യു.എസ്–ചൈന തീരുവ യുദ്ധത്തിന്‍റെ ആഘാതത്തില്‍ വന്‍ തകര്‍ച്ച നേരിട്ട ഓഹരി വിപണിയില്‍ ഇന്ന് മുന്നേറ്റം. സെന്‍സെക്സ് 1,089 പോയിന്‍റ് തിരിച്ച് കയറി. പകരച്ചുങ്കം നാളെ മുതല്‍ നടപ്പാക്കാനിരിക്കെ വിദേശകാര്യമന്ത്രി എസ്.ജയ്‌ശങ്കര്‍ യു.എസ് വിദേശകാര്യ സെക്രട്ടറിയുമായി ആശയവിനിമയം നടത്തി.
ജപ്പാന്‍, ഹോങ്ങ്കോങ് തുടങ്ങി ഏഷ്യന്‍ വിപണികളിലെ മുന്നേറ്റമാണ് ഇന്ത്യന്‍ സൂചികകള്‍ക്ക് ഉണര്‍വേകിയത്. ഒരുഘട്ടത്തില്‍ സൂചിക 1700 പോയിന്‍റ് വരെ ഉയര്‍ന്നു. ഒടുവില്‍ സെന്‍സെക്സ് 1,089 പോയിന്‍റ് നേട്ടത്തോടെ 74,227ലും നിഫ്റ്റി 374 പോയിന്‍റ് ഉയര്‍ന്ന് 22,535ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇന്നലെ ഏതാണ്ട് രണ്ടായിരം പോയിന്‍റോളം ഇടിഞ്ഞ് വന്‍ തകര്‍ച്ച നേരിട്ട വിപണിയുടെ തിരിച്ചുവരവ് നിക്ഷേപകര്‍ക്ക് ആശ്വാസമായി. ബാങ്കിങ്, ഫിനാന്‍സ്, ഐ.ടി എന്നി സെക്ടറുകളെല്ലാം നേട്ടത്തിലേക്ക് തിരിച്ചെത്തി.
ഡോളറിനെതിരെ രൂപയുടെ മൂല്യം 42 പൈസ ഇടിഞ്ഞ് 86.26എല്‍ എത്തി. നാളെ പുറത്തുവരുന്ന ആര്‍ബിഐ പണനയത്തില്‍ പലിശ നിരക്ക് കുറയ്ക്കുമെന്ന സൂചനകള്‍ നിക്ഷേപകര്‍ക്ക് ആശ്വാസം പകരുന്നതാണ്. അതേസമയം, പകരച്ചുങ്കം നാളെ നിലവില്‍ വരാനിരിക്കെ വിദേശകാര്യമന്ത്രി എസ്.ജയശങ്കറുമായി, യു.എസ് വിദേശകാര്യ സെക്രട്ടറി മാര്‍കോ റൂബിയോ ഫോണില്‍ സംസാരിച്ചു. ഇരു രാജ്യങ്ങള്‍ക്കും സ്വീകാര്യമായ വ്യാപാര കരാറിന്‍റെ ഉള്ളടക്കം ചര്‍ച്ചയുടെ ഭാഗമായി. തീരുവ വിഷയത്തില്‍ പ്രധാനമന്ത്രിയുടെ മൗനം ആശങ്കപ്പെടുത്തുന്നുവെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.