godrej-HD

കുടുംബസ്വത്തിന്റെ വീതംവയ്പ്പിനപ്പുറം ഇന്ത്യയുടെ ചരിത്രത്തിനൊപ്പം നടന്ന ഒരു കമ്പനി 127 വര്‍ഷത്തിനിപ്പുറം രണ്ടായി പിരിയുന്നു എന്നതാണ് ഗോദ്റെജിന്റെ വിഭജനത്തെ ചരിത്രസംഭവമാക്കുന്നത്. 1890 ൽ അർദേശിർ ഗോദ്‌റെജ് ആരംഭിച്ച പൂട്ട് കടയിൽ നിന്നാണ് ഇന്ത്യൻ വ്യവസായ ചരിത്രത്തിലെ അതികായരായ ഗോദ്റെജ് ഗ്രൂപ്പിന്റെ പിറവി. പൂട്ടില്‍ തുടങ്ങി പ്രതിരോധരംഗം വരെ വളർന്ന ​ഗോദ്റെജിന്റെ ഉയർച്ച രാജ്യത്തിന്റെ വളര്‍ച്ചയിലും പങ്കുവഹിച്ചു. സ്വദേശി പ്രസ്ഥാനത്തിൽ പങ്കാളിയായും അഹിംസ ഉയർത്തിപിടിച്ചും ഗോദ്റെജ് ഇന്ത്യയ്ക്കൊപ്പം നടന്നു. ഇന്ന് 5.7 ബില്യൺ ഡോളർ മൂല്യമുള്ള ഗോദ്റെജ് ഗ്രൂപ്പ് മൂന്നാം തലമുറയുടെ കയ്യിലെത്തിയപ്പോഴാണ് രണ്ടായി പിരിയുന്നത്.

 

മുംബൈയെ പൂട്ടിയ ഗോദ്‌റെജ്

godrej-founder

അർദേശിർ ഗോദ്റെജ്| ചിത്രത്തിന് കടപ്പാട്- godrej.com

 

1890 ടാൻസാനിയയിലെ ജോലി ഉപേക്ഷിച്ച് അർദേശിർ ഗോദ്റെജ് ബിസിനസ് തുടങ്ങാൻ ഇന്ത്യയിലേക്ക് വണ്ടികയറുന്നിടത്താണ് ഗോദ്‌റെജ് എന്ന ബ്രാൻഡിന്റെ തുടക്കം. മുംബൈയിലെത്തിയ അർദേശിർ ശസ്ത്രക്രിയ ഉപകരണങ്ങൾ നിർമിച്ചാണ് തുടങ്ങിയത്. ഇത് പരാജയപ്പെട്ടു. പണം മുഴുവന്‍ നഷ്ടമായി. ആ സമയത്താണ് അർദേശിറിന് പ്രതീക്ഷയുടെ കച്ചിതുരുമ്പ് ലഭിക്കുന്നത്. അതും കള്ളന്മാരുടെ രൂപത്തിൽ.

 

godrej-ballet-box

ഗോദ്റെജ് നിർമിച്ച ബാലറ്റ് പെട്ടി| ചിത്രത്തിന് കടപ്പാട്- godrej.com

'മുംബൈയിൽ കവർച്ച പെരുകുന്നു. ഗുണനിലവാരമില്ലാത്ത പൂട്ടുകൾ കാരണം വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും മോഷണം തുടർക്കഥയാകുന്നു'. ഈ വാർത്തയില്‍ നിന്നാണ് ഗുണനിലവാരമുള്ള പൂട്ടുകൾ ഉണ്ടാക്കാനുള്ള ആശയം ലഭിച്ചത്. സുഹൃത്തായ മെർവാൻജി കാമയുടെ സാമ്പത്തിക സഹായത്തോടെ 1897 ൽ ഗോദ്റെജ് പൂട്ട് വിപണിയിലെത്തി. ഇംഗ്ലണ്ടിൽ നിന്ന് ഇറക്കുമതി ചെയ്യുന്നതിനെക്കാള്‍ മികച്ചത്, വിലക്കുറവ് എന്നീ കാരണങ്ങള്‍ കൊണ്ടുതന്നെ ഗോദ്റെജ് പൂട്ടുകള്‍ വൈകാതെ വിപണി കീഴടക്കി. മുംബൈ  നഗരത്തെ സുരക്ഷിതമാക്കിയ ഗോദ്റെജ് അന്നുമുതൽ സുരക്ഷിതത്വത്തിന്റെ പര്യായമായി.

 

godrej-directors

ആദി ഗോദ്റെജ്, ജംഷദ് ഗോദ്റെജ്, നാദിർ ഗോദ്റെജ്​| ചിത്രത്തിന് കടപ്പാട്- godrej.com

ഗോദ്‌റെജും ഇന്ത്യയും

 

പൂട്ടില്‍നിന്ന് വളർന്ന അർദേശിർ ഗോദ്റെജ് മഷി, സുഗന്ധദ്രവ്യങ്ങൾ, മിഠായി, ബിസ്‌ക്കറ്റ് തുടങ്ങി വിവിധ ഉല്‍പ്പന്നങ്ങളിലൂടെ ബിസിനസ് വിപുലീകരിച്ചു. ഇന്ത്യൻ വിപണിയിൽ പല ഉല്‍പ്പന്നങ്ങളും 'ആദ്യം' എത്തിച്ചത് ഗോദ്‌റെജായിരുന്നു. ലോകത്ത് ആദ്യമായി സസ്യ എണ്ണയിൽ നിന്ന് സോപ്പ് നിർമിച്ച് ഗോദ്‌റേജ് ഗാന്ധിജിയുടെ അഹിംസ മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ചു. രവീന്ദ്രനാഥ ടഗോര്‍ അടക്കമുള്ള സ്വാതന്ത്ര്യ സമര സേനാനികൾ ഈ സോപ്പുകൾ ഉപയോഗിച്ചിരുന്നു. സ്വദേശി പ്രസ്ഥാനത്തിന്റെ തുടക്കക്കാരായാണ് ഈ ഉല്‍പ്പന്നങ്ങളെ കണക്കാക്കുന്നത്. 1951ൽ സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തിരഞ്ഞെടുപ്പിന് ബാലറ്റ് പെട്ടികൾ നിർമിച്ചതും 1958-ൽ ഇന്ത്യയിലെ ആദ്യത്തെ റഫ്രിജറേറ്റർ പുറത്തുവന്നതും ഗോദ്‌റെജിൽ നിന്നായിരുന്നു. 1955-ൽ ഇന്ത്യയിലെ ആദ്യത്തെ ടൈപ്പ്‌റൈറ്റർ പുറത്തിറക്കിയതും മറ്റാരുമല്ല.

 

​ഗോദ്റെജ് കുടുംബം

 

1936 ൽ അർദേശിർ ഗോദ്‌റെജ് അന്തരിച്ചു. മക്കളില്ലാതിരുന്ന അദ്ദേഹത്തിന്റെ സഹോദരൻ പിറോജ്ഷ ബുർജോർജിയുടെ മക്കളായ ബർജോർ, സൊറാബ്, ദോസ, നേവൽ എന്നിവരായിരുന്നു ​ഗോദ്റെജ് ഗ്രൂപ്പിന്റെ അടുത്ത അവകാശികൾ. സൊറാബിനും മക്കളില്ലായിരുന്നു. ബർജോര്‍ ഗോദ്റെജിന്റെ മക്കളായ ആദി, നാദിർ, ദോസയുടെ മകൻ റിഷാദ്, നേവലിന്റെ മക്കളായ ജംഷിദ്, സ്മിത എന്നിവരാണ് ഇപ്പോള്‍ കമ്പനി നിയന്ത്രിക്കുന്നത്. അടുത്ത തലമുറ ബിസിനസ് ഏറ്റെടുക്കുന്ന അവസരത്തിലാണ് 127 വർഷത്തെ പാരമ്പര്യമുള്ള ബിസിനസ് വിഭജിക്കാന്‍ തീരുമാനിച്ചത്.

 

റിഷാദിന് കുട്ടികളില്ലാത്തതിനാൽ ആദിയുടെ മക്കളായ തന്യ, നിസാബ, പിറോജ്ഷ, നാദിറിന്റെ മക്കളായ സൊറാബ്, ബുർജീസ്, ഹോർമാസ്ദ്, ജംഷിദിന്റെ മക്കളായ റെയ്ക്ക, നവ്റോസ്, സ്മിതയുടെ മക്കളായ ഫ്രീയാൻ, നൈരിക എന്നിവർ ​ഗോദ്റേജ് ഗ്രൂപ്പിന്റെ വിവിധ ബിസിനസുകൾ കൈകാര്യം ചെയ്യും.

 

വിഭജനം ഇങ്ങനെ

 

​ഗോദ്റെജിന്റെ മൂന്നാം തലമുറയില്‍പ്പെട്ട, ബർജോറിന്റെ മക്കളായ ആദിയും നാദിറും നേവലിന്റെ മക്കളായ ജംഷിദ്, സ്മിത എന്നിവരുമാണ് ബിസിനസ് സാമ്രാജ്യം വിഭജിക്കാൻ ധാരണയിലെത്തിയത്. സഹോദരങ്ങളായ ജംഷിദ് ഗോദ്‌റേജിനും സ്മിത കൃഷ്ണനും ഗോദ്‌റെജ് ആൻഡ് ബോയ്‌സ് മാനുഫാക്ചറിംങ് കമ്പനി ലിമിറ്റഡ് ലഭിക്കും. എയ്‌റോസ്‌പേസ്, വ്യോമയാനം, പ്രതിരോധം, എൻജിൻ, മോട്ടോറുകൾ, കൺസ്ട്രക്ഷൻ, ഫർണിച്ചർ, സോഫ്റ്റ്‌വെയർ, ഐടി തുടങ്ങിയ മേഖലകളിൽ പ്രവർ‌ത്തിക്കുന്ന ലിസ്റ്റ് ചെയ്യാത്ത കമ്പനിയാണ് ഗോദ്‌റെജ് ആൻഡ് ബോയ്‌സ് മാനുഫാക്ചറിങ് കമ്പനി ലിമിറ്റഡ്. ഗോദ്‌റെജ് എന്റർപ്രൈസസ് ഗ്രൂപ്പിന് കീഴിലാകും ഇത് പ്രവർത്തിക്കുക. സ്മിതയുടെ മകളായ നൈരിക ഹോൾക്കർ ഈ വിഭാഗത്തിന്റെ നിയുക്ത എക്‌സിക്യൂട്ടീവ് ഡയറക്ടറാണ്. ജംഷിദ് ഗോദ്‌റെജ് ചെയർപേഴ്‌സണും മാനേജിംഗ് ഡയറക്ടറുമായിരിക്കും.

 

​ഗോദ്റെജ് ഇൻഡസ്ട്രീസ് ലിമിറ്റഡ്, ഗോദ്റെജ് പ്രോപ്പർട്ടീസ് ലിമിറ്റഡ്, ഗോദ്റെജ് അഗ്രോവെറ്റ് ലിമിറ്റഡ്, ഗോദ്റെജ് കൺസ്യൂമർ പ്രോഡക്‌ട്‌സ് ലിമിറ്റഡ്, ആസ്‌ടെക് ലൈഫ് സയൻസ് ലിമിറ്റഡ് എന്നീ ലിസ്‌റ്റഡ് കമ്പനികൾ നാദിർ, ആദി ഗോദ്‌റെജ് കുടുംബങ്ങൾക്ക് ലഭിക്കും. ഗോദ്റെജ് ഇൻഡസ്ട്രീസ് ഗ്രൂപ്പിൽ നാദിർ ​ഗോദ്റെജ് അധ്യക്ഷനാകും. 2026 ഓഗസ്റ്റിൽ നാദിറിന്റെ പിൻഗാമിയായി ആദിയുടെ മകൻ പിറോജ്ഷ എക്‌സിക്യൂട്ടീവ് വൈസ് ചെയർപഴ്‌സണാകും.

 

​ഗോദ്റെജ് ബ്രാൻഡ് നെയിം

 

വിഭജന ശേഷം ഇരു കുടുംബങ്ങള്‍ക്കും സ്വന്തമായ കമ്പനികൾക്കിടയിൽ ആറു വർഷത്തേക്ക് മൽസരമുണ്ടാകില്ല എന്നാണ് കരാർ. റിയൽ എസ്റ്റേറ്റ് ബിസിനസിലൊഴികെ. ഈ കാലയളവിന് ശേഷം ഇരുകൂട്ടര്‍ക്കും പരസ്പരം ബിസിനസ് മേഖലകളില്‍ പ്രവേശിക്കാം. എന്നാൽ ഇവിടെ ​ഗോദ്റെജ് ബ്രാൻഡ് നെയിം ഉപയോ​ഗിക്കാൻ പാടില്ല. അതേസമയം ഗോദ്‌റെജ് ഗ്രൂപ്പ് കമ്പനികളൊന്നും ബ്രാൻഡിന് റോയൽറ്റി നൽകേണ്ടതില്ല. ഏപ്രിൽ 30-ന് കരാര്‍ പ്രാബല്യത്തിലായി.