ജൂലായ്- സെപ്റ്റംബർ പാദത്തിൽ ജിയോയിൽ നിന്നും 1.09 കോടി വരിക്കാർ കൊഴിഞ്ഞു പോയി. താരിഫ് പ്ലാനുകളുടെ വില വർധിപ്പിക്കാനുള്ള തീരുമാനമാണ് ജിയോയ്ക്ക് തിരിച്ചടിയായത്. ജൂൺ പാദത്തിലെ 48.97 കോടി ഉപഭോക്താക്കളിൽ നിന്നും മൂന്ന് മാസം കൊണ്ട് 47.88 കോടിയിലേക്ക് ഉപഭോക്താക്കളുടെ എണ്ണമെത്തി.
അതേസമയം വരിക്കാരുടെ കൊഴിഞ്ഞുപോക്ക് കമ്പനിയുടെ പ്രകടനത്തിൽ കാര്യമായ പ്രശ്നമുണ്ടാക്കിയില്ല. 17 ദശലക്ഷം 5ജി വരിക്കാരെ ജിയോ ഈ പാദത്തിൽ കൂട്ടിച്ചേർത്തു. ഇതോടെ 5ജി വരിക്കാരുടെ എണ്ണം 130 ദശലക്ഷത്തിൽ നിന്നും 147 ദശലക്ഷമാക്കി ഉയർത്താൻ ജിയോയ്ക്കായി. ഉപഭോക്താവിൽ നിന്നും ലഭിക്കുന്ന വരുമാനം 181.7 രൂപയിൽ നിന്നും 195.1 രൂപയായി വർധിക്കുകയും ചെയ്തു. വർധനയോടെ 6,536 രൂപയാണ് ജിയോ റിപ്പോർട്ട് ചെയ്ത ലാഭം.
ഓപ്പൺ സിഗ്നലിൻ്റെ സമീപകാല റിപ്പോർട്ട് അനുസരിച്ച് നെറ്റ്‌വർക്ക് വേഗത, കവറേജ്, സ്ഥിരത എന്നീ മൂന്ന് പ്രധാന മേഖലകളിൽ ജിയോയ്ക്കാണ് ആധിപത്യം. ജിയോയുടെ ഡൗൺലോഡ് വേഗത 89.5 എംബിപിഎസ് ആണ്. രണ്ടാം സ്ഥാനത്തുള്ള എയർടെലിന് 44.2 എംബിപിഎസാണ് വേഗത. വിഐയ്ക്കിത് 16.9 എംബിപിഎസ് മാത്രമാണ്. ജിയോയുടെ വേഗത എയർടെലിനേക്കാൾ ഇരട്ടിയിലധികമാണ്.
ജൂലായ് മാസം മുതലാണ് രാജ്യത്ത് മൊബൈൽ താരിഫ് ഉയർത്തിയത്. റിലയൻസ് ജിയോയാണ് വില വർധനയ്ക്ക് തുടക്കമിട്ടത്. പിന്നാലെ എയർടെലും വോഡഫോൺ–ഐഡിയയും മൊബൈൽ നിരക്ക് വർധിപ്പിച്ചു. റിലയൻസ് ജിയോ 12.5% മുതൽ 25% വരെ വർധനയാണു വിവിധ പ്ലാനുകളിൽ വരുത്തിയത്.
എയർടെൽ 12 മുതൽ 15% വർധനയാണ് പല പ്ലാനുകളിലും വരുത്തിയിരിക്കുന്നത്. വോഡഫോൺ–ഐഡിയയുടെ പ്ലാനുകളിൽ 10 മുതൽ 21% വർധനയാണ് വരുത്തിയത്.