56,800 രൂപയിലാണ് ഈ വർഷം കേരളത്തിലെ സ്വർണവില അവസാനിക്കുന്നത്. വർഷത്തിലെ അവസാനദിവസം കുറവുവന്നത് പവന് 320 രൂപ. ഗ്രാമിന് 40 രൂപ കുറഞ്ഞ് 7,110 രൂപയിലെത്തി. എന്നാല്‍ സ്വർണവില പതുങ്ങിയത് കുതിക്കാൻ എന്നാണ് സ്വർണവിപണി വിശകലനം ചെയ്യുന്നവരുടെ നിഗമനം. 2025 ൽ സ്വർണം വാങ്ങാനിരിക്കുന്നവർക്ക് അധികം നല്‍കേണ്ടിവരുന്നത് പവന് 9,000 രൂപയിലേറെയായിരിക്കുമെന്നാണ് എന്നാണ് വിലയിരുത്തൽ.
യുദ്ധങ്ങള്‍, ആഗോള സാമ്പത്തിക പ്രതിസന്ധി, പലിശ നിരക്ക് കുറയ്ക്കാനുള്ള നടപടി, കേന്ദ്ര ബാങ്കുകളുടെ വാങ്ങൽ എന്നീ ഘടകങ്ങളാണ് സ്വർണ വിലയെ നയിക്കുക. ആഭ്യന്തര മാർക്കറ്റിൽ പത്തുഗ്രാമിന് (24 കാരറ്റ്) 85,000 മുതൽ 90,000 രൂപ വരെ എത്തിയേക്കാം എന്നാണ് എൽകെപി സെക്യൂരിറ്റീസ് കമ്മോഡിറ്റി ആൻഡ് കറൻസി വിഭാഗം റിസർച്ച് അനലിസ്റ്റ് ജതിൻ ത്രിവേദിയുടെ വിലയിരുത്തൽ.
Also Read: ഓഹരി വിപണിയിലേക്ക് കൂടുതൽ മലയാളി സ്ത്രീകൾ; മ്യൂച്വല്‍ ഫണ്ടിലും മുന്നേറ്റം
വരുംവർഷം പലിശ നിരക്ക് കുറയുന്നതോടെ വിപണിയിലേക്ക് കൂടുതൽ പണമെത്തും. ഇത് ഡോളറിനെ ദുർബലമാക്കും. ഇതോടെ സ്വർണ വില വർധിക്കും. പലിശ നിരക്ക് കുറയ്ക്കുന്നതിൽ യുഎസ് ഫെഡറൽ റിസർവിന്റെ സമീപനം മാറുന്നത് വിലയെ സ്വാധീനിക്കുമെങ്കിലും കേന്ദ്ര ബാങ്കുകളുടെ വാങ്ങലുകൾ സ്വർണവില ഉയര്‍ത്തുമെന്നും അദ്ദേഹം വിലയിരുത്തുന്നു. അങ്ങനെ വന്നാല്‍ 22 കാരറ്റ് സ്വര്‍ണം പവന് വില 66,000 രൂപയ്ക്ക് മുകളിലേക്ക് കുതിക്കാം. ഇന്നത്തെ വിലയിൽ നിന്ന് 9,200 രൂപ അധികമാണിത്. രൂപയുടെ മൂല്യമിടിയുന്നത് വിലവര്‍ധനയ്ക്ക് ആക്കം കൂട്ടും.
2024 ൽ ആഭ്യന്തര വിപണിയിൽ സ്വര്‍ണവില 23 ശതമാനമാണ് കൂടിയത്. രാജ്യാന്തര വിപണിയിൽ ഔൺസിന് 2,790 ഡോളര്‍ വരെ കുതിച്ച വില 28 ശതമാനം ഉയർന്നു. പലിശ നിരക്ക് കുറയ്ക്കാനുള്ള ഫെഡറൽ റിസർവ് തീരുമാനവും റഷ്യ-യുക്രൈൻ യുദ്ധവും പശ്ചിമേഷ്യയിൽ ഇസ്രയേലുമായി സംഘർഷം വ്യാപിച്ചതും സ്വർണ വില ഉയർത്തി.
സംഘര്‍ഷങ്ങള്‍ അവസാനിക്കുകയും സാമ്പത്തിക അനിശ്ചിതത്വങ്ങളില്‍ നിന്ന് പ്രധാന വിപണികള്‍ കരകയറുകയും ചെയ്താല്‍ 2024നെ അപേക്ഷിച്ച് വരുംവര്‍ഷം മിതമായ വളർച്ച മാത്രമേ സ്വർണത്തിന് പ്രതീക്ഷിക്കാനാകൂ. ഡോണൾഡ് ട്രംപിന്‍റെ താരിഫ് നയങ്ങൾ, സാമ്പത്തിക നയങ്ങൾ എന്നിവ സ്വർണത്തെ ദുർബലമാക്കുമെന്ന് കോംട്രെൻഡ്സ് റിസർച്ച് സഹസ്ഥാപകനും സിഇഒയുമായ ജ്ഞാനശേഖർ ത്യാഗരാജന്‍ വിലയിരുത്തുന്നു.
Also Read: സ്വർണ വില വർധിച്ചത് 14,000 രൂപ; 2025 ല്‍ കൂടുമോ കുറയുമോ?; നിഗമനങ്ങള്‍ ഇങ്ങനെ
2024-ൽ സ്വർണാഭരണ ഉപഭോഗം 17 ശതമാനമാണ് വർധിച്ചത്. സ്വർണ വിലയിലുണ്ടായ ചാഞ്ചാട്ടങ്ങൾ നേട്ടമാക്കിയതും ഉത്സവ, വിവാഹ സീസണിലെ ഡിമാൻഡും ഉപഭോഗം വർധിപ്പിച്ചു. കേന്ദ്ര സർക്കാർ ജൂലൈയിലെ ബജറ്റിൽ സ്വർണത്തിനുള്ള ഇറക്കുമതി തീരുവ കുറച്ചത് സ്വർണാഭരണങ്ങൾക്കുള്ള ഡിമാന്റ് ഉയർത്തി. 2024 നവംബറിൽ രാജ്യത്തെ സ്വർണ ഇറക്കുമതി 14.86 ബില്യൺ ഡോളറിലെത്തി റെക്കോര്‍ഡ് കുറിച്ചിരുന്നു.