കേരള വിപണിയില്‍ സ്വര്‍ണ വില കുറഞ്ഞു. ബുധനാഴ്ച പവന് 200 രൂപയും ഗ്രാമിന് 25 രൂപയുമാണ് കുറഞ്ഞത്. പവന് 52,800 രൂപയും ഗ്രാമിന് 6,600 രൂപയുമാണ് കേരള വിപണിയിലെ വില. ഈ ആഴ്ചയില്‍ രണ്ടാം തവണയാണ് സ്വര്‍ണ വില കുറയുന്നത്. തിങ്കളാഴ്ച പവന് 80 രൂപ കുറഞ്ഞ് 53,000 രൂപയിലായിരുന്നു സ്വര്‍ണ വില. യുഎസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട സൂചനകള്‍ക്കിടയില്‍ വലിയ ചാഞ്ചാട്ടമാണ് സമീപകാലത്ത് സ്വര്‍ണ വിലയിലുണ്ടായത്. ഈ മാസം 54,080 രൂപ വരെ ഉയര്‍ന്ന സ്വര്‍ണ വിലയുടെ മാസത്തിലെ ഏറ്റവും കുറഞ്ഞ വില 52,560 രൂപയാണ്.
രാജ്യാന്തര വിപണിയിലെ മന്ദഗതിയാണ് കേരളത്തിലും സ്വര്‍ണ വിലയെ ബാധിച്ചത്. അമേരിക്കന്‍ കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വിന്‍റെ പലിശ നിരക്ക് കുറയ്ക്കല്‍ തീരുമാനത്തെ സ്വാധീനിക്കുന്ന പണപ്പെരുപ്പ ഡാറ്റകള്‍ക്ക് വിപണി കാത്തിരിക്കുന്നതിന് വിലയിടിയുന്നത്. ബുധനാഴ്ച ഡോളറും ട്രഷറി യീല്‍ഡും നേരിയ മുന്നേറ്റമുണ്ടാക്കിയതോടെ സ്വര്‍ണ വില രാജ്യന്തര വിപണിയില്‍ ഇടിവിലാണ്.
സ്പോട്ട് ഗോള്‍ഡ് ഔണ്‍സിന് 3.35 ഡോളര്‍ ഇടിവോടെ 2316.93 ഡോളറിലാണ് വ്യാപാരം നടത്തുന്നത്. അതേസമയം ഡോളര്‍ 0.1 ശതമാനം ഉയര്‍ന്നു. 10 വര്‍ഷ ബോണ്ട് യീല്‍ഡും നേരിയ രീതിയില്‍ ഉയര്‍ന്നു. വ്യാഴാഴ്ചയാണ് യുഎസിലെ ആദ്യ പാദ ജിഡിപി എസ്റ്റിമേറ്റ് പുറത്ത് വരുന്നത്. വ്യക്തിഗത ഉപഭോഗ ചെലവ് വില സൂചിക റിപ്പോര്‍ട്ടും വെള്ളിയാഴ്ച പുറത്ത് വരും. യുഎസ് ഫെഡറല്‍ റിസര്‍വിന് ഈ വര്‍ഷം എത്ര വേഗത്തില്‍ പലിശ നിരക്ക് കുറയ്ക്കാന്‍ സാധിക്കും എന്നതിനെ പറ്റി ഈ ഡാറ്റ വഴി കൂടുതല്‍ വ്യക്തത ലഭിക്കും.