gold

TOPICS COVERED

പുതിയ സോവറിൻ ​ഗോൾഡ് ബോണ്ട് ഇഷ്യു പുറത്തിറക്കാത്ത സർക്കാർ നടപടിക്ക് പിന്നാലെ എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടിലേക്ക് തിരിഞ്ഞ് സ്വർണ നിക്ഷേപകർ. നികുതി നിരക്കുകൾ കുറച്ചതും നിക്ഷേപകരുടെ ട്രെൻഡ് മാറുന്നതിന് കാരണമായി. കഴിഞ്ഞ നാല് മാസത്തിനിടെ ഓഹരി വിപണി വഴി ​ഗോൾഡ് ഇടിഎഫിൽ 4,728 കോടി രൂപയുടെ നിക്ഷേപമെത്തി. മുൻ സാമ്പത്തിക വർഷത്തിൽ ഇത് 4,728 കോടി രൂപയാണ്. 

ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്ത, ആഭ്യന്തര സ്വർണ വില ട്രാക്ക് ചെയ്യുന്ന എക്‌സ്‌ചേഞ്ച്-ട്രേഡഡ് ഫണ്ടാണ് ഗോൾഡ് ഇടിഎഫ്. ഇലക്ട്രോണിക് രൂപത്തിൽ സ്വർണം വാങ്ങാനുള്ള മാർ​ഗമാണിത്. കുറഞ്ഞ തുകയ്ക്ക് വാങ്ങാനുള്ള സൗകര്യം, കുറഞ്ഞ നിക്ഷേപച്ചെലവ്, ട്രേഡ് ചെയ്യാനുള്ള എളുപ്പം എന്നിവ കാരണം ഗോൾഡ് ഇടിഎഫുകൾക്ക് വലിയ സ്വീകാര്യതയുണ്ട്.

സോവറിൻ ​ഗോൾഡ് ബോണ്ട് വന്നതിന് പിന്നാലെ സ്വർണ നിക്ഷേപകർ ​ഗോൾഡ് ഇടിഎഫിനോട് മുഖം തിരിച്ചിരുന്നു. മൂലധന നേട്ടത്തിന് പുറമെ നിക്ഷേപ തുകയ്ക്ക് വർഷത്തിൽ 2.50 ശതമാനം പലിശയും നികുതി ഇല്ലാത്തതും സോവറിൻ ​ഗോൾഡ് ബോണ്ടിനെ ആകർഷകമാക്കിയ ഘടകങ്ങളാണ്.  2024 സാമ്പത്തിക വർഷത്തിൽ 27,000 കോടി രൂപയുടെ നിക്ഷേപമാണ് സോവറിൻ ​ഗോൾഡ് ബോണ്ടിലെത്തിയത്. 

ലാഭം തന്നെയെന്ന് നിക്ഷേപകർ 

പുതിയ സോവറിൻ ​ഗോൾഡ് ബോണ്ട് ഇല്ലാത്തതോടെ മികച്ച സ്വർണ നിക്ഷേപ ഓപ്ഷനായി സോവറിൻ ​ഗോൾഡ് ബോണ്ട് മാറി. ബജറ്റിന് ശേഷം നികുതി കുറഞ്ഞ നിക്ഷേപമാർ​ഗമായി മാറിയതും കസ്റ്റംസ് ഡ്യൂട്ടി കുറച്ചതോടെ സ്വർണത്തിന് വില ഇടിഞ്ഞതും നിക്ഷേപകരെ സ്വാധീനിച്ചു. ബജറ്റിൽ ​ഗോൾഡ് ഇടിഎഫിനുള്ള മൂലധന നേട്ട നികുതി കുറച്ചിരുന്നു. നേരത്തെ ടാക്സ് സ്ലാബ് അനുസരിച്ച് ദീർഘകാല മൂലധനനേട്ട നികുതി ചുമത്തിയിരുന്നിടത്ത് രണ്ട് വർഷം നിക്ഷേപം സൂക്ഷിച്ചാൽ 12.50 ശതമാനം നികുതി നൽകിയാൽ മതിയാകും. കഴിഞ്ഞ വർഷത്തിൽ 19.44 ശതമാനം റിട്ടേണാണ് സ്വർണം നൽകിയത്. ഇതേകാലയളവിൽ നിഫ്റ്റി വളർന്നത് 25 ശതമാനവും. 

സ്വർണ വില ഉയരുന്ന ട്രെൻഡ് നിലനിൽക്കുന്നതിനാൽ നിരവധി നിക്ഷേപകർ ​ഗോൾഡ് ഇടിഎഫിലേക്ക് എത്തുമെന്നാണ് വിലയിരുത്തപ്പെടുന്നത്. പശ്ചിമേഷ്യയിലെ സംഘർഷവും അമേരിക്കയിലെ പലിശ നിരക്ക് കുറയ്ക്കാനുള്ള തീരുമാനവും അടക്കം സ്വർണ വിലയെ സ്വാധീനിക്കുന്ന തീരുമാനങ്ങൾ സ്വർണ വിലയെ മുന്നോട്ട് നയിക്കും.  

ENGLISH SUMMARY:

Gold ETF investment surge due to no soverign gold fund issue.