പെട്രോൾ, ഡീസൽ വില കുറയുന്നത് നോക്കിയിരുന്നിട്ട് കാര്യമുണ്ടോ? ഇസ്രയേൽ- ഇറാൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ക്രൂഡ് ഓയിൽ വില കുതിക്കുന്നതിനാൽ ഉടനെ രാജ്യത്ത് ഇന്ധന വില കുറയ്ക്കാൻ സാധ്യതയില്ലെന്നാണ് റിപ്പോർട്ട്. ഒരാഴ്ച്ചയ്ക്കിടെ ക്രൂഡ് ഓയിൽ വിലയിൽ ഏഴു ശതമാനത്തിന്റെ വർധനയാണ് ഉണ്ടായത്.
Also Read: വരുന്നത് രണ്ട് ഐപിഒ, ആറു ലിസ്റ്റിങ്; വിപണിയിലെ ചോരപ്പുഴ ലിസ്റ്റിങ് നേട്ടത്തെ ചോർത്തുമോ?
ഈ സാഹചര്യത്തിൽ ഉടനെ ഇന്ധന വില കുറയ്ക്കുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണെന്നാണ് സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് ബിസിനസ് ടുഡേ ടിവിയുടെ റിപ്പോർട്ട്. മധ്യേഷയിലെ സംഘർഷങ്ങൾക്ക് പിന്നാലെ വിതരണം തടസപ്പെടുമെന്ന ആശങ്കയിലാണ് ക്രൂഡ് ഓയിൽ വില കുതിക്കുന്നത്.
ബ്രെൻഡ് ക്രൂഡ് ഓയിൽ ബാരലിന് 75 ഡോളറിന് അടുത്താണ് വില. വിതരണത്തിലെ തടസമാണ് വിപണിയിൽ നിലനിൽക്കുന്ന ആശങ്ക. ആഗോള നിക്ഷേപ ബാങ്കായ ഗോൾഡ്മാൻ സാച്ചിന്റെ വിലയിരുത്തൽ പ്രകാരം ഇറാന്റെ ഓയിൽ വിതരണത്തെ സംഘർഷം ബാധിച്ചാൽ ബാരലിന് 20 ഡോളറിന്റെ വില വർധനവുണ്ടാകാം. ഇസ്രയേലിന്റെ തിരിച്ചടി ഇറാന്റെ എണ്ണ മേഖലയിലേക്കാണെങ്കിൽ ആഗോള വിതരണത്തിൽ പ്രതിദിനം 1.50 ദശലക്ഷം ബാരലിന്റെ കുറവാണ് സിറ്റിഗ്രൂപ്പ് കണക്കാക്കുന്നത്.
Also Read: ഒരു ലീറ്റര്‍ പെട്രോള്‍ വിറ്റാല്‍ എണ്ണ കമ്പനികളുടെ ലാഭമെത്ര? ഇന്ധന വിലയില്‍ കാര്യമായ കുറവുണ്ടാകുമോ?
സെപ്റ്റംബർ 11 ന് ബ്രെൻഡ് ക്രൂഡ് വില ബാരലിന് 70 ഡോളറിന് താഴേക്ക് എത്തിയതോടെയാണ് രാജ്യത്ത് പെട്രോൾ, ഡീസൽ വില കുറയ്ക്കാനുള്ള സാധ്യത ഉയർന്നത്. 2021 ന് ശേഷം ഏറ്റവും കുറഞ്ഞ നിരക്കായിരുന്നു ഇത്. 2024 ഏപ്രിലിലെ ഏറ്റവും ഉയരത്തിൽ നിന്ന് 20 ഡോളറാണ് ബാരലിന് കുറഞ്ഞത്.
Also Read: ഇന്ത്യയിൽ നിന്ന് പണം ചൈനീസ് ഓഹരി വിപണിയിലേക്ക്; രക്ഷിക്കാൻ 2 ലക്ഷം കോടി! പണം വരുന്ന വഴി
ഇന്ധന വില കുറയ്ക്കാൻ ദീർകാലത്തേക്ക് വില താഴ്ന്ന് നിൽക്കണമെന്നാണ് ഓയിൽ സെക്രട്ടറി പങ്കജ് ജെയിൻ വ്യക്തമാക്കിയത്. നിലവിൽ ഇന്ത്യൻ ക്രൂഡ് ബാസ്‌ക്കറ്റിന്റെ വില (ഇറക്കുമതി ചെയ്ത പലതരം ക്രൂഡിൻ്റെ മിശ്രിതം) സെപ്റ്റംബർ 27 മുതൽ ഒക്ടോബർ മൂന്ന് വരെ മൂന്ന് ഡോളർ വർധിച്ച് 75.22 ഡോളറിലെത്തി.
മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വില കുറയ്ക്കുമെന്നായിരുന്നു മറ്റൊരു വിലയിരുത്തൽ. ഭരണകക്ഷിയായ ബിജെപിക്ക് നിർണായകമായ തിരഞ്ഞെടുപ്പാണെന്നതും നവരാത്രി, ദീപവലി ആഘോഷങ്ങൾ വരാനിരിക്കുന്നതും ഈ സമയത്ത് വില കുറയ്ക്കുന്നതിന് കാരണമായി വിലയിരുത്തിയിരുന്നു. എന്നാൽ നിലവിലെ ക്രൂഡ് ഓയിൽ വിലയിൽ പെട്രോൾ, ഡീസൽ വില കുറയ്ക്കാൻ സാധ്യതയില്ലെന്നാണ് വിലയിരുത്തൽ.
ഒക്ടോബർ തുടക്കത്തിൽ 19 കിലോ വാണിജ്യ എൽപിജി സിലണ്ടറിന് 48.50 രൂപ എണ്ണ കമ്പനികൾ വില വർധിപ്പിച്ചിരുന്നു. ഇത് നിലവിലെ ക്രൂഡ് ഓയിൽ വിലയെ ബന്ധപ്പെടുത്തിയാണെന്നും വിലയിരുത്തലുണ്ട്.
2024 മാർച്ച് മുതൽ രാജ്യത്ത് വില കുറയ്ക്കാത്ത സാഹചര്യത്തിൽ സെപ്റ്റംബറിലെ അന്താരാഷ്ട്ര വിലയുമായി പരിശോധിക്കുമ്പോൾ ഇന്ത്യൻ ഓയിൽ കമ്പനികൾ പെട്രോളിന് ലിറ്റിന് 15 രൂപയും ഡീസലിന് 12 രൂപയും ലാഭമുണ്ടാക്കുന്നു എന്നാണ് ഐസിആർഎ വിലയിരുത്തൽ.
ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി 2024 മാർച്ച് 15 നാണ് രാജ്യത്ത് അവസാനമായി ഇന്ധന വില കുറച്ചത്. പെട്രോളിനും ഡീസലിനും രണ്ട് രൂപയാണ് അന്ന് കുറച്ചത്.