ഓഹരി വിപണിയില്‍ സമീപകാലത്തായി ഐപിഒ മേളമാണ്. വലതും ചെറുതുമായി നിരവധി കമ്പനികളാണ് വിപണിയിലെത്തുന്നതും പണം വാരുന്നതും. ഇതില്‍ തന്നെ എസ്എംഇ (സ്മോള്‍ മിഡിയം എന്‍റര്‍പ്രൈസ്) ഐപിഒകളാണ് പലപ്പോഴും ഞെട്ടിപ്പിക്കുന്നത്. മാര്‍ച്ചില്‍ സെബി അധ്യക്ഷ മാധബി പുരി ബുച്ച് എസ്എംഇ ലിസ്റ്റിംഗുകളില്‍ വില കൃത്രിമം നടക്കാനുള്ള സാധ്യതയും നിക്ഷേപകര്‍ ജാഗ്രത പാലിക്കണമെന്നും അറിയിച്ചിരുന്നു. എന്നിട്ടും ശരാശരി എല്ലാ ഐപിഒയ്ക്കും അപേക്ഷിക്കുന്നവരുടെ എണ്ണം 2.19 ലക്ഷമായി വര്‍ധിച്ചു. 2020 സാമ്പത്തിക വര്‍ഷത്തില്‍ ശരാശരി 408 പേരായിരുന്നിടത്താണ് ഈ വലിയ വര്‍ധനവ്.
ഈ കണക്കുകള്‍ സ്വാധീനിക്കുന്ന രണ്ട് എസ്എംഇ ഐപിഒകളാണ് സമീപ കാലത്ത് നടന്നത്. യമഹ ടൂവിലേഴ്സിന്‍റെ ഡീലര്‍ഷിപ്പുള്ള സാഹ്വി ഓട്ടോമൊബൈല്‍സ് എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് റിസോഴ്സ്ഫുള്‍ ഓട്ടോമൊബൈല്‍സ്. രണ്ട് ഷോറൂമുകളും ഒന്നിച്ച് വര്‍ക്ക്ഷോപ്പമുള്ള കമ്പനിക്ക് ആകെയുള്ളത് എട്ട് സ്ഥിരം ജീവനക്കാര്‍. ഡല്‍ഹി ആസ്ഥാനമായുള്ള കമ്പനിയുടെ ഐപിഒയ്ക്ക് 400 മടങ്ങ് അപേക്ഷകരാണ് എത്തിയത്. ലളിതമായി പറഞ്ഞാല്‍ 12 കോടി സമാഹരിക്കാനുള്ള കമ്പനിയുടെ ഓഹരി വില്‍പ്പനയ്ക്ക് 5,000 കോടി രൂപയുടെ അപേക്ഷകളെത്തി.
കമ്പനിയുടെ 10.24 ലക്ഷം ഓഹരികള്‍ 117 രൂപ നിരക്കില്‍ വിറ്റഴിച്ച് 12 കോടി രൂപ സമാഹരിക്കാനായിരുന്നു കമ്പനിയുടെ തീരുമാനം. 2 കോടി രൂപ ഉപയോഗിച്ച് പുതിയ ഷോറും, കടം വീട്ടാന്‍ 4.50 കോടി, പ്രവര്‍ത്തന മൂലധനത്തിന് 3.30 കോടി എന്നിങ്ങനെയായിരുന്നു കമ്പനിയുടെ പദ്ധതി. ആകെ ഓഹരിയുടെ 39 ശതമാനം വിറ്റഴിക്കാനായിരുന്നു പദ്ധതി. 31 കോടി രൂപ വിപണി മൂല്യമാണ് കമ്പനി നിശ്ചയിച്ചത്. എന്നാല്‍ 40.76 കോടി ഓഹരികള്‍ക്കായി 416 മടങ്ങ് അപേക്ഷകളാണ് എത്തിയത്. അതായത് ഏകദേശം 4,800 കോടി രൂപയുടെ അപേക്ഷകള്‍. എന്നാല്‍ കാര്യമായ ലിസ്റ്റിങ് നേട്ടമുണ്ടാക്കാതെ 117 രൂപയിലാണ് ഓഹരി ലിസ്റ്റ് ചെയ്തത്. 122.85 രൂപ വരെ എത്തിയ ഓഹരി തിങ്കളാഴ്ച ഇടിവില്‍ 118.85 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
മറ്റൊരു ഉദാഹരണം ഗുജറാത്തില്‍ നിന്നുള്ള ബ്രോച്ച് ലൈഫ്കെയര്‍ ആശുപത്രിയുടേതാണ്. ബറൂച്ചില്‍ 25 കിടക്കയുള്ള ആശുപത്രിയും 15 കിടക്കകളുള്ള നഴ്സിങ് ഹോമുള്ള കമ്പനി സമാനമായി വലിയ നിക്ഷേപ ശ്രദ്ധ ലഭിച്ച ഐപിഒയാണ്. വര്‍ഷന്തോറും ലാഭവും വരുമാനവും കുറഞ്ഞുവരുന്നതായി കമ്പനി സമര്‍പ്പിച്ച രേഖകളില്‍ കാണാമെങ്കിലും 4.02 കോടി രൂപയുടെ ഐപിഒയ്ക്ക് 160 മടങ്ങ് അപേക്ഷകരാണെത്തിയത്. 15.24 ലക്ഷം ഓഹരികള്‍ വിറ്റഴിക്കാനായിരുന്നു കമ്പനിയുടെ പദ്ധതി. എന്നാല്‍ 24.24 കോടി ഓഹരികള്‍ക്ക് ആവശ്യക്കാരെത്തി. 25 രൂപ ഇഷ്യു വിലയില്‍ നിന്നും 90 ശതമാനം പ്രീമിയത്തില്‍ ലിസ്റ്റ് ചെയ്ത ഓഹരി 50 രൂപ വരെ എത്തിയെങ്കിലും പിന്നീട് തുടര്‍ച്ചയായ മൂന്ന് ദിവസം ലോവര്‍ സര്‍ക്യൂട്ട് അടിച്ച് നിക്ഷേപകരെ കുഴപ്പിച്ചു. തിങ്കളാഴ്ച അഞ്ച് ശതമാനം ഇടിവില്‍ 42.67 രൂപയിലാണ് ഓഹരിയുടെ ക്ലോസിങ്.
ചെറുകിട കമ്പനികള്‍ എന്ന വലിയ റിസ്കും 1 ലക്ഷം രൂപയുടെ കുറഞ്ഞ നിക്ഷേപ പരിധിയും കൂസാതെ പണമിറക്കാന്‍ നിക്ഷേപകരെ സ്വാധീനിക്കുന്നത് ലിസ്റ്റിങ് നേട്ടമാണ്. കമ്പനിയുടെ അടിസ്ഥാന ഘടകങ്ങള്‍ പരിശോധിക്കാതെ ലിസ്റ്റിങ് നേട്ടത്തിന് മാത്രമാണ് പലരും ശ്രമിക്കുന്നത്. 2015-16 സാമ്പത്തിക വര്‍ഷത്തില്‍ 5.63 ശതമാനമാണ് ശരാശരി ലിസ്റ്റിങ് നേട്ടം. നിലവില്‍ ഇത് 75 ശതമാനമാണ്. ഐപിഒ വിപണിയിൽ ഡിമാൻഡ്-സപ്ലൈ പൊരുത്തക്കേടാണ് മറ്റൊരു ഘടകം. ഇതാണ് എല്ലാ ഇഷ്യൂകളും വലിയ രീതിയില്‍ ഓവർസബ്‌സ്‌ക്രൈബ് ചെയ്യനുള്ള കാരണം.