2024 ഇടക്കാല ബജറ്റ് അവതരണത്തിന് മുന്‍പ് ധനമന്ത്രി നിര്‍മലാ സീതാരാമന്‍.

  • ബജറ്റ് അവതരണം ചൊവ്വാഴ്ച
  • ആര്‍ബിഐ നല്‍കിയ ഡിവിഡന്‍റ് 2.1 ലക്ഷം കോടി രൂപ
  • ചെറുകിട നികുതിദായകരെ പരിഗണിച്ചേക്കും

2023- 24 സാമ്പത്തിക വർഷത്തിൽ റെക്കോർഡ് ലാഭവിഹിതമാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ കേന്ദ്ര സർക്കാറിന് കൈമാറിയത്. 2.1 ലക്ഷം കോടി രൂപ! ഇടക്കാല ബജറ്റിൽ പ്രതീക്ഷിച്ച ഡിവിഡന്റ് വരുമാനത്തിന്റെ (1.02 ലക്ഷം കോടി രൂപ) ഇരട്ടിയിലധികമാണ് ഖജനാവിലേക്ക് എത്തിയത്. സത്യത്തിൽ കേന്ദ്ര സർക്കാറിന് ലോട്ടറി. അധികമായി ലഭിച്ച ലാഭവിഹിതം ബജറ്റില്‍ കേന്ദ്ര സർക്കാറിന് ജനക്ഷേമ പദ്ധതികൾ പ്രഖ്യാപിക്കാൻ ഉപകരിക്കുമെന്നാണ് പ്രതീക്ഷ. ശമ്പളക്കാർ ദീർഘകാലമായി കാത്തിരിക്കുന്ന നികുതി ഇളവുകളും ഗ്രാമീണ മേഖല കേന്ദ്രീകരിച്ചുള്ള ക്ഷേമ പ്രവർത്തനങ്ങളും അടിസ്ഥാന സൗകര്യ വികസനങ്ങൾക്കും ഈ തുക വകയിരുത്തിയേക്കാമെന്നാണ് സാമ്പത്തിക രംഗത്തെ വിദഗ്ധരുടെ വിലയിരുത്തൽ. അടുത്ത ചൊവ്വാഴ്ച ധനമന്ത്രി നിർമലാ സീതാരാമൻ ബജറ്റ് അവതരിപ്പിക്കുമ്പോൾ ഈ തുക ജനങ്ങൾക്ക് ഉപകാരപ്രദമാകുന്ന രീതിയിൽ ഉപയോഗിച്ചാൽ 'ഫീൽ ഗുഡ്' ബജറ്റാനാകുള്ള സാധ്യതയാണ് കാണുന്നത്.

2024ലെ ഇടക്കാല ബജറ്റ് പ്രകാരം, 2025 സാമ്പത്തിക വർഷത്തിലേക്ക് പ്രതീക്ഷിക്കുന്ന ധനകമ്മി 5.1 ശതമാനമാണ്. ആർ.ബി.ഐ കൈമാറിയ 2.11 ലക്ഷം കോടി രൂപയുടെ ലാഭവിഹിതം ഉപയോ​ഗിച്ച് കേന്ദ്ര സർക്കാർ ധനകമ്മി കുറയ്ക്കുമെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. 30,000-40,000 കോടി രൂപ ഉപയോഗിച്ച് സർക്കാർ ധനക്കമ്മി മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിൻറെ (ജിഡിപി) 5.1 ശതമാനത്തിൽ നിന്ന് 5 ശതമാനമായി കുറയ്ക്കാൻ ശ്രമിക്കമെന്നാണ് മോത്തിലാൽ ഓസ്വാളിൻറെ റിപ്പോർട്ട്. സർക്കാറിൻറെ വരവും ചെലവും തമ്മിലുള്ള അന്തമാണ് ധനകമ്മി. ധനകമ്മി ഉയരുന്നത് സാമ്പത്തികാരോഗ്യം മോശമാകുന്നതിൻറെ സൂചനയാണ്. 

ജനക്ഷേമ പദ്ധതികളായ പി.എം കിസാനും പി.എം ആവാസ് യോജനയ്ക്കുമുള്ള അധിക നീക്കിയിരിപ്പും ബജറ്റിൽ പ്രതീക്ഷിക്കുന്നു. കർഷകർക്കുള്ള സാമ്പത്തിക സഹായമായ പി.എം കിസാൻ വഴി വർഷത്തിൽ 6,000 രൂപയാണ് മൂന്ന് ഗഡുക്കളായി ലഭിക്കുന്നത്. ഇത് 50 ശതമാനം വർധിപ്പിച്ച് 9,000 രൂപയാക്കി ഉയർത്താൻ സർക്കാറിനാകും. പദ്ധതിക്കായി നിലവിലുള്ള നീക്കിയിരിപ്പ് 60,000 കോടി രൂപയാണ്. ഉയർത്തുന്നതോടെ ഖജനാവിന് 30,000 കോടി രൂപ കൂടി നൽകേണ്ടിവരും. സംസ്ഥാനങ്ങൾക്ക് മൂലധന ചെലവുമായി ബന്ധപ്പെട്ട വായ്പകൾ വർധിപ്പിക്കാനുള്ള സാധ്യതയാണ് മറ്റൊന്ന്. കഴിഞ്ഞ സർക്കാറിൻറെ ഇടക്കാല ബജറ്റിൽ അർഹരായ വിഭാഗക്കാർക്കുള്ള ഹൗസിങ് പദ്ധതി നിർമലാ സീതാരാമൻ പ്രഖ്യാപിച്ചിരുന്നു. ഇത് വരുന്ന ബജറ്റിലും പ്രഖ്യാപിക്കാൻ സാധ്യതയുണ്ട്. 

കേന്ദ്ര ധനകാര്യമന്ത്രി നിര്‍മലാ സീതാരാമന്‍ ബജറ്റിന് മുന്നോടിയായുള്ള ഹല്‍വ പാചകത്തില്‍. Image: X/ FinMinIndia

അധിക ലാഭവിഹിതം സർക്കാറിൻറെ ധനസ്ഥിതിയെ ശക്തിപ്പെടുത്തുന്നതിനാൽ ചെറുകിട നികുതിദായകർക്ക് നികുതി ആനുകൂല്യങ്ങൾ പരിഗണിക്കാപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുതിയ നികുതി സമ്പ്രദായത്തെ കൂടുതൽ ആകർഷകമാക്കാൻ സർക്കാർ അധിക നികുതി കിഴിവുകൾ നൽകുകയും 80സി ഇളവ് പരിധി വർധിപ്പിക്കുകയും ചെയ്യാം. ഇത് പുതിയ നികുതി സമ്പ്രദായത്തിലേക്ക് നീട്ടാനുള്ള സാധ്യതയും കാണുന്നു.

പുതിയ നികുതി വ്യവസ്ഥയിലെ അടിസ്ഥാന ഇളവ് പരിധി നിലവിൽ 3 ലക്ഷം രൂപയാണ്. ഇത് 5 ലക്ഷമാക്കി ഉയർത്താം. ഭവന വായ്പ തിരിച്ചടവിലെ നികുതി ഇളവുകൾ വർധിപ്പിക്കുന്നതും ടാക്സ് റിബേറ്റ് വർധിപ്പിക്കുന്നതും സർക്കാറിൻറെ പരിഗണനയിലുണ്ടെന്നാണ് റിപ്പോർട്ട്. നികുതിയിലെ പരിഷ്കാരങ്ങൾ ശമ്പളക്കാരായ നികുതിദായകരുടെ ഡിസ്പോസിബിൾ വരുമാനം വർധിപ്പിക്കുമെന്നും ഒപ്പം ഉപഭോഗം കൂട്ടുമെന്നുമാണ് വിലയിരുത്തൽ. 

ENGLISH SUMMARY:

RBI Dividend Of Rs 2 lakh crore Will Hepl Government To Allocate More To Walfare Projects; PM Kisan Samman Nidhi Installment Might Be Rs 9,000; Here's Budget Expectations.