭാവം പ്രസരിപ്പിച്ചു. പിജെ ആര്‍മി ഫേസ്ബുക്കിലൊക്കെ ഊരിപ്പിടിച്ച വാളുകളെ ഭയക്കാതെ തകര്‍ത്ത് കയറുകയാണ്. 

പേജിന് കിട്ടുന്ന ഷയറുകള്‍ പിണറായിക്ക് അത്രക്കങ്ങ് ലൈക്കാകുന്നില്ല. സ്വഭാവികം. കാരണം നമ്മള്‍ മുമ്പ് പറഞ്ഞതാണ്. സ്വന്തം ബിംബം സിന്താബാദ്. ഔദ്യോഗിക പക്ഷം വിഎസ് പക്ഷം എന്ന പറച്ചില്‍ അവസാനിച്ചതിനുശേഷം മൂന്നാലു വര്‍ഷമായി സിപിഎം അണികള്‍ ബോറഡിയിലായിരുന്നു. ഇപ്പോള്‍ പതിയെ പൊങ്ങിത്തുടങ്ങുകയാണ് ഔദ്യോഗിക പക്ഷത്തിനെതിരെ പി ജെ ആര്‍മി പക്ഷം. 

പിണറായിയുടെ കണ്ണുരുട്ടലില്‍ പേടിക്കുന്നവരല്ലെന്ന് മുഖം കാണിക്കാതെ പോസ്റ്റിട്ട് കളിക്കുകയാണ് ആര്‍മി സഖാക്കള്‍. മലബാറിലെ ഒളിപ്പോരാട്ടങ്ങള്‍ കേട്ടുവളര്‍ന്നവരാണ് ഇതിനുപിന്നിലെന്ന് നിസംശയം പറയാം. അല്ലെങ്കിലും സൈബര്‍ സഖാക്കള്‍ക്ക് മുഖമില്ലല്ലോ. കടിക്കുന്ന പാമ്പിന് എന്തിനാണ് തല.

എഎം ആരിഫ്. കനല്‍ ഒരു തരിമതിയെന്ന സിപിഎം മുദ്രാവാക്യത്തെ യാഥാര്‍ഥ്യമാക്കിയവന്‍. നമുക്ക് ആലപ്പുഴയുടെ എംപിയാണ് ആരിഫെങ്കില്‍ പാര്‍ട്ടിക്ക് ആരിഫ് കേരളത്തിന്‍റെ എംപിയാണ്. സിപിഎമ്മിലെ താരമൂല്യമുള്ള നടന്‍. പാര്‍ലമെന്‍റില്‍ മുഷ്ടിചുരുട്ടി ഈക്വിലാബ് വിളിക്കാന്‍ നിയോഗിക്കപ്പെട്ടവന്‍.

ഗോളടിക്കാന്‍ അവസരം നഷ്ടമായതില്‍ ആരിഫിന് അധിക ദിവസം വ്യസനിച്ചിരിക്കേണ്ടിവന്നില്ല. കിട്ടിയത് നല്ല ഒന്നാന്തരം സെല്‍ഫ് ഗോളാണെന്നുമാത്രം. ഇരുപത്തിനാലാം തീയതിയാണ് കന്നിപ്രസംഗത്തിന് പാര്‍ലമെന്‍റില്‍ അവസരം ലഭിച്ചത്. കന്നിപ്രസംഗത്തില്‍ ചെറിയൊരു കല്ലുകടി ആരിഫും പാര്‍ട്ടിയും തെല്ലും പ്രതീക്ഷിച്ചിരുന്നില്ല. എന്തായാലും ആരിഫിന് ഒരു കാര്യത്തില്‍ ആശ്വസിക്കാം. അമിത്ഷായുടെയോ മോദിയുടെയോ കന്നി പ്രസംഗംപോലും ഇത്രക്ക് വൈറലായിരുന്നില്ല.

പാര്‍ലമെന്‍റില്‍ കനല്‍ ഒരു തരിയല്ല. മൂന്നുതരിയുണ്ട്. തമിഴ്നാട്ടില്‍ നിന്നാണ് ശേഷിക്കുന്ന കനലുകളുള്ളത്. ആരിഫ് പ്രസംഗിക്കാന്‍ എഴുനേറ്റപ്പോള്‍ തമിഴ്നാട്ടില്‍ നിന്നുള്ള നടരാജന്‍ സഖാവ് ഒരു കുറിപ്പെഴുതി നല്‍കി. സംഗതി കാച്ചിക്കുറുക്കിയ കമ്യൂണിസമായിരുന്നെങ്കിലും വായിച്ചെടുക്കാന്‍ അരിഫ് സഖാവ് നന്നേ പാടുപെട്ടു. അങ്ങനെയൊന്നും ആരിഫിനെ തോല്‍പിക്കാമെന്ന് ഫാസിസം കരുതണ്ട. പക്ഷേ പറഞ്ഞിട്ട് കാര്യമില്ല. പണി പാര്‍ലമെന്‍റിലും കിട്ടുമെന്ന് സിംപിളായി പറയാം. 

തമിഴ് മലയാളം ഇംഗ്ലീഷ് ഭാഷാ സഹായി തിരയുന്ന തിരക്കിലാണ് ആരിഫ്. പാര്‍ലമെന്‍റിലേക്ക് കേരളത്തില്‍ നിന്ന് ഒറ്റക്കാണു വണ്ടി കയറിയത്. അയല്‍ സംസ്ഥാനത്തുനിന്ന് രണ്ടുസഖാക്കളുണ്ടെന്നതായിരുന്നു അന്ന് ആശ്വാസത്തിനുള്ള വക. ഏതായാലും ആ ആശ്വാസം പോയിട്ട് നേരേചെവ്വേയുള്ള ശ്വാസം പോലും ഇല്ലാത്തതാണ് നിലവിലെ അവസ്ഥ. പക്ഷേ ആരിഫിന്‍റെ വിശദീകരണം പച്ചപരമാര്‍ഥമാണ്.

--------------------------------

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ത്യജിച്ച രാഹുല്‍ ഗാന്ധി ഇപ്പോള്‍ സൈലന്‍റ് മോഡിലാണ്. പകരം ഡ്രൈവറാകാന്‍ വണ്ടിയോടിക്കാന്‍ അറിയാവുന്ന ആരെയും കിട്ടാത്തതിനാല്‍ ട്രിപ്പ് മുടങ്ങുന്ന സ്ഥിതിവിശേഷത്തിന് സാധ്യതയുണ്ട്. മൂത്ത കോണ്‍ഗ്രസ് തലകുത്തിനിന്ന് പറഞ്ഞിട്ടും രാഹുല്‍ അടുക്കുന്നില്ല. തുടര്‍ന്നാണ് യൂത്ത് കോണ്‍ഗ്രസ് തെരുവിലിറങ്ങിയത്. 

രാഹുല്‍ അധ്യക്ഷ സ്ഥാനത്ത് തുടരണമെന്നാവശ്യപ്പെട്ട് പ്രകടനം വഴിയില്‍ കുത്തിയിരിപ്പ് എന്നീ കലാപരിപാടികളിലാണ് അവരിപ്പോള്‍ ഉള്ളത്. സ്വന്തം നേതാവിന് നല്ല ബുദ്ധി തോന്നാല്‍ തെരുവിലിറങ്ങി കരഞ്ഞ് കാലുപിടിക്കേണ്ട അവസ്ഥ ലോകത്ത് മറ്റൊരു പാര്‍ട്ടിയിലും ഉണ്ടായിട്ടുണ്ടാകാന്‍ ഒരു വഴിയുമില്ല. അക്ഷരാര്‍ഥത്തില്‍ കോണ്‍ഗ്രസ് പെരുവഴിയിലായി.

ഇനി ചരിത്ര ക്ലാസാണ്. ഇടതുപക്ഷത്തെ ചരിത്രാധ്യാപകന്‍ എം സ്വരാജ് മൈക്ക് പോയിന്‍റില്‍ എത്തേണ്ടതാണ്. ചരിത്രം വഴിമാറുന്നതു കണ്ടാല്‍ തെല്ലും സഹിക്കാത്ത ആളാണ് ഈ സഖാവെന്ന് ആരും മറക്കരുത്.