രാജ്യാന്തര വിപണിയിലെ ലാഭമെടുക്കലില്‍ കേരളത്തില്‍ സ്വര്‍ണ വിലയില്‍ കുറവ്. പവന് 440 രൂപ കുറഞ്ഞ് 57,840 രൂപയിലാണ് വെള്ളിയാഴ്ചയിലെ സ്വര്‍ണ വില. ഒരു ഗ്രാമിന് 55 രൂപ കുറഞ്ഞ് 7,230 രൂപയിലെത്തി. മാസത്തിലെ ഉയര്‍ന്ന നിലവാരമായ 58,280 രൂപയില്‍ നിന്നാണ് സ്വര്‍ണ വില കുറഞ്ഞത്. ഇതോടെ സ്വര്‍ണാഭരണം വാങ്ങാനുള്ള ചിലവിലും നേരിയ വ്യത്യാസം വന്നു. പത്ത് ശതമാനം പണിക്കൂലിയുള്ള ഒരു പവന്‍റെ ആഭരണം വാങ്ങാന്‍ 65,580 രൂപയോളം നല്‍കണം. സ്വർണത്തിന്‍റെ വില, പണിക്കൂലി, ഹാൾമാർക്ക് ചാർജ്,ജി.എസ്.ടി എന്നിവ ചേർത്തുള്ള വിലയാണ് ഇത്.
രാജ്യാന്തര വിലയ്ക്ക് അനുസരിച്ച് ചാഞ്ചാടികൊണ്ടിരിക്കുകയാണ് സ്വര്‍ണ വില. യുഎസ് പണപ്പെരുപ്പ ഡാറ്റ വന്നതിന് പിന്നാലെ രണ്ടാഴ്ചയ്ക്കിടയിലെ ഉയര്‍ന്ന നിലവാരത്തിലേക്ക് ഇന്നലെ രാജ്യാന്തര സ്വര്‍ണ വില എത്തിയിരുന്നു. യുഎസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് കുറയ്ക്കുമെന്ന സാധ്യത വര്‍ധിച്ചതാണ് സ്വര്‍ണ വിലയെ ഉയര്‍ത്തിയത്. പലിശ കുറയുന്നത് സ്വര്‍ണത്തിന് ഡിമാന്‍റ് ഉയര്‍ത്തുന്ന ഘടകമാണ്. ഈ സമയം സ്പോട്ട് ഗോള്‍ഡ് ഔണ്‍സിന് 2,720 ഡോളര്‍ വരെ ഇന്നലെ ഉയര്‍ന്നിരുന്നെങ്കിലും ലാഭമെടുക്കലില്‍ താഴെ പോവുകയായിരുന്നു.
നിലവില്‍ രാജ്യാന്തര വില സ്പോട്ട് ഗോള്‍ഡ് ഒരു ഔണ്‍സിന് 2,685 ഡോളറിലാണ്. ഈ ഇടിവാണ് ഇന്ന് കേരളത്തിലെ വിലയിലും പ്രതിഫലിച്ചത്. അടുത്താഴ്ച നടക്കുന്ന ഫെഡറല്‍ റിസര്‍വ് യോഗത്തിലെ പലിശ നിരക്ക് തീരുമാനത്തിന് കാത്തിരിക്കുകയാണ് വിപണി. ഇതിനാല്‍ വ്യാപാരാന്ത്യത്തില്‍ വിലയില്‍ കാര്യമായ ചലനമില്ല.
വിവിധ കേന്ദ്ര ബാങ്കുകള്‍ പലിശ നിരക്ക് കുറയ്ക്കുന്നത് തുടരുകയാണ്. ഫെഡ് യോഗത്തിന് മുന്നോടിയായി യൂറോപ്യന്‍ െസന്‍ട്രല്‍ ബാങ്കും സ്വിസ് നാഷണല്‍ ബാങ്കും പലിശ കുറച്ചു. ഇത് സ്വര്‍ണത്തിന് ഡിമാന്‍റുയര്‍ത്തും. ഇതോടൊപ്പം ചൈനീസ് കേന്ദ്ര ബാങ്ക് സ്വര്‍ണം വാങ്ങുന്നത് തുടരുന്നതും സ്വര്‍ണത്തിന്‍റെ വിലയെ മുന്നോട്ട് നയിക്കും.
ജനുവരിയില്‍ ട്രംപ് അധികാരത്തിലേക്ക് എത്തുന്നതോടെ അദ്ദേഹത്തിന്‍റെ നയങ്ങള്‍ സ്വര്‍ണത്തിന്‍റെ ആവശ്യക്കാരെ വര്‍ധിപ്പിക്കും എന്നാണ് കണക്കാക്കുന്നത്. നിലവില്‍ 2721 ഡോളറില്‍ സ്വര്‍ണത്തിന് പ്രതിരോധമുണ്ട്. ഈ നിലവാരം ഭേദിക്കാനായാല്‍ 2,750 ഡോളര്‍ വരെ വില എത്തിയേക്കാം എന്നാണ് വിശകലന വിദഗ്ധരുടെ അനുമാനം. ഈ നിലവാരവും പിന്നിടാനായാല്‍ സര്‍വകാല ഉയരമായ 2,790 ഡോളറായിരിക്കും അടുത്ത പ്രതിരോധം.