ഏറ്റവും കുറഞ്ഞ ചെലവിൽ വിമാനയാത്ര എന്ന വാഗ്ദാനം ചെയ്യുന്ന സെറ്റ്ഫ്ലൈ ഏവിയേഷൻസിന്‍റെ എയർ കേരള എയർലൈൻസ് ജൂൺ മുതൽ സർവീസ് ആരംഭിക്കും. കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നാകും കമ്പനിയുടെ ആദ്യ വിമാന സർവീസ്. ഡിസംബർ 30 തിന് കമ്പനി കണ്ണൂർ രാജ്യാന്തര വിമാനത്താവളവുമായി കരാറിൽ ഒപ്പിട്ടു.
കഴിഞ്ഞ വർഷം ജൂലൈയില്‍ വ്യോമയാന മന്ത്രാലയത്തിൽ നിന്നും നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് ലഭിച്ച കമ്പനി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ്റെ (ഡിജിസിഎ) എയർ ഓപ്പറേഷൻ സർട്ടിഫിക്കറ്റ് (എഒസി) നായി കാത്തിരിക്കുകയാണ്. എഒസി സർട്ടിഫിക്കറ്റ് ലഭിച്ചാൽ മാത്രമെ കമ്പനിക്ക് വാണിജ്യ എയർ ട്രാൻസ്പോർട്ട് പ്രവർത്തനങ്ങൾ നടത്താൻ സാധിക്കുകയുള്ളൂ.
Also Read: വിമാനത്തിനുള്ളില്‍ വൈഫൈ; ചരിത്രം കുറിച്ച് എയര്‍ ഇന്ത്യ
കിയാലുമായുള്ള ധാരണപത്രത്തിന്റെ അടിസ്ഥാനത്തിൽ തുടക്കത്തിൽ കണ്ണൂരിൽ നിന്നും കൂടുതൽ ആഭ്യന്തര സർവീസുകൾ ഉണ്ടാകും. ഒന്നര മണിക്കൂർ ദൂരത്തിലായിരിക്കും സർവീസുകൾ. ഫ്രാങ്കോ-ഇറ്റാലിയൻ വിമാന നിർമ്മാതാക്കളായ എടിആറിൽ നിന്ന് മൂന്ന് ഇരട്ട എഞ്ചിന്‍ ടർബോപ്രോപ്പ് വിമാനങ്ങൾ വാങ്ങാൻ എയർ കേരള കരാറിലെത്തിയിട്ടുണ്ട്. 2026 ലാണ് യുഎഇയിൽ നിന്ന് വിദേശ സർവീസ് ആരംഭിക്കാൻ ഉദ്യേശിക്കുന്നത്. ഇതിന് മുന്നോടിയായി നാരോ ബോഡി എയർക്രാഫ്റ്റുകൾ സ്വന്തമക്കും.
കണ്ണൂർ വിമാനത്താവളത്തിൽ അടിസ്ഥാന സൗകര്യങ്ങൾ ഇതിനകം ലഭ്യമാണ്. വ്യോമയാന രംഗത്തേക്കുള്ള തുടക്കം എന്ന നിലയിൽ കണ്ണൂരിൽ ബേസ് സ്ഥാപിക്കുന്നതിന് എയർ കേരളയ്ക്ക് എല്ലാ പിന്തുണയും എയർപോർട്ട് മാനേജ്‌മെൻ്റ് വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് കമ്പനി ചെയർമാൻ അഫി അഹമ്മദ് പറഞ്ഞു. കിയാലുമായുള്ള പങ്കാളിത്തം ആഭ്യന്തര സർവീസുകൾക്ക് സഹായകമാകും. യാത്രക്കാർക്ക് താങ്ങാനാവുന്നതും കാര്യക്ഷമവുമായ യാത്രാ സൗകര്യം വാഗ്ദാനം ചെയ്യുകയാണ് കമ്പനി ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.