gold-bangles

TOPICS COVERED

സ്വർണ വിലയിൽ താഴോട്ടുള്ള ട്രെൻഡാണ് ശനിയാഴ്ച കേരള വിപണിയിൽ കണ്ടത്. പവന് 320 രൂപയുടെ കുറവോടെ 53,440 രൂപയിലാണ് വ്യാപാരം. ​ഗ്രാമിന് 40 രൂപ കുറഞ്ഞ് 6,680 രൂപയിലേക്കും എത്തി. മാസത്തിലെ ഉയർന്ന നിലവാരത്തിൽ നിന്നാണ് ശനിയാഴ്ച വില കുറഞ്ഞത്. രാജ്യാന്തര വിപണിയിലെ ചാഞ്ചാട്ടത്തിലാണ് കേരള വിപണിയും. അമേരിക്കയിലെ പലിശ നിരക്ക് കുറയ്ക്കുന്നത് സംബന്ധിച്ച റിപ്പോർട്ടുകളാണ് സ്വർണ വിലയെ സ്വാധീനിക്കുന്നത്.  

വിലയെ സ്വാധീനിക്കുന്നത് 

വെള്ളിയാഴ്ച ആഗോള വിപണിയിൽ സ്വർണ വിലയിലുണ്ടായ ഇടിവാണ് കേരളത്തിലും സ്വർണ വിലയെ താഴോട്ട് എത്തിച്ചത്. 2,848.10 ഡോളറിനും 2,530.30 ഡോളറിനും ഇടയിൽ ചാഞ്ചാടിയ ശേഷം 2498.20 ഡോളറിലാണ് സ്വർണ വില വ്യാപാരം അവസാനിപ്പിച്ചത്. ഓഗസ്റ്റ് 20 തിന് രേഖപ്പെടുത്തിയ സർവകാല ഉയരമായ 2,531.60 ഡോളർ മറികടക്കാൻ ശ്രമം നടത്തിയെങ്കിലും ഇടിവിലാണ് ക്ലോസിങ്. അമേരിക്കയിലെ തൊഴിൽ കണക്കുകളോടുള്ള പ്രതികരണമാണ് സ്വർണ വിലയിൽ മാറ്റമുണ്ടാക്കിയത്. 

ഓ​ഗസ്റ്റിൽ അമേരിക്കൻ സമ്പദ്‍വ്യവസ്ഥയിൽ 1.42 ലക്ഷം തൊഴിലവസരങ്ങളാണ് കൂട്ടിച്ചേർത്തത്. 1.60 ലക്ഷം തൊഴിൽ പ്രവചിച്ചിരുന്നിടത്താണിത്. തൊഴിൽ വിപണി ചാഞ്ചാടുമ്പോൾ പലിശ നിരക്ക് കുറയ്ക്കേണ്ടത് പ്രധാനമാണെന്നും ആവശ്യമെങ്കിൽ വലിയ അളവിൽ പലിശ നിരക്ക് കുറയ്ക്കുമെന്നും ഫെഡ് ​ഗവർണർ വ്യക്തമാക്കിയതും വില ഉയർത്തി. എന്നാൽ ഈ ട്രെൻഡ് നിലനിർത്താൻ സ്വർണത്തിനായില്ല.

വില ഉയരുമോ?

സെപ്റ്റംബർ യോ​ഗത്തിൽ ഫെഡറൽ റിസർവ് എത്ര അളവിൽ (50 ശതമാനം അല്ലെങ്കിൽ 25 ശതമാനം) പലിശ കുറയ്ക്കുമെന്ന ആശയകുഴപ്പത്തിലാണ് വിപണി. സ്വർണ വിലയെ സ്വാധീനിക്കുന്ന തീരുമാനമാണ് സെപ്റ്റംബർ 18 ന് പുറത്ത് വരിക. ഫെഡ് യോ​ഗത്തിൽ പലിശ നിരക്ക് കുറയ്ക്കുമെന്ന് വ്യക്തമാണെങ്കിലും എത്രത്തോളം എന്നതിൽ മാത്രമാണ് ആശയകുഴപ്പം. പലിശ കുറച്ചാൽ ഇത് സ്വർണ വില ഉയരാൻ കാരണമാകും. ഇതിനെ അനുകൂലിക്കുന്ന പ്രവചനമാണ് അമേരിക്കൻ നിക്ഷേപ ബാങ്കായ ഗോൾഡ്മാൻ സാച്ച്സിന്റെതും. 

ഫെഡറൽ റിസർവിൻറെ പലിശ നിരക്ക് കുറയ്ക്കാനുള്ള തീരുമാനം സ്വർണ മാർക്കറ്റിലേക്ക് വിദേശ നിക്ഷേപം എത്തിക്കുമെന്നാണ് ഗോൾഡ്മാൻ സാച്ച്സിൻറെ വിലയിരുത്തൽ. 2025 ന്റെ ആരംഭത്തോടെ രാജ്യാന്തര സ്വർണ വില 2,700 ഡോളറിലെത്തുമെന്നാണ് പ്രവചനം. നേരത്തെ 2024 അവസാനത്തോടെ എന്നായിരുന്നു വിലയിരുത്തൽ. നിലവിൽ വില താഴ്ന്നിരിക്കുകയും വില ഉയരാനുള്ള സാധ്യതയും നിലനിൽക്കുമ്പോൾ അഡ്വാൻസ് ബുക്കിങ് തന്നെയാണ് അനുയോജ്യമായ മാർ​ഗം. 

അഡ്വാൻസ് ബുക്കിങ്

സ്വർണ വില ഉയരുമ്പോൾ അധിക ചെലവില്ലാതെ വാങ്ങാനുള്ള വഴിയാണ് ​ഗോൾഡ് അഡ്വാൻസ് ബുക്കിങ്. ആവശ്യമായി സ്വർണത്തെ നിലവിലെ വിപണി വിലയിൽ ബുക്ക് ചെയ്തിടാനുള്ള മാർ​ഗമാണിത്. കുറഞ്ഞ വിലയിൽ സ്വർണം ബുക്ക് ചെയ്തിട്ട് വില ഉയരുമ്പോൾ ബുക്ക് ചെയ്ത വിലയിൽ വാങ്ങാനാകും.  വിവാഹത്തിന് ഒരുങ്ങുന്നവർക്ക് അഡ്വാൻസ് ബുക്കിം​ഗ് ഏറെ പ്രയോജനം ചെയ്യും. വാങ്ങാൻ ഉദ്യേശിക്കുന്ന അളവിന്റെ നിശ്ചിത ശതമാനം അടച്ച് അഡ്വാൻസ് ബുക്കിം​ഗ് നടത്താം.