ലോജിക്ക്, എക്സാലോജിക്ക് ഈ രണ്ടുവാക്കുകള്‍ തമ്മിലുള്ള അന്തരവും സാമ്യമില്ലായ്മയുമാണ് ഇന്നത്തെ ചര്‍ച്ചാ വിഷയം. ചര്‍ച്ചയ്ക്കായി പ്രമുഖര്‍ കളങ്ങളില്‍ എത്തിയിട്ടുണ്ട്. ജേഷ്ഠാനുജന്മാര്‍ ആണെന്നുകരുതി ചര്‍ച്ച സൗഹാര്‍ദപരമായിരിക്കുമെന്ന് ധരിക്കരുത്. അവകാശത്തര്‍ക്കം ഏറെയുള്ള കുടുംബമാണ്. വര്‍ഷങ്ങളായി മൂപ്പിളമ തര്‍ക്കത്തില്‍ തീരുമാനം ആയിട്ടില്ല. ഈ പരിപാടി ലൈവ് സ്ട്രീം ചെയ്യുന്നതിന് ചീഫ് സെക്രട്ടറിയോട് അനുമതി തേടിയിട്ടുണ്ട്. അതിനായുള്ള അപേക്ഷ പൂരിപ്പിക്കാന സഹായിച്ച എന്‍. പ്രശാന്ത് ഐഎഎസിന് നന്ദി രേഖപ്പെടുത്തുന്നു. ഇനി പാനലിനെ പരിചയപ്പെടാം.

പുതുക്കിപ്പണിത എംഎന്‍ സ്മാരകത്തില്‍ നിന്നുമുള്ള സൗമ്യ മുഖം. പേരിനൊപ്പം ഈ ലോകംമുളുവനായുള്ളവന്‍ ശ്രീ ബിനോയ് വിശ്വം. ഏതുവിഷയത്തിലും കുറഞ്ഞത് ആറുദിവസംവരെ തയാറെടുപ്പൊന്നും ഇല്ലാതെതന്നെ സ്റ്റഡി ക്ലാസിന് തയാറുള്ള വണ്‍ ആന്‍ഡ് ഒന്‍ലി ഗോവിന്ദന്‍ മാഷ്, ആരോപണ വിധേയയുടെ പിതാവ് എന്ന് നാട്ടുകാരും പിതാവിന്‍റെ മകള്‍ക്കെതിരെയാണ് ആരോപണം എന്ന് സഖാക്കളും വിശേഷിപ്പിക്കുന്ന, പാടിയും എഴുതിയും പാര്‍ട്ടിക്കാര്‍ തോളിലേറ്റുന്ന, ഇടത് സര്‍ക്കാരിന് കാരണഭൂതനായ ശ്രീ പിണറായി വിജയന്‍.

ഇരട്ടച്ചങ്കിനു നേരെ ഇരട്ടക്കുഴല്‍  പ്രകടനവുമായിവന്ന് സൈബര്‍ സഖാക്കളുടെ പൊങ്കാല ഏറ്റുവാങ്ങുന്ന ശ്രീ മാത്യു കുഴല്‍ നാടന്‍. പ്രസിഡന്‍റ് പണി പോയതിനാല്‍ മറ്റ് പണികളില്ലാതെയിരിക്കുന്ന താരം കെ. സുരേന്ദ്രന്‍ ഹെലികോപ്റ്റര്‍ കിട്ടുന്ന മുറയ്ക്ക് എത്തുന്നതായിരിക്കും. കക്ഷിക്ക് മറ്റൊരിടത്തും ഇതേസമയത്ത് ചര്‍ച്ചയുണ്ട്. ഒരേ സമയത്ത് രണ്ട് സ്ഥലം എന്നതാണ് വീക്നസ്. 

ENGLISH SUMMARY:

Today's discussion topic is the difference and similarity between the two words – Logic and Exalogic