bsnl

TOPICS COVERED

4ജി നെറ്റ്‍വർക്ക് ശക്തിപ്പെടുത്തുന്നതിന് ബിഎസ്എൻഎല്ലിന് 6,000 കോടി രൂപ അനുവദിക്കാൻ കേന്ദ്രസർക്കാർ. 4ജി സേവനങ്ങളുടെ അപര്യാപ്തതയെ തുടർന്ന് ഉപഭോക്താക്കളെ നഷ്ടപ്പെടുന്നതിനിടെയാണ് സർക്കാർ സഹായം. അനുമതിക്കായി ടെലികോം മന്ത്രാലയം ഉടൻ മന്ത്രിസഭയെ സമീപിച്ചേക്കും.

1 ലക്ഷം 4ജി സൈറ്റുകൾക്കായി കഴിഞ്ഞ വർഷം ബിഎസ്എൽഎൽ 19,000 കോടി ചെലവ് കണക്കാക്കിയിരുന്നു. ടാറ്റ കൺസൾട്ടൻസി സർവീസും പൊതുമേഖലയിലുള്ള ടെലികോം ഉപകരണ നിർമാണ കമ്പനിയായ ഐടിഐയും ചേർന്നുള്ള സംരംഭത്തിന് 13,000 കോടി രൂപയുടെ കരാറാണ് നൽകിയത്. ഇതിനുള്ള ബാക്കി തുകയായി 6,000 കോടി വിനിയോ​ഗിക്കുമെന്നാണ് റിപ്പോർട്ട്. 2019 മുതൽ 3.22 ലക്ഷം കോടി രൂപയാണ് സർക്കാർ പൊതുമേഖലാ ടെലികോം കമ്പനികളായ ബിഎസ്എൻഎല്ലിനും എംടിഎൻഎല്ലിനും 4ജി സേവനങ്ങൾക്കായി അനുവദിച്ചത്. 2021 സാമ്പത്തിക വർഷം മുതൽ കമ്പനികൾ പ്രവർത്തന ലാഭം കൈവരിച്ചതായും സർക്കാർ വ്യക്തമാക്കി. 

നിലവിൽ 22,000 ബേസ് സ്റ്റേഷനുകളിലായി വളരെ കുറച്ച് ബിഎസ്എൻഎൽ ഉപഭോക്താക്കൾക്ക് മാത്രമാണ് 4ജി സേവനങ്ങൾ ലഭിക്കുന്നത്. 1 ലക്ഷം സൈറ്റുകൾ ലഭ്യമാക്കുന്നതോടെ രാജ്യവ്യാപകമായി 4ജിയാണ് ബിഎസ്എൻഎൽ ലക്ഷ്യം. ഇത് 2025 മാർച്ചോടെ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നേരത്തെ 2024 ദീപാവലിക്ക് 4ജി ലഭ്യമാക്കുമെന്നായിരുന്ന ബിഎസ്എൻഎല്ലിന്റെ വാ​ഗ്ദാനം.  

4ജി സേവനം വൈകുന്നതിനാൽ വരിക്കാരുടെ കൊഴിഞ്ഞുപോക്ക് ബിഎസ്എൻഎല്ലിൽ വ്യാപകമാണ്. 2022 ഡിസംബറിൽ ആകെ വരിക്കാരുടെ 10.72 ശതമാനം വിഹിതമുണ്ടായിരുന്ന ബിഎസ്എൻഎല്ലിന് 2024 ജൂണിൽ ഇത് 7.33 ശതമാനമായി കുറഞ്ഞു. ഇതേകാലയളവിൽ, ജിയോ വരിക്കാർ 35.06 ശതമാനത്തിൽ നിന്ന് 40.71 ശതമാനമായി വ‌‌ർധിച്ചു. എയർടെൽ 29.24 ശതമാനത്തിൽ നിന്ന് വിപണി വിഹിതം 33.23 ശതമാനമാക്കി ഉയർത്തി. 

ENGLISH SUMMARY:

BSNL get 6,000 crore from government to strengthen 4G network