കോടികളിട്ട് കോടികൾ കൊയ്യുന്ന മായാജാലം. അതാണ് ഐപിഎൽ.  ടീം മാനേജുമെൻറുകൾ മിക്കതും നഷ്ടം നികത്തി പുതിയ സീസണിലേക്ക് കടക്കുകയാണ്. ‌മുംബൈ ഇന്ത്യൻസും ബെംഗളുരു റോയൽ ചലഞ്ചേഴ്സും, ലഖ്നൗ സൂപ്പർ ജെയ്ന്റ്സും മുൻ വർഷത്തെ നഷ്ടത്തിൽ നിന്ന് കരകയറി. ടിക്കറ്റും സ്പോൺസർഷിപ്പുമെല്ലാമുണ്ടെങ്കിലും  ബിസിസിഐയുടെ സെൻട്രൽ പൂളാണ്  ടീമുകളുടെ പ്രധാന വരുമാന സ്രോതസ്. ഐപിഎൽ മീഡിയ റൈറ്റ്സ് വിറ്റ് ലഭിക്കുന്ന പണമാണ് ബിസിസിഐയുടെ സെൻട്രൽ പൂളിൽ പ്രധാനമായും എത്തുന്നത്. ഇതാണ് ഐപിഎൽ ടീമുകൾക്കിടയിൽ വിതരണം ചെയ്യുന്നതും. എന്തായാലും താരമൂല്യവും  പണക്കൊഴുപ്പും തന്നെ ഇന്ത്യൻ പ്രീമിയർലീഗിൻറെ  തിളക്കത്തിനിടിസ്ഥാനം. 

മുംബൈ ഇന്ത്യൻസ് 

റിലയൻസ് ഇൻഡസ്ട്രീസിൻറെ സബ്സിഡറിയായ ഇന്ത്യവിൻ സ്പോർട്സാണ് മുംബൈ ഇന്ത്യൻസിന്റെ ഉടമകൾ. 2023-24 സാമ്പത്തിക വർഷം കമ്പനിയുടെ വരമാനം 737 കോടി രൂപയാണ്. 2022-23 സാമ്പത്തിക വർഷം ഇത് 359 കോടി രൂപയായിരുന്നു. നഷ്ടത്തിൽ നിന്ന് കമ്പനി ലാഭത്തിലേക്ക് മാറുന്നതും കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ കണ്ടു.  2022-23 വർഷത്തിലെ നാല് കോടി രൂപ നഷ്ടം മറികടന്ന് 11 കോടി രൂപയായി കമ്പനിയുടെ ലാഭം. വരുമാനത്തിൻറെ നാലിൽ മൂന്ന് ഭാഗവും സെൻട്രൽ പൂളിൽ നിന്നാണ്. 22 ശതമാനം ടിക്കറ്റ് വിൽപ്പനയിലൂടെ ലഭിച്ചതെന്ന് റിലയൻസ് ഇൻഡസ്ട്രീസിന്റെ വാർഷിക റിപ്പോർട്ടിൽ പറയുന്നു.  

റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു

യുണൈറ്റഡ് സ്പിരിറ്റ്സിന്റെ ഐപിഎൽ ടീമാണ് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു. ആർസിബിയിൽ നിന്ന് യുണൈറ്റഡ് സ്പിരിറ്റ്സ് കഴിഞ്ഞ സാമ്പത്തിക വർഷമുണ്ടാക്കിയ ലാഭം 650 കോടി രൂപയാണ്. 163 ശതമാനത്തിന്റെ വർധനവ്. നഷ്ടത്തിൽ നിന്ന് ലാഭത്തിലേക്ക് മാറാനും കഴിഞ്ഞ വർഷം സാധിച്ചു. 222 കോടി രൂപയാണ് ആർസിബിയുടെ ലാഭം. 2022-23 സാമ്പത്തിക വർഷത്തെ 15 കോടി രൂപ നഷ്ടത്തിൽ നിന്നാണ് ലാഭത്തിലേക്ക് എത്തിയത്. ഇതിന് പിന്നിലും സെൻട്രൽ റൈറ്റ്സിൽ നിന്നുള്ള പണമാണ്. 

ലഖ്നൗ സൂപ്പർ ജെയ്ന്റ്സ്

സഞ്ജീവ് ​ഗോയങ്കെയുടെ ആർപിഎസ്ജി വെഞ്ചേഴ്സിന് കീഴിലുള്ള ആർപിഎസ്ജി സ്പോർട്സ് പ്രൈവറ്റ് ലിമിറ്റഡാണ് ലഖ്നൗ സൂപ്പർ ജെയ്ന്റ്സിനെ നിയന്ത്രിക്കുന്നത്. ബിസിസിഐയുടെ സെൻട്രൽ പൂളിൽ നിന്ന് 573 കോടി രൂപയാണ് 2023-24 സാമ്പത്തിക വർഷത്തിൽ കമ്പനി നേടിയത്. ടിക്കറ്റ് പരസ്യ വരുമാനത്തിലൂടെ 77 കോടി രൂപയും ലഭിച്ചു. അങ്ങനെ ആകെ വരുമാനം 695 കോടി രൂപയായി ഉയർന്നു. 2022-23 സാമ്പത്തിക വർഷത്തിൽ 243 കോടി രൂപയായിരുന്നു കമ്പനിയുടെ നഷ്ടം. ഇത് 59 കോടി ലാഭമാക്കി മാറ്റാനും ബിസിസിഐയുടെ സഹായത്തിലൂടെ സാധിച്ചു. 

ഐപിഎല്ലിന്റെ ഖജനാവ്

സെൻട്രൽ പൂളാണ് ഐപിഎല്ലിൻറെ ഖജനാവ്. സംപ്രേഷണ വരുമാനവും ടൈറ്റിൽ സ്പോൺഷർഷിപ്പ് കരാർ തുകയും,  പുതിയ ടീമുകളെത്തുമ്പോൾ വരുന്ന ഫ്രാഞ്ചൈസി ഫീയും അടങ്ങുന്നതാണ്  സെൻട്രൽ പൂൾ. ഇതിൽ 50 ശതമാനം ബിസിസിഐ നിലനിർത്തും. 45 ശതമാനം ഫ്രാഞ്ചൈസികൾക്കായി വീതിക്കും. ബാക്കിയുള്ളത് പ്ലേഓഫിലെത്തുന്ന നാല് ടീമുകൾക്കുള്ള സമ്മാന തുകയ്ക്കായി മാറ്റിവയ്ക്കും. 2023-2027 സീസണിലേക്കുള്ള ഐപിഎൽ സംപ്രേഷണാവകാശം 48,390 കോടി രൂപയ്ക്കാണ് ബിസിസിഐ വിറ്റത്.  ടാറ്റയാണ് ഐപിഎല്ലിന്റെ ടൈറ്റിൽ സ്പോൺസർ. 2024-2028 വരെ ടൈറ്റിൽ സ്പോൺസർഷിപ്പ് നിലനിർത്താൻ ടാറ്റ 2,500 കോടി രൂപയാണ് നൽകിയതെന്നാണ് റിപ്പോർട്ട്

ENGLISH SUMMARY:

Indian Premier League teams earn crores from BCCI. Mumbai Indias, Royal Challengers Banglore and Lucknow Super Gaints covered their losses.