TAGS

വലിയ ഇടവേളയ്ക്ക് ശേഷം യുകെ പൗണ്ടിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം കുറഞ്ഞു. ഇതോടെ ഒരു യുകെ പൗണ്ടിന്റെ മൂല്യം 107.30 രൂപയായി. 2022ൽ ഏതാനും മാസം പൗണ്ടിന്റെ മൂല്യം 86 രൂപയായി കുറഞ്ഞിരുന്നു. ഋഷി സുനക് പ്രധാനമന്ത്രിയായ ശേഷമാണ് പൗണ്ടിന്റെ മൂല്യം 100 രൂപ കടന്നത്. എന്നാൽ ഇടക്കാലത്ത് അത് 100 ആയി കുറഞ്ഞു. നിലവിൽ പൗണ്ടിന്റെ മൂല്യത്തിലുണ്ടായ വർധന നാട്ടിലേക്ക് പണം അയക്കുന്ന മലയാളികൾ അടക്കമുള്ളവര്‍ക്ക് ആശ്വാസമാണ്. 

 

യുകെയിലെ പലിശനിരക്കിലെ നേരിയ വർധനവും ആഗോള വിപണിയിൽ ഡോളറിന്റെ മൂല്യം കുറയുന്നതുമാണ് പൗണ്ടിന് നേട്ടമായത്.  എന്നാൽ പൗണ്ടിന്റെ മൂല്യം ഉയരുന്നത് രാജ്യത്തെ സ്വത്തുക്കൾ വിറ്റ് യുകെയിലേക്ക് പണം അയക്കാൻ പദ്ധതിയിടുന്നവർക്ക് തിരിച്ചടിയാണ്. സ്റ്റുഡന്റ് വീസയിൽ ജോലിക്കായി യുകെയിൽ വരുന്നവർക്കും പഠനശേഷം പോസ്റ്റ് സ്റ്റഡി വർക്ക് വീസയിൽ ജോലി ചെയ്യുന്നവർക്കും നിലവിലെ നിരക്ക് വർധന ഗുണകരമാണ്. നാട്ടിലേക്ക് പണം അയക്കുന്നവരിൽ ഭൂരിഭാഗവും ഈ വിഭാഗത്തിൽപ്പെട്ടവരാണ്.

 

കുടുംബമായി യുകെയിൽ സ്ഥിരതാമസമാക്കിയവർ സമ്പാദിക്കുന്ന പണം ഇവിടെ ചെലവഴിക്കുകയാണ് പതിവ്. അവരെ സംബന്ധിച്ചിടത്തോളം, യുകെ പൗണ്ടിന്റെ ഇന്ത്യൻ മൂല്യം ഉയർന്നത് വലിയ നേട്ടമുണ്ടാക്കാൻ സാധ്യതയില്ല. 2023 മാർച്ചിൽ യുകെ പൗണ്ടിന്റെ മൂല്യം 97.07 രൂപയായി കുറഞ്ഞിരുന്നു. ഏപ്രിലിൽ വീണ്ടും 100 കടന്നു. ഇപ്പോൾ 107.30 എന്ന ഏറ്റവും മികച്ച മൂല്യത്തിൽ നിൽക്കുകയാണ്.

 

English Summary: Rupee hits 107 against UK pound