indian-railway
  • സുരക്ഷയ്ക്ക് പ്രധാന്യം നൽകുന്ന പദ്ധതികൾ
  • പാത ഇരട്ടിപ്പിക്കൽ, ട്രാക്കുകളുടെ നവീകരണം
  • 10,000 നോൺ എസി കോച്ചുകൾ നിര്‍മിക്കും
  • പുതിയ മെട്രോ നെറ്റ് വർക്ക്, നമോഭാരത് കോറിഡോർ, വന്ദേഭാരത് ട്രെയിനുകൾ

കേന്ദ്ര ബജറ്റ് ഒരുങ്ങുമ്പോൾ പ്രധാന പരിഗണന പ്രതീക്ഷിക്കുന്നൊരിടമാണ് റെയിൽവേ. ഓരോ സാമ്പത്തിക വർഷത്തിലും ബജറ്റിൽ റെയിൽവേയ്ക്കുള്ള വിഹിതം ഉയരുന്നുണ്ടെങ്കിലും ഇത്തവണ യാത്രക്കാരുടെ സുരക്ഷയ്ക്കും പാളങ്ങളുടെ അറ്റകുറ്റപണി, സുരക്ഷ എന്നിവയ്ക്കും വലിയ നീക്കിയിരിപ്പാണ് പ്രതീക്ഷിക്കുന്നത്. 2023-24 സാമ്പത്തിക വർഷത്തിൽ റെയിൽവേയുടെ വിഹിതം 2.40 ലക്ഷം കോടി രൂപയായിരുന്നു. 2013-14 വച്ച് പരിഗണിക്കുമ്പോൾ 2023-24 ൽ 9 മടങ്ങ് ഉയർച്ചയാണുണ്ടായത്. 2024-25 ഇടക്കാല ബജറ്റിൽ 2.50 ലക്ഷം കോടിയാണ് വകയിരുത്തിയത്. ജൂലൈ 23 ന് നിര്‍മലാ സീതാരാമന്‍ ബജറ്റ് അവതരിപ്പിക്കുമ്പോള്‍ സാധാരണ ജനങ്ങളെ പരിഗണിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

അടിക്കടിയുണ്ടാകുന്ന ട്രെയിൻ അപകടങ്ങൾ റെയിൽവേയെ ആധുനിക വൽക്കരിക്കാനുള്ള സർക്കാർ ശ്രമങ്ങൾക്ക് തിരിച്ചടിയാണ്. കഴിഞ്ഞ ദിവസം ഉത്തർപ്രദേശിലെ ഗോണ്ടയിൽ ട്രെയിൻ പാളംതെറ്റി മൂന്ന് പേർ മരിച്ചിരുന്നു. 2023 ജൂണിൽ ഒഡീഷയിലെ ബാലസോർ തീവണ്ടിയപകടത്തിൽ 295 പേരാണ് മരിച്ചത്. ഈ അനുഭവം മുന്നിലുള്ളതിനാൽ സുരക്ഷയ്ക്ക് പ്രധാന്യം നൽകുന്ന പദ്ധതികൾ ബജറ്റിലുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

സുരക്ഷയ്ക്ക് പ്രാധാന്യം

ബിജെപിയുടെ പ്രകടന പത്രിക പ്രകാരം കൂടുതൽ യാത്രക്കാരെ ഉൾക്കൊള്ളുന്നതിനും ചരക്ക് ഗതാഗതം ഉറപ്പാക്കുന്നതിനും പുതിയ ട്രാക്ക് നിർമാണം,  ബുള്ളറ്റ് ട്രെയിൻ, മെട്രോ ട്രെയിൻ എന്നിവയുടെ വികസനം, റെയിൽവേ സ്റ്റേഷനുകളുടെ ആധുനികവൽക്കരണം എന്നിവ ഉറപ്പുനൽകുന്നുണ്ട്. പാത ഇരട്ടിപ്പിക്കൽ, ട്രാക്കുകളുടെ നവീകരണം എന്നിവയ്ക്കുള്ള വിഹിതം ഉയർത്തും. കവച് സംവിധാനം വ്യാപിപ്പിച്ച് സിഗ്നലിങ് സംവിധാനം ശക്തിപ്പെടുത്തുന്നതിന് കൂടുതൽ തുക വകയിരുത്തിയേക്കാം. 50 ലക്ഷം രൂപയാണ് കിലോമീറ്ററിന് ചെലവ് വരുന്നത്. ഇതിനൊപ്പം ജീവനക്കാരെ പരിശീലനം, യാത്രക്കാരെ ബോധവൽക്കരണം അടക്കം ബജറ്റിൽ പ്രതീക്ഷിക്കുന്നു. 

ലോക്കോ പൈലറ്റുമാരുടെ കുറവ് കാലങ്ങളായി ജീവനക്കാരുന്നയിക്കുന്ന പ്രശ്നമാണ്. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയടക്കം ഈ വിഷയത്തിൽ ഈയിടെ ഇടപെട്ടിരുന്നു. 18000 അസിസ്റ്റൻറ് ലോക്കോ പൈലറ്റുമാരെ ഈ സാമ്പത്തിക വർഷം നിയിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കിയിരുന്നു. അതിനാൽ ശമ്പളം, പെൻഷൻ ചെലവുകൾക്കുള്ള വിഹിതവും ഉയർത്തും.

യാത്ര സുഖം ഉയരും

2030 ഓടെ വെയിറ്റിങ് ലിസ്റ്റ് പൂർണമായും ഒഴിവാക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യൻ റെയിൽവെ. പ്രതിദിനം 10,754 ട്രിപ്പുകളാണ് ഇന്ത്യൻ റെയിൽവെ നടത്തുന്നത്. വർഷത്തിൽ 700 കോടി യാത്രക്കാരെ വഹിക്കുന്നു. ഇത് 2030 ഓടെ 1,000 കോടി യാത്രക്കാരിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ സാഹചര്യത്തിൽ വെയിറ്റിങ് ലിസ്റ്റ് ഇല്ലാതാക്കാൻ പ്രതിദിനം 3,000 ത്തിലധികം ട്രെയിൻ ട്രിപ്പുകൾ അധികമായി നടത്തേണ്ടതുണ്ട്. 10,000 നോൺ എസി കോച്ചുകൾ നിർമിക്കുമെന്നുള്ള കേന്ദ്ര റെയിൽവെ മന്ത്രി അശ്വിനി വൈഷ്ണവിൻറെ പ്രഖ്യാപനം ഇതിനൊപ്പം കൂട്ടിവായിക്കാം.  ശേഷി വർധിപ്പിച്ച് പൊതുജനങ്ങൾക്ക് സൗകര്യങ്ങളൊരുക്കാൻ ബജറ്റിൽ വലിയൊരു തുക മാറ്റിവെച്ചേക്കാം എന്നാണ് പ്രതീക്ഷിക്കുന്നത്. കോവിഡോടെ പിൻവലിച്ച മുതിർന്ന പൗരന്മാരുടെ യാത്ര ഇളവിൽ ചെറിയ മാറ്റങ്ങൾ വരുത്താൻ മന്ത്രാലയം തയ്യാറാകുമെന്നും സൂചനയുണ്ട്. 

വമ്പൻ പദ്ധതികൾ

11 ലക്ഷം കോടി രൂപയുടെ റെയിൽവേ ഇടനാഴി പദ്ധതികൾ സർക്കാറിൻറെ പരിഗണനയിലാണെന്ന് ഇടക്കാല ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. നിലവിൽ പ്രാരംഭ ഘട്ടത്തിലുള്ള ഏകദേശം 400 പദ്ധതികൾ ഉൾപ്പെടുന്നതാണിത്. ഇവ യൂണിയൻ ബജറ്റിൽ ഉൾപ്പെടുത്തും. മെട്രോ നെറ്റ് വർക്ക്, നമോഭാരത് കോറിഡോർ, വന്ദേഭാരത് ട്രെയിനുകൾ വ്യാപിപ്പിക്കൽ, ഹൈ സ്പീഡ് കോറിഡോർ വികസനം. ഇക്കണോമിക് കോറിഡോർ എന്നിവയും ബജറ്റ് പ്രഖ്യാപനങ്ങളായേക്കാം. യാത്രക്കാരുടെ ശേഷി, സുരക്ഷ എന്നിവ ഉറപ്പാക്കുന്നതിന് പ്രാധാന്യം കൊടുക്കുന്ന ബജറ്റായതിനാൽ കോച്ചുകളുടെ സുരക്ഷ വർധിപ്പിക്കും. നിലവിലുള്ളവയുടെ അപ്ഗ്രഡേഷനോ വന്ദേഭാരത് മെട്രോ, ചെയർ കാർ/സ്ലീപ്പർ ട്രെയിനുകളോ വരും. പുതിയ റൂട്ടുകളിലേക്ക് വന്ദേഭാരത് ട്രെയിനുകളുടെ വ്യാപിക്കുന്നതും നമോഭാരത് ട്രെയിനുകൾ ദീർഘിപ്പിക്കുന്നതും പ്രഖ്യാപനങ്ങളാകാൻ സാധ്യതയുണ്ട്. മുംബൈ– അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതിക്കായി നാഷണൽ ഹൈസ്പീഡ് റെയിൽ കോർപ്പറേഷന് ഉയർന്ന വിഹിതം വരും

ENGLISH SUMMARY:

Union Budget 2024; Indian Railway Expecting More Fund For Upgrading Safety And Increasing Passenger Capacity; Here's Some Budget Expectations.