അമേരിക്കയിലെ തൊഴില്‍ നിരക്കുകള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവരാനിരിക്കേ ഡോളര്‍ പൂര്‍വാധികം ശക്തമായി. ഇതോടെ ഇന്ത്യന്‍ രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ന്ന നിലയിലെത്തി. ഒരു ഡോളറിന് 85.94 രൂപ ആണ് നിരക്ക്. ഇന്നലെയും റെക്കോര്‍ഡ‍് ഇടിവാണ് രൂപയ്ക്ക് ഉണ്ടായത്. 85.9325 ആയിരുന്നു ഒരു ഡോളറിന്‍റെ മൂല്യം. യുഎസ് ട്രഷറി നിക്ഷേപത്തിലെ വരുമാനനിരക്ക് ദശവര്‍ഷ ബോണ്ടിന് 4.68 ശതമാനമായി. കഴിഞ്ഞയാഴ്ച ട്രഷറി യീല്‍ഡ് 8 മാസത്തെ ഉയര്‍ന്ന നിരക്കായ 4.37 ശതമാനത്തില്‍ എത്തിയിരുന്നു.
അമേരിക്കന്‍ സമ്പദ്ഘടനയുടെ ആരോഗ്യം വ്യക്തമാക്കുന്ന പ്രധാന സാമ്പത്തിക റിപ്പോര്‍ട്ടുകളില്‍ ഒന്നായ നോണ്‍ഫാം പേ റോള്‍സ് റിപ്പോര്‍ട്ട് യുഎസ് സമയം രാവിലെ 8.30ന് പ്രസിദ്ധീകരിക്കും. കൃഷി, സൈനികസേവനം, വീട്ടുജോലി, സന്നദ്ധസ്ഥാപനങ്ങള്‍, സംരംഭകര്‍ എന്നിവ ഒഴികെയുള്ള മേഖലകളില്‍ ഓരോ മാസവും ലഭ്യമാക്കുന്ന തൊഴില്‍ സംബന്ധിച്ച വിവരങ്ങളാണ് റിപ്പോര്‍ട്ടില്‍ ഉണ്ടാകുക. നവംബറിനെ അപേക്ഷിച്ച് ഡിസംബറില്‍ തൊഴിലവസരങ്ങളുടെ എണ്ണം 1,55,000 ആയി കുറഞ്ഞിട്ടുണ്ടെന്നാണ് അനുമാനം. എന്നാല്‍ തൊഴിലില്ലായ്മ നിരക്ക് 4.2 ശതമാനത്തില്‍ തുടരുകയുമാണ്.