പെട്രോളിന് വില കൂടിക്കൊണ്ടിരിക്കുന്നില്ലെങ്കിലും വില 105 രൂപ എന്ന ഉയരത്തില്‍ നില്‍ക്കുകയാണ്. ഇവിടെയാണ് പെട്രോള്‍ ലിറ്ററിന് 15 രൂപയ്ക്ക് ലഭിക്കുമെന്ന കാര്യം പറയുന്നത്. പറയുന്നത് വേറെയാരുമല്ല കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയാണ്. പെട്രോളും എഥനോളും കലര്‍ത്തിയുള്ള ഫ്ളെക്സ് ഫ്യുവലിന്‍റെ കാര്യം മന്ത്രി നിതിന്‍ ഗഡ്കരി ഇടയ്ക്കിടെ ഓര്‍മിപ്പിക്കുന്നുണ്ട്.
പെട്രോളിൽ 60 ശതമാനം വരെ എഥനോൾ ബ്ലെൻഡ് ചെയ്താൽ വില ലിറ്ററിന് 15 രൂപ വരെ താഴ്ത്താൻ സാധിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്. ഗതാഗത സംവിധാനങ്ങളിലേക്ക് ജൈവ ഇന്ധനങ്ങള്‍ വിജയകരമായി ഉപയോഗിച്ച ബ്രസീലിന്‍റെ മാതൃകയമാണ് ഇന്ത്യയ്ക്ക് മുന്നിലുള്ളത്. എഥനോള്‍ കലര്‍ത്തിയ ഇന്ധനം പരിസ്ഥിതിക്കും, കർഷകർക്കും ഒരുപോലെ മെച്ചമാണ്. എന്നാല്‍ എന്ന് ഇന്ത്യക്കാര്‍ക്ക് ഈ സൗഭാഗ്യം ലഭിക്കുക?.
ഇന്ത്യ എഥനോള്‍ ബ്ലെന്‍ഡ് ചെയ്ത പെട്രോളില്‍ പടിപടിയായി മുന്നേറി കൊണ്ടിരിക്കുകയാണ്. 2014 ല്‍ 40,000 ത്തോളം പെട്രോള്‍ പമ്പുകളില്‍ വിറ്റിരുന്ന 10 ശതമാനം എഥനോള്‍ കലര്‍ത്തിയ പെട്രോള്‍ ഇന്ന് ഇന്ത്യയിലെ എല്ലാ പെട്രോള്‍ പമ്പുകളിലും വില്‍പ്പന നടത്തുന്നുണ്ട്. 20 ശതമാനം എഥനോള്‍ കലര്‍ത്തിയ ഇ20 ഇന്ധനം പുതിയ കാലത്തിന്റെ ഇന്ധനമായി മാറികൊണ്ടിരിക്കുകയാണ്. 2025 ഓടെ ഇന്ത്യ 20 ശതമാനം എഥനോള്‍ കലര്‍ത്തിയ പെട്രോള്‍ വില്‍പ്പനയിലേക്ക് കടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വരുന്ന അഞ്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ കൂടുതല്‍ എഥനോള്‍ കലര്‍ത്തിയ പെട്രോളിലേക്ക് ഇന്ത്യ എത്തുമെന്നാണ് വിലയിരുത്തല്‍.
പെട്രോളിൽ 20 ശതമാനത്തിലധികം ഥനോൾ കലർത്തുന്നതിന് ശ്രമിക്കുകയാണെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി ഈയിടെ വ്യക്തമാക്കിയിരുന്നു. പെട്രോളിൽ എഥനോൾ കലർത്തുന്നത് നിലവിൽ 16 ശതമാനമണ്. എഥനോൾ ബ്ലെൻഡഡ് പെട്രോൾ (ഇബിപി) പ്രോഗ്രാമിന് കീഴിൽ 2025 ഓടെ രാജ്യത്തുടനീളം വിൽക്കുന്ന പെട്രോളിൽ 20 ശതമാനം വരെ എത്തനോൾ കലർത്താനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും മന്ത്രി ഡൽഹിയിൽ നടന്ന ഗ്ലോബൽ സസ്‌റ്റൈനബിൾ ടെക്‌നോളജി ആൻഡ് ഇന്നവേഷൻ കമ്മ്യൂണിറ്റി കോൺഫറൻസിൽ പറഞ്ഞിരുന്നു.
എഥനോള്‍ ഇന്ധനം ഇന്ത്യയ്ക്ക് എണ്ണ ഇറക്കമുതി കുറയ്ക്കാന്‍ സഹായിക്കും. സാമ്പത്തികമായി വലിയ ലാഭമുണ്ടാക്കും. 2014-24 കാലഘട്ടത്തില്‍ 1.60 ലക്ഷം കോടി രൂപയുടെ വിദേശ നാണ്യ ശേഖരമാണ് ഇന്ത്യ ലഭിച്ചത്. 544 ലക്ഷം മെട്രിക് ടണ്‍ കാര്‍ബണ്‍ പുറന്തള്ളുന്നത് കുറയ്ക്കാനായി. അസംസ്കൃത എണ്ണയിനത്തില്‍ 181 ലക്ഷം മെട്രിക് ടൺ ലഭിച്ചു. ഡിസ്‍ലറികള്‍ക്ക് 1.5 ലക്ഷം കോടിയും കർഷകര്‍ക്ക് 90,059 കോടി രൂപയുമാണ് എണ്ണ കമ്പനികള്‍ നല്‍കിയത്.
ഇന്ത്യക്കാര്‍ക്ക് പെട്രോള്‍ വിലയില്‍ സൗഭാഗ്യം ലഭിക്കാന്‍ എഥനോള്‍ ഫ്യുവല്‍ എന്‍ജിന്‍ വാഹനങ്ങള്‍ ആവശ്യമാണ്. നിലവില്‍ കമ്പനികള്‍ പുറത്തിറക്കുന്ന വാഹനങ്ങള്‍ എല്ലാം തന്നെ ഇ20 പ്രാപ്തമാണ്. എന്നാല്‍ കൂടുതല്‍ സൗകര്യപ്രദമായ വാഹനങ്ങള്‍ നിര്‍മിക്കാനാണ് മന്ത്രി നിതിന്‍ ഗഡ്കരി വാഹന നിര്‍മാതാക്കളോട് ആവശ്യപ്പെടുന്നത്. ഫ്ലെക്സ് ഫ്യുവല്‍ വാഹനങ്ങള്‍ക്കുള്ള ജിഎസ്ടിയാണ് വാഹന നിര്‍മാതാക്കള്‍ ചൂണ്ടാക്കാട്ടുന്നത്.