gold-price-kerala

TOPICS COVERED

കേരളത്തിൽ സ്വർണ വിലയിൽ വലിയ വർധന. പവന് 960 രൂപ വർധിച്ച് 54,600 രൂപയിലെത്തി. ഗ്രാമിന് വെള്ളിയാഴ്ച 120 രൂപയുടെ വർധനയാണുണ്ടായത്. 6,825 രൂപയാണ് ഇന്നത്തെ വില. ഈ മാസത്തെ ഉയർന്ന നിലവാരവുമാണിത്. വില കൂടിയും കുറഞ്ഞും ചാഞ്ചാട്ടം കാണിച്ചതിന് ശേഷമാണ് വെള്ളിയാഴ്ചത്തെ ഈ വന്‍കുതിപ്പ്.

രാജ്യാന്തര വിപണിയിൽ സ്വർണ വില സർവകാല ഉയരം തൊട്ടതിന് പിന്നാലെയാണ് കേരളത്തിലും വില ഉയർന്നത്. 2,570.60 ഡോളറിൽ പുതിയ ഉയരം കുറിച്ച ശേഷം 2,671 ഡോളറിലാണ് സ്വർണം വ്യാപാരം നടക്കുന്നത്. അമേരിക്കയിൽ അടുത്താഴ്ച നടക്കുന്ന ഫെഡറൽ റിസർവ് യോഗത്തിൽ ഉയർന്ന അളവിൽ പലിശ നിരക്ക് കുറച്ചേക്കും എന്ന പ്രതീക്ഷ ഉയർന്നതാണ് സ്വർണ വിലയെ സ്വാധീനിച്ചത്. 

അമേരിക്കയിൽ നിന്നും വ്യാഴാഴ്ച പുറത്തുവന്ന യുഎസ് ലേബർ ഡിപ്പാർട്ട്മെൻറ് ഡാറ്റ പ്രകാരം സെപ്റ്റംബർ ആദ്യവാരത്തിലെ തൊഴിലില്ലായ്മ  ആനുകൂല്യത്തിന് അപേക്ഷിച്ചവരുടെ എണ്ണത്തിൽ വർധനവുണ്ട്. ഇതുപ്രകാരം സമ്പദ്‌വ്യവസ്ഥ മന്ദഗതിയിലാണെന്ന സൂചനയിൽ നിന്നാണ്  പലിശ നിരക്ക് വന്‍തോതില്‍ കുറച്ചേക്കുമെന്ന ധാരണയിലേക്ക് വിപണി എത്തിയത്.. വ്യാഴാഴ്ച പുറത്തുവന്ന പ്രൊഡ്യൂസർ പ്രൈസ് സൂചിക പണപ്പെരുപ്പം കുറയുന്ന സൂചനയും നൽകുന്നു.

തൊഴിലില്ലായ്മ നിരക്ക് ഉയർന്നതോടെ 0.50 ശതമാനത്തിന്‍റെ പലിശ നിരക്ക് കുറയ്ക്കാനുള്ള സാധ്യത ഉയർന്നു. ഇത് ട്രഷറി ബോണ്ടിനെയും ഡോളറിനെയും ഇടിച്ചു. ഈ അവസരം മുതലാക്കിയാണ് സ്വർണ വില ഉയർന്നത്. 17-18 തീയതികളിൽ നടക്കുന്ന ഫെഡ് യോ​ഗത്തിൽ 0.50 ശതമാനം പലിശ നിരക്ക് കുറയ്ക്കാനുള്ള സാധ്യത 43 ശതമാനമായാണ് ഉയർന്നത്. 0.25 ശതമാനം പലിശ നിരക്ക് കുറയ്ക്കാനുള്ള സാധ്യത കുറഞ്ഞ് 57 ശതമാനമായി. 

വില കുതിച്ചുയർന്നതോടെ ആഭരണം വാങ്ങാനിരിക്കുന്നവർക്കാണ് തിരിച്ചടി. ഇന്ന് ഏകദേശം 61,000 രൂപയ്ക്ക് മുകളിൽ ചെലവാക്കിയാലാണ് പത്ത് ശതമാനം പണിക്കൂലിയുള്ളൊരു ആഭരണം വാങ്ങാനാവുക. സ്വർണത്തിന്റെ വില, പണിക്കൂലി, ഹാൾമാർക്ക് ചാർജ്, ജിഎസ്ടി എന്നിവയാണ് ചേർത്താണ് ആഭരണ വില കണക്കാക്കുക. പവന് 54,600  രൂപയുള്ളിടത്ത് 10 ശതമാനം പണിക്കൂലി 5,460രൂപ, ഹാൾമാർക്ക് ചാർജ് 45+18% ജിഎസ്ടി) 53.10 രൂപ എന്നിവ ചേർന്നാൽ 60,113 രൂപ വരും. ഇതിന് മുകളിൽ 3 ശതമാനം ജിഎസ്ടി ഈടാക്കും. ഇത് അടക്കം 61,916 രൂപ വരും ഒരു പവൻ ആഭരണം വാങ്ങാൻ.

ENGLISH SUMMARY:

Kerala gold price rise Rs 960 per pavan