സർവം ഡിജിറ്റലായ കാലത്ത് ഓൺലൈൻ സാന്നിധ്യമില്ലാതെ, ഒരു പരസ്യം പോലുമില്ലാതെ ഒരു ഫാഷൻ ബ്രാൻഡിന് നിലനിൽപ്പുണ്ടോയെന്ന ചോദ്യത്തിന് ഉത്തരമാകുന്നു സുഡിയോ. വസ്ത്രങ്ങളുടെ വിലക്കുറവുകൊണ്ട് അല്‍ഭുതപ്പെടുത്തിയ സുഡിയോ ശരിക്കും അമ്പരപ്പിച്ചത് ബിസിനസ് സ്ട്രാറ്റജിയിലൂടെയാണ്. കയ്യിൽ ഒരു ഫാഷൻ ബ്രാൻഡ് ഉണ്ടായിരിക്കേ എന്തിന് ടാറ്റ മറ്റൊരു ഫാഷൻ ബ്രാൻഡ് തുടങ്ങി? സാധാരണക്കാരന്റെ ഫാഷൻ മോഹങ്ങളില്‍ ടാറ്റ പുതിയ വിപണി കണ്ടു എന്നാണ് ഇതിനുത്തരം.
ടാറ്റ ഗ്രൂപ്പിന്റെ ട്രെന്റ് ലിമിറ്റഡിന് കീഴിലുള്ള ബ്രാൻഡാണ് സുഡിയോ. 1998 മുതല്‍ ട്രെൻഡിന് ഫാഷൻ, ലൈഫ്സ്റ്റൈൽ മേഖലയിൽ സ്വാധീനമുണ്ട്. 98ലാണ് ടാറ്റ ആദ്യത്തെ വെസ്റ്റ്‌സൈഡ് സ്റ്റോർ ബംഗളൂരുവിൽ ആരംഭിക്കുന്നത്. ഇന്ത്യൻ അർബർ മിഡിൽ ക്ലാസിന്റെ പോക്കറ്റിന് ചേരുന്ന ഫാഷൻ സ്റ്റോർ, അതായിരുന്നു വെസ്റ്റ്സൈഡ്. വെസ്റ്റ്‌സൈഡ് സ്റ്റോറിൽ വിൽക്കുന്ന വസ്ത്രങ്ങളുടെ ശരാശരി വില 1,500 രൂപയായിരുന്നു. സാധാരണക്കാരന്റെ കണ്ണിൽ അതത്ര ചെറിയ തുകയല്ല. ഈയൊരു കാരണം കൊണ്ട് ചെറിയ നഗരങ്ങളിൽ വെസ്റ്റ്‌സൈഡ് സ്റ്റോറുകൾ വിജയിച്ചില്ല. ഇതാണ് സുഡിയോയുടെ പിറവിക്ക് വഴിയൊരുക്കിയത്.
അഞ്ച് ശതമാനം ഉപഭേക്താക്കള്‍ ഇന്ത്യയില്‍ പ്രീമിയം വസ്ത്രങ്ങൾ വാങ്ങുന്നത് മാത്രമാണ്. 95 ശതമാനം പേരുടെയും തിരഞ്ഞെടുപ്പില്‍ വിലക്കുറവ് പ്രധാന ഘടകമാണ്. അങ്ങനെയാണ് 2016ൽ ബെംഗളൂരുവിൽത്തന്നെ ആദ്യ സുഡിയോ സ്റ്റോര്‍ തുറക്കുന്നത്. ടിയർ 3, ടിയർ 4 നഗരങ്ങളിലായിരുന്നു സുഡിയോയുടെ ഫോക്കസ്. വില ആയിരത്തില്‍ താഴെ മാത്രം. അതോടെ ഇടത്തരക്കാരും അതിലും താഴെ വരുമാനമുള്ളവരും സുഡിയോയെ ഏററെടുത്തു.
പടരുന്ന സുഡിയോ സ്റ്റോറുകള്‍
ആദ്യത്തെ രണ്ടുവർഷം സുഡിയോയുടെ വളർച്ച പതുക്കെയായിരുന്നു. ഏഴ് സ്റ്റോറുകൾ മാത്രമാണ് ഉണ്ടായിരുന്നത്. കുറഞ്ഞ വില ക്ലിക്കായെന്ന് മനസിലായതോടെചെറിയ നഗരങ്ങൾ കേന്ദ്രീകരിച്ച് സുഡിയോ ഒരു മിന്നലാക്രമണം തന്നെ നടത്തി. കഴിഞ്ഞ സാമ്പത്തിക വർഷം മാത്രം 119 സ്‌റ്റോറുകൾ തുറന്നു. 20 വർഷം കൊണ്ടാണ് വെസ്റ്റസൈഡ് 100 സ്‌റ്റോറുകൾ തുറന്നതെന്നോര്‍ക്കണം. ഇന്ന് ആകെ വെസ്റ്റ്സൈഡ് സ്റ്റോറുകളുടെ എണ്ണം 232. സുഡിയോ സ്റ്റോറുകളാകട്ടെ ഇരട്ടിയിലേറെ. കൃത്യമായി പറഞ്ഞാല്‍ 545 എണ്ണം.
വളർച്ചയെന്നാൽ ഇതാണ്, കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ മാത്രം സുഡിയോ 46 പുതിയ നഗരങ്ങളിലെത്തി. 48 നിലവിലുള്ള നഗരങ്ങളിൽ സാന്നിധ്യം ശക്തമാക്കി. സുഡിയോ വളരുമ്പോൾ ഓരോ മിനിറ്റിലും 90 ടി-ഷർട്ടുകളാണ് വിൽപ്പന നടക്കുന്നതെന്ന് ട്രെൻഡിന്റെ വാർഷിക റിപ്പോർട്ട് പറയുന്നു. ഓരോ മണിക്കൂറിലും 20 ജോഡി ഡെനിമുകൾ, 19 സുഗന്ധദ്രവ്യങ്ങൾ, 17 ലിപ്സ്റ്റിക്കുകൾ എന്നിങ്ങനെയാണ് സുഡിയോയുടെ വിൽപ്പന.
പരമാവധി ഉപയോഗപ്പെടുത്തുക
കാര്യം ഇങ്ങനെയാണെങ്കിലും കുറഞ്ഞ വിലയ്ക്ക് വില്‍ക്കുന്നതുകൊണ്ട് സുഡിയോ സ്റ്റോറിൽ വെസ്റ്റ്സൈഡിനെക്കാള്‍ ലാഭം കുറവാണ്. ഇവിടെ സുഡിയോ അടുത്ത തന്ത്രം പുറത്തെടുത്തു. സെയിൽസ് ഡെൻസിറ്റി ഉയർത്തുക. അതായത്, ഒരു സ്റ്റോറിൽ ഒരു ചതുരശ്ര അടിക്ക് എത്ര വരുമാനം ഉണ്ടാകുന്നു എന്നത്. ഇന്ന് സുഡിയോയില്‍ ഓരോ ചതുരശ്ര അടിക്കും ഏകദേശം 18,000 രൂപ വരുമാനമുണ്ട്. വെസ്റ്റ്‌സൈഡില്‍ ഇത് 12,000 രൂപ മാത്രമാണ്. ടാറ്റ ട്രെന്റിന്റെ ഫാഷന്‍ ഫ്ലാഗ്ഷിപ്പ്, വെസ്റ്റ്സൈഡില്‍ നിന്ന് സുഡിയോ ആയി മാറിയിരിക്കുന്നു എന്ന് ചുരുക്കം.
3,298 കോടി രൂപയാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ അവസാനപാദം ടാറ്റ ട്രെന്റ് നേടിയ വരുമാനം. വസ്ത്രവിപണിയില്‍ മാന്ദ്യം പ്രതീക്ഷിച്ച സമയത്തും ട്രെന്റ് പോസിറ്റീവായി തുടരുന്നതിന് ഒറ്റക്കാരണം സുഡിയോ ആണ്. വാര്‍ഷിക വരുമാന വളര്‍ച്ച 53 ശതമാനം. ലാഭത്തിലുണ്ടായ വര്‍ധന 1200 ശതമാനം. ആകെ നേടിയ ലാഭം 712 കോടി രൂപ. ട്രെൻ്റിന്റെ അനുബന്ധ സ്ഥാപനമായ ബുക്കർ ഇന്ത്യ ലിമിറ്റഡിൻ്റെ പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ ഫിയോറ ഹൈപ്പർമാർക്കറ്റ് ലിമിറ്റഡിൻ്റെ കീഴിലാണ് സുഡിയോ പ്രവർത്തിക്കുന്നത്. ഈ കമ്പനി 2024 സാമ്പത്തിക വർഷത്തിൽ നേടിയ മൊത്ത വരുമാനം 192.33 കോടി രൂപയാണ്. മുൻ വർഷത്തെ മൊത്തം വരുമാനം 187.25 കോടി രൂപയിൽ നിന്നാണ് ഈ വർധനവ്.
ആർക്കുവേണ്ടി?
ഉല്‍പ്പന്നങ്ങള്‍ ചെറിയ വിലയ്ക്ക് വിറ്റിട്ടും സുഡിയോ വിജയിച്ചതിനു പിന്നിൽ മറ്റു ചില ഘടകങ്ങള്‍ കൂടിയുണ്ട്. ആർക്കുവേണ്ടി എന്ന ചിന്തയാണ് ഒന്നാമത്തേത്. ജെൻ സെഡിന്റെ ഫാഷനെയാണ് സുഡിയോ പ്രതിനിധീകരിക്കുന്നത്. ഫാഷന്‍ ട്രെന്‍ഡുകള്‍ പിന്തുടരാൻ ആഗ്രഹിക്കുന്ന, എന്നാൽ അധികം പണം കയ്യിലില്ലാത്ത കൂട്ടരാണ് സുഡിയോയുടെ ഉപഭോക്താക്കൾ. ഇവരാണ് പ്രധാന ഫോക്കസ്. വലിയ അളവിലുള്ള പ്രൊഡക്ഷനാണ് മറ്റൊരു സ്മാർട്ട് സ്ട്രാറ്റജി. ഇതിലൂടെ വന്‍തോതില്‍ ചെലവ് കുറയ്ക്കാനും കഴിയും. സ്റ്റോക്ക് പുതുക്കുന്നതിൽ സുഡിയോയുടെ വേഗവും റീട്ടെയിൽ രംഗത്ത് ശ്രദ്ധേയമാണ്. ഓരോ 15 ദിവസം തോറും സുഡിയോയില്‍ പുതിയ സ്റ്റോക്ക് എത്തുന്നു.
സുഡിയോയുടെ പ്രവർത്തനം പൂർണമായും ഫ്രാഞ്ചൈസി രീതിയിലാണ്. ഫ്രാഞ്ചൈസി ഓൺഡ് കമ്പനി ഓപ്പറേറ്റഡ് രീതിയിൽ, ഫ്രാഞ്ചൈസികൾ സ്റ്റോറിനായി നിക്ഷേപിക്കുകയും ടാറ്റ ട്രെൻഡ് സ്റ്റോർ കൈകാര്യം ചെയ്യുന്നതുമാണ് രീതി. ഇവിടെ ടാറ്റയ്ക്ക് ചെലവാക്കേണ്ട മൂലധനം കുറവാണ് എന്നതിനാൽ വളർച്ച വേഗത്തിലാക്കി. മറ്റൊന്നാണ് സ്ഥാനം. സുഡിയോ എവിടെ ആരംഭിക്കുന്നു എന്നത് പ്രധാനപ്പെട്ടതാണ്. തിരക്കേറിയ റിയൽ എസ്റ്റേറ്റ് വില ഉയർന്നിടത്ത് നിന്ന് മാറി, വില കുറഞ്ഞ സ്ഥലങ്ങളിലാണ് സുഡിയോ ശ്രദ്ധകേന്ദ്രീകരിക്കുന്നത്. പറഞ്ഞറിയുക എന്ന പാരമ്പര്യ തന്ത്രമാണ് അടുത്തത്. ഇ-കോമേഴ്‌സ് സാന്നിധ്യമില്ലാതെ, പരസ്യമില്ലാതെ സുഡിയോ ഈ വിജയം നേടിയതിന് കാരണം പറഞ്ഞറിഞ്ഞുള്ള മാർക്കറ്റിഗാണ്. ഈ മൗത്ത് പബ്ലിസിറ്റി ഒരു ഉപഭോക്താവിൽ നിന്ന് 10 പേരെ സുഡിയോയിലേക്ക് എത്തിക്കുന്ന തരത്തിലേക്ക് എത്തി. അതാണ് വാക്കിന്റെ ശക്തി. സുഡിയോയുടെയും.