Article-Telecom

TOPICS COVERED

കുത്തനെയുള്ള നിരക്ക് വർധനയാണെങ്കിലും ഇന്ത്യൻ ടെലികോം രം​ഗത്ത് കാര്യങ്ങൾ അത്ര സുഖകരമല്ല. മാസംതോറും വരിക്കാരെ വർധിപ്പിക്കുന്ന ജിയോ, വരുമാനത്തിൽ എയർടെലിന് പിന്നിലാണ്. ലോകത്തിലെ ഏറ്റവും കുറഞ്ഞ നിരക്കുള്ള ഇടമാണ് ഇന്ത്യയെന്ന് കേന്ദ്ര ടെലികോം മന്ത്രാലയവും വ്യക്തമാക്കുന്നു. 2019 ഡിസംബറിലെയും 2021 നവംബറിലെയും നിരക്ക് വർധനയ്ക്കു ശേഷം ഈ മാസം മൂന്നിന് ജിയോയും എയർടെല്ലും വീണ്ടും നിരക്ക് വർധിപ്പിച്ചു. പക്ഷേ ഒരു ഉപഭോക്താവിൽ  നിന്ന് കമ്പനികൾ ലക്ഷ്യം വെയ്ക്കുന്ന മാസ വരുമാനത്തിൽ (എആർപിയു - Average Revenue per User) നിന്ന് ബഹുദൂരം അകലെയാണ് കമ്പനികൾ. വരുമാനത്തിൽ എയർടെലിനെ മറികടക്കാൻ ജിയോയ്ക്ക് രണ്ട് തവണ കൂടിയെങ്കിലും നിരക്ക് വർധിപ്പിക്കേണ്ടി വരുമെന്നാണ് വിദഗ്ദരുടെ നിലപാട്. 

ഉപഭോക്താക്കളുടെ കീശ ചോർത്തി ജിയോയും എയർടെല്ലും

ജിയോ വന്നതോടെയാണ് ഇന്ത്യൻ ടെലികോം രംഗത്ത് സേവന നിരക്ക് കുത്തനെ കുറഞ്ഞത്. പത്തിലധികം കമ്പനികൾക്ക് സ്വാധീനമുണ്ടായിരുന്ന ഇന്ത്യൻ ടെലികോം രംഗം ഇന്ന് രണ്ട് കമ്പനികളുടെ നിയന്ത്രണത്തിലായത് ജിയോയുടെ വരവോടെയെന്നത് ചരിത്രം. ഉപഭേക്താക്കളുടെ എണ്ണത്തിൽ ജിയോ ആണ് കരുത്തൻ. 46.39 കോടി വരിക്കാർ! ഏപ്രിലിൽ മാത്രം 41.78 ലക്ഷം പേർ ജിയോ വരിക്കാരായി. എയർടെലാകട്ടെ 7.52 ലക്ഷം പേരെ ചേർത്ത് വരിക്കാരുടെ എണ്ണം 38.24 കോടിയായി ഉയർത്തി. ജിയോയും എയർടെലും ഇങ്ങനെ മുന്നേറുമ്പോൾ‌ വോഡഫോൺ ഐഡിയയ്ക്കും (15.2 ലക്ഷം), ബിഎസ്എൻഎലിനും (12.3 ലക്ഷം) ഉപഭോക്താക്കളെ വൻതോതിൽ നഷ്ടപ്പെടുകയാണ്.

mobile-users

വരുമാനം 'തൂക്കി' എയർടെൽ

വിപണിയിൽ കടുത്ത മൽസരം നടക്കുന്നതിനാൽ ഒന്നിച്ചാണ് ടെലികോം കമ്പനികൾ നിരക്ക് നിശ്ചയിക്കുന്നത്. ജിയോ 12-25 ശതമാനം വർധിപ്പിച്ചു. പ്രീമിയം പ്ലാനുകളിലാണ് കുത്തനെയുള്ള നിരക്ക് വർധന. 28 ദിവസ കാലാവധിയുള്ള ദിവസം 1.5 ജിബി ഡാറ്റ നൽകുന്ന പ്ലാനിൻറെ നിരക്ക് 25 ശതമാനം കൂടി. എയർടെൽ 11-21 ശതമാനവും വിഐ 10-20 ശതമാനും വർധിപ്പിച്ചു. ഇതോടെ കമ്പനികളുടെ വരുമാനം 15 ശതമാനം കൂടും. വിപണി വിഹിതം വച്ചുനോക്കിയാൽ ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം കമ്പനി ജിയോ ആണ്. എന്നാൽ ഒരു ഉപഭോക്താവിൽ നിന്ന് കമ്പനി ഉണ്ടാക്കുന്ന വരുമാനം (Average Revenue per User) എയർടെലിനേക്കാൾ പിന്നിലാണ്.  2024 സാമ്പത്തിക വർഷാവസാനത്തെ കണക്കുപ്രകാരം, എയർടെലിൻറെ എ.ആർ.പി.യു 209 രൂപയാണ്. ജിയോയുടേത് 181.7 രൂപയും വോഡാഫോൺ ഐഡിയയുടേത് 146 രൂപയുമാണ്.

നിരക്ക് വർധന തുടരും

‌എയർടെലുമായുള്ള വിടവ് നികത്താൻ ജിയോയ്ക്ക് അടുത്ത മൂന്ന് വർഷത്തിനകം 15-20 ശതമാനത്തിൻറെ രണ്ട് നിരക്കുവർധന വേണ്ടിവരുമെന്നാണ് വിദഗ്ധരുടെ നിഗമനം. ഇപ്പോൾ നിരക്ക് കൂട്ടിയതിൻറെ ഫലമായി ജിയോയുടെ എആർപിയു 2027 സാമ്പത്തിക വർഷത്തോടെ 235 രൂപയായി ഉയരാം. അതേസമയം മൂന്ന് വർഷം കൊണ്ട് എയർടെലിൻറേത് 286 രൂപയായി ഉയരും. 

india-cheapest-telecom-rate

ചിത്രം: Department of Telecom

ലോകത്ത് കുറഞ്ഞ നിരക്ക് ഇന്ത്യയിൽ!

‌നിരക്ക് വർധനവിന് പിന്നാലെ വന്ന വിമർശനങ്ങൾക്കുള്ള മറുപടിയായാണ് കേന്ദ്ര ടെലികോം മന്ത്രാലയം ഇക്കാര്യം പറയുന്നത്. മൊബൈൽ സർവീസ് നിരക്കുകൾ ട്രായ് (ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ) ക്ക് കീഴിലാണെന്നും കുറഞ്ഞ നിരക്കിൽ സേവനങ്ങൾ ഉറപ്പാക്കുന്നുവെന്നും വാർത്തകുറിപ്പിൽ പറയുന്നു. ഇന്ത്യയിൽ ഒരു മാസത്തേക്കുള്ള അൺലിമിറ്റഡ് കോളും 18 ജിബി ഡാറ്റയും ശരാശരി 1.89 ഡോളർ നിരക്കിലാണ് ലഭിക്കുന്നത്. മറ്റു രാജ്യങ്ങളിൽ ഈ നിരക്ക് കൂടുതലാണെന്നും മന്ത്രാലയം കണക്ക് സഹിതം വ്യക്തമാക്കുന്നു. 2023 ഇൻറർനാഷണൽ ടെലികമ്മ്യൂണിക്കേഷൻ യൂണിയൻ റിപ്പോർട്ട് അടിസ്ഥാനമാക്കിയാണ് താരമ്യം. ഈ റിപ്പോർട്ടിൽ ഇന്ത്യയിലെയും അയൽ രാജ്യങ്ങളുടെയും വിവിധ അയൽ രാജ്യങ്ങളിലെയും നിരക്കുകൾ താരതമ്യം ചെയ്യുന്നുണ്ട്. 

jio

എന്തുകൊണ്ട് ജിയോ പിന്നിൽ?

കഴിഞ്ഞ മൂന്ന് പാദങ്ങളിലായി എ.ആർ.പി.യുവിൽ മുന്നേറ്റമുണ്ടാക്കാൻ ജിയോയ്ക്ക് സാധിച്ചിട്ടില്ല. ഉപഭോക്താക്കളെ പിടിക്കാനുള്ള ഓട്ടമാണ് ജിയോയ്ക്ക് തിരിച്ചടിയാകുന്നത്. നിരക്ക് കുറഞ്ഞ ജിയോ ഭാരത് ഫോണിൻറെ ശക്തമായ വളർച്ചയും സൗജന്യ 5ജി ഡാറ്റയും ജിയോയ്ക്ക് തിരിച്ചടിയായി. ഇതോടെ 4ജി ഡേറ്റ ടോപ് അപ്പിന് ആവശ്യക്കാർ കുറഞ്ഞു. ജിയോ 5ജി ഉപഭോക്താക്കളുടെ എണ്ണം 10.8 കോടിയാണ്. മൊബൈൽ ഉപഭോക്താക്കൾ ഇതിൻറെ 28 ശതമാനം വരും. അതായത് ഇത്രയും പേർക്ക് സൗജന്യമായാണ് കമ്പനി ഡേറ്റ നൽകുന്നത്.  2023 ഡിസംബർ പാദത്തിൽ 11.2 മില്യൺ ഉപഭോക്താക്കളെയാണ് ജിയോ ചേർത്തത്. ഇതിൽ വലിയൊരളവ് 1000 രൂപയുടെ ജിയോ ഭാരത് ഫീച്ചർ ഫോൺ ഉപഭോക്താക്കളാണ്.

airtel

300 രൂപയിലേക്ക് നോട്ടമിട്ട് എയർടെൽ

ഭാരതി എൻറർപ്രൈസ് ചെയർമാനും ഭാരതി എയർടെല്‌ ഉടമയുമായ സുനിൽ ഭാരതി മിത്തൽ ലക്ഷ്യമിടുന്ന എ.ആർ.പി.യു മാസത്തിൽ 300 രൂപയാണ്. ലോകത്ത് കുറഞ്ഞ എ.ആർ.പി.യു ഉള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യയെന്നാണ് മിത്തലിൻറെ വാദം. ഇന്ത്യയിലെ എ.ആർ.പി.യു 2.2 ഡോളറാണ് (ഏകദേശം 184 രൂപ). 300 രൂപയിലെത്തിയാൽ 3.5 ഡോളറാകും. ദക്ഷിണേഷ്യൻ രാജ്യങ്ങളായ ഫിലിപ്പീൻസ്, ഇന്തോനേഷ്യ, തായ്‍ലാൻഡ് എന്നിവയുടെ എ.ആർ.പി.യു 12 മുതൽ 16 ഡോളർ വരെയാണ്. ടെലികോം സെക്ടറിലെ പണപ്പെരുപ്പ ഭീഷണിയും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ടവറുകളുടെ വാടക, ഇന്ധനം, തൊഴിലാളി ചെലവുകൾ വർധിക്കുകയാണ്. എങ്കിലും ആദ്യ ടാർജറ്റ് 300 രൂപയാണ്. 6-7 വർഷം മുൻപ് തീരുമാനിച്ച നിലവാരമാണിത്. ഇപ്പോഴും ഇതിൻറെ മൂന്നിലൊന്ന് വരെയേ എത്തിയിട്ടുള്ളൂ.

ജിയോയുടെ ലക്ഷ്യം 5ജി

5ജി സേവനങ്ങളിൽ നിന്ന് വരുമാനമുണ്ടാക്കുകയാണ് ജിയോയുടെ അടുത്ത ലക്ഷ്യം. ഉപഭോക്താക്കളെ കൂട്ടിച്ചേർക്കുന്നതിൽ നിന്ന് മാറി 5ജിയിലൂടെ വരുമാനം ഉണ്ടാക്കാൻ തയ്യാറാകുന്നു എന്നതിൻറെ കൃത്യമായ സൂചനയാണ് നിരക്ക് വർധന. 5ജി സേവനങ്ങളിൽ 46 ശതമാനത്തിൻറെ വർധനയാണ് ജിയോ വരുത്തിയത്. പരിധിയില്ലാത്ത 5ജി സേവനത്തിനുള്ള റീചാർജ് പ്രതിദിനം 1.50 ജിബി പ്ലാനിൽ നിന്ന് 2 ജിബി പ്ലാനിലേക്ക്  മാറ്റിയയതോടെ 5ജി ഉപഭോക്താക്കൾ 46 ശതമാനം വർധനയാണ് നേരിടേണ്ടി വരുന്നത്. ആകെ നിരക്ക് വർധനയുടെ രണ്ടിരട്ടി.

239 രൂപയ്ക്കോ മുകളിലോ 28 ദിവസ കാലാവധിയുള്ള പ്രതിദിനം 1.50 ജിബി ഡാറ്റ റീച്ചാർജ് ചെയ്യുമ്പോഴാണ് നേരത്തെ ജിയോ അൺലിമിറ്റഡ് ഡാറ്റ നൽകിയിരുന്നത്. ഇത് ലഭിക്കാൻ ഇനി കുറഞ്ഞത് പ്രതിദിനം 2ജിബി ഡാറ്റയുള്ള പ്ലാൻ ഉപയോ​ഗിക്കണം. 2ജിബി പ്ലാനിന് 349 രൂപയ്ക്കോ മുകളിലോ റീചാർജ് ചെയ്യണം. ഇതാണ് ജിയോയുടെ തന്ത്രം. അതേസമയം ജിയോ ഭാരത് ഫോണുകളുടെ നിരക്ക് കൂട്ടിയിട്ടില്ല എന്നതും ശ്രദ്ധേയം.

ENGLISH SUMMARY:

Airtel earn more Average Revenue Per User (ARPU) than jio with 46 crore subscribers. Analysts says jio need more price hike to beat airtel in arpu. Telecom department claim telecom tarriff in India among lowest in global.