കേരളത്തിൽ സ്വർണ വിലയിൽ മാറ്റമില്ല. തിങ്കളാഴ്ച രേഖപ്പെടുത്തിയ 53,360 രൂപയിലാണ് ഇന്നും ഒരു പവൻ വ്യാപാരം നടക്കുന്നത്. ഗ്രാമിന് വില 6670 രൂപയും. തിങ്കളാഴ്ച പവന് 200 രൂപയും ഗ്രാമിന് 25 രൂപയും കുറഞ്ഞാണ് ഈ വിലയിലെത്തിയത്. ഓഗസ്റ്റ് 29 തിന് മാസത്തിലെ ഉയർന്ന നിലവാരത്തിലെത്തിയ ശേഷം തുടർച്ചയായി മൂന്നാം ദിവസമാണ് സ്വർണ വില കുറഞ്ഞത്. യുഎസ് ഡോളറും ട്രഷറി ബോണ്ട് യീൽഡും കരുത്താർജിച്ചതോടെ രാജ്യാന്തര വില താഴേക്ക് പോയതാണ് കേരളത്തിലെ സ്വർണ വിലയെ മാറ്റമില്ലാതെ നിർത്തിയത്. 2,494.76 ഡോളറിലാണ് രാജ്യാന്തര വിപണിയിലെ സ്വർണ വില.
അമേരിക്കന്‍ ഫെഡറൽ റിസർവിൻറെ പലിശ നിരക്ക് കുറയ്ക്കലിന്റെ തോത് എത്രത്തോളമുണ്ടാകും എന്നതിന്റെ അടിസ്ഥാനത്തിലായിരിക്കും സമീപഭാവിയിൽ സ്വർണ വിലയിൽ ചലനങ്ങളുണ്ടാവുക. അതിനായി വെള്ളിയാഴ്ച പുറത്ത് വരുന്ന അമേരിക്കൻ നോൺ ഫാം പേറോൾ റിപ്പോർട്ടിനായി കാത്തിരിക്കുകയാണ് നിക്ഷേപകർ. സെപ്റ്റംബർ 17-18 നാണ് ഫെഡറൽ റിസർവിന്റെ പണ അവലോകന യോഗം ചേരുന്നത്. ഓഗസ്റ്റിലെ പണപ്പെരുപ്പത്തിൽ നേരിയ മുന്നേറ്റമുണ്ടായതിനാൽ പ്രതീക്ഷിക്കുന്ന 0.50 ശതമാനം പലിശ നിരക്ക് കുറയ്ക്കൽ ഉണ്ടാകുമോ എന്നാണ് വിപണി ഉറ്റുനോക്കുന്നത്.
തുടർച്ചയായ മൂന്ന് ദിവസമായി താഴേക്ക് പോകുന്ന സ്വർണ വില നിലവിൽ 2,500 നിലവാരത്തിന് താഴെയാണ്. സ്വർണ വില 2,480 ഡോളറിന് താഴേക്ക് പതിച്ചാൽ 2,464 ഡോളർ വരെ പോകാനുള്ള സാധ്യതയാണ് വിദഗ്ധർ കാണുന്നത്. അങ്ങനെയെങ്കിൽ കേരളത്തിലും സമാനമായി വില കുറയും. പ്രതിദിന ക്ലോസിങിൽ 2,500 ഡോളർ നിലവാരത്തിന് മുകളിലെത്താനായായാൽ 2,532 ഡോളർ എന്ന നേരത്തെയുള്ള സർവകാല റെക്കോർഡിലേക്ക് സ്വർണ വില മുന്നേറും. അമേരിക്കയിൽ നിന്ന് പുറത്തുവരുന്ന സൂചികകള്‍ അടിസ്ഥാനമാക്കിയാകും ഈ മുന്നേറ്റങ്ങൾ.
ഒരു പവൻ വാങ്ങാൻ എത്ര രൂപ ചെലവാകും
കേരളത്തിൽ ഇന്നത്തെ സ്വർണ വില പവന് 53,360 രൂപയാണ്. എന്നാൽ 60,000 രൂപയ്ക്ക് മുകളിൽ ചെലവാക്കിയാലാണ് പത്ത് ശതമാനം പണിക്കൂലിയുള്ളൊരു ആഭരണം വാങ്ങാനാവുക. സ്വർണത്തിന്റെ വില, പണിക്കൂലി, ഹാൾമാർക്ക് ചാർജ്, ജിഎസ്ടി എന്നിവയാണ് ചേർത്താണ് ആഭരണ വില കണക്കാക്കുക. 10 ശതമാനം പണിക്കൂലി 5,336 രൂപ, ഹാൾമാർക്ക് ചാർജ് 45+18% ജിഎസ്ടി) 53.10 രൂപ എന്നിവ ചേർന്നാൽ 58,749 രൂപ വരും. ഇതിന് മുകളിൽ 3 ശതമാനം ജിഎസ്ടി ഈടാക്കും. ഇത് അടക്കം 60,511 രൂപ വരും ഒരു പവൻ ആഭരണം വാങ്ങാൻ.