TOPICS COVERED

രാജ്യത്തിന്‍റെ വളർച്ചയിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് നിർണായക പങ്കെന്ന് പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി റിപ്പോർട്ട്. 2023-24 സാമ്പത്തിക വർഷത്തിൽ രാജ്യത്തിന്‍റെ ജിഡിപിയുടെ 30 ശതമാനവും കർണാടക, ആന്ധ്രപ്രദേശ്, തെലങ്കാന, കേരളം, തമിഴ്നാട് എന്നിവിടങ്ങളിൽ നിന്നാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. 1960-61 മുതൽ 2023-24 വരെയുള്ള ആറു ദശാബ്ദ കാലത്തിനിടെ രാജ്യത്തിൻെ മറ്റു ഭാഗങ്ങളെ അപേക്ഷിച്ച് പടിഞ്ഞാറൻ, ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ മികച്ച രീതിയിൽ വളർന്നു. ആളോഹരി വരുമാനത്തിലും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ വളർച്ച കാണിച്ചു എന്നും റിപ്പോർട്ടിലുണ്ട്. 1960 മുതൽ സാമ്പത്തികരംഗത്ത് സംസ്ഥാനങ്ങളുടെ പ്രകടനമാണ് റിപ്പോർട്ടിലുള്ളത്. ജിഡിപി വിഹിതവും ആളോഹരി വരുമാനത്തിലെ ഏറ്റകുറച്ചിലുകളും റിപ്പോർട്ട് പരിശോധിക്കുന്നു. 

ജിഡിപി വിഹിതം

1960-61 കാലത്ത് ഇന്ത്യൻ ജിഡിപിയിൽ ഉത്തർപ്രദേശിൻ്റെ സംഭാവന 14 ശതമാനമായിരുന്നു. ഇന്നിത് 9.5 ശതമാനമായി കുറഞ്ഞു. ഇന്ന് രാജ്യത്തെ ജിഡിപിയിൽ ഏറ്റവും കൂടുതൽ സംഭാവന നൽകുന്നത് മഹാരാഷ്ട്രയാണ്. 13.3 ശതമാനമാണ് 2023-24 സാമ്പത്തിക വർഷം മഹാരാഷ്ട്രയുടെ വിഹിതം. രാജ്യത്തെ ഏറ്റവും ജനസംഖ്യയുള്ള മൂന്നാമത്തെ സംസ്ഥാനമായിട്ടും ബിഹാറിന്‍റെ സംഭാവന വെറും 4.3 ശതമാനം മാത്രമാണ്. 1960-61 കാലത്ത് 7.8 ശതമാനം ഇന്ത്യൻ ജിഡിപിക്ക് സംഭാവന ചെയ്ത സംസ്ഥാനമായിരുന്നു ബിഹാർ. 

1991 ലെ സാമ്പത്തിക ഉദാരവൽക്കരണത്തെ തുടർന്നുണ്ടായ വികസനം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളായ കർണാടകയെയും തെലങ്കാനയെയും സാമ്പത്തിക ശക്തികളാക്കി മാറ്റി. 1960-61 കാലത്ത് 5.4 ശതമാനം മാത്രമായിരുന്നു ഇന്ത്യൻ ജി‍ഡിപിയിൽ കർണാടകയുടെ പങ്കാളിത്തം. 1990-91 വരെ ഇത് സമാനമായി തുടർന്നു. നയം മാറ്റത്തിന് ശേഷം സംസ്ഥാനത്തിന് ദ്രുത​ഗതിയിലുള്ള വളർച്ച കണ്ടു. 2000-01 ൽ ജിഡിപി വിഹിതം 6.2 ശതമാനമായും 2023-24 ൽ 8.2 ശതമാനമായും ഉയർന്നു. ജിഡിപി വിഹിതത്തിൽ ഇന്ന് മൂന്നാമതാണ് കർണാടക. 

1990-91 കാലത്ത് 2.1 ശതമാനമായിരുന്നു ആന്ധ്രയുടെ വിഹിതം. 2023-24 സാമ്പത്തിക വർഷത്തിൽ അഭിവക്ത ആന്ധ്ര പ്രദേശിന്‍റെ വിഹിതം 9.7 ശതമാനമാണ്. എന്നാൽ ഈ വിഹിതത്തിന്റെ ഭൂരിഭാ​ഗവും തെലങ്കാനയിൽ നിന്നാണ്. കേരളത്തിന്റെ വിഹിതം 1960-61 കാലത്ത് 3.4 ശതമാനമായിരുന്നു. 2000-01 കാലത്ത് 4.1 ശതമാനം വരെ ഉയർന്നെങ്കിലും 2023-24 സാമ്പത്തിക വർഷത്തിൽ 3.8 ശതമാനം മാത്രമായിരുന്നു കേരളത്തിന്റെ ജിഡിപി വിഹിതം. കേരളം മാത്രാമണ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ വിഹിതം നഷ്ടപ്പെടുത്തുന്നത് എന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. 

ആളോഹരി വരുമാനം

ആളോഹരി വരുമാനത്തിൻറെ അടിസ്ഥാനത്തിൽ രാജ്യത്തെ ഏറ്റവും സമ്പന്നമായ അഞ്ച് സംസ്ഥാനങ്ങൾ ഇവയാണ്- ഡൽഹി, തെലങ്കാന, കർണാടക, ഹരിയാന, തമിഴ്നാട്. 2023-24 ൽ ഡൽഹിയിലെ പ്രതിശീർഷ വരുമാനം ദേശിയ ശരാശരിയുടെ 250.8 ശതമാനമാണ്. അതായത് ഡൽഹിയിലെ പ്രതിശീർഷ വരുമാനം രാജ്യത്തിന്‍റെ ശരാശരിയേക്കാൾ 2.5 മടങ്ങ് കൂടുതലാണ്. ഡൽഹിക്ക് ശേഷം തെലങ്കാനയാണ് രാജ്യത്തെ സമ്പന്നമായ രണ്ടാമത്തെ സംസ്ഥാനം. ദേശിയ ശരാശരിയുടെ 193.6 ശതമാനമാണ് തെലങ്കാനയുടെ ആളോഹരി വരുമാനം. കർണാടക- 180.7%, ഹരിയാന- 176.8%, തമിഴ്നാട്- 171.1% എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളിലെ കണക്ക്. ​

1960 മുതൽ മഹാരാഷ്ട്രയിലെയും ഗുജറാത്തിലെയും ആളോഹരി വരുമാനം ദേശിയ ശരാശരിക്ക് മുകളിലാണ്. ഗുജറാത്തിലെ ആളോഹരി  വരുമാനം ദേശിയ ശരാശരിയുടെ  160.7 ശതമാനവും മഹാരാഷ്ട്രയിലേത് 150.7 ശതമാനവുമാണ്. ഗുജറാത്തിന് പിന്നിലാണ് കേരളം. ദേശിയ ശരാശരിയുടെ 152.5 ശതമാനമാണ് കേരളത്തിലെ ആളോഹരി വരുമാനം. ഏറ്റവും പ്രായം കുറഞ്ഞ സംസ്ഥാനമായ തെലങ്കാന ആദ്യ അഞ്ചിലുണ്ട്. 2014 ജൂണിലാണ് ആന്ധ്രപ്രദേശിൽ നിന്ന് വിഭജിച്ച് തെലങ്കാന പുതിയ സംസ്ഥാനമാകുന്നത്. 

ബിഹാറാണ് രാജ്യത്തെ പാവപ്പെട്ട സംസ്ഥാനം. 1960-61 കാലത്ത് 70.3 ശതമാനമായിരുന്ന ബിഹാറിൻറെ ആളോഹരി വരുമാനം 32.8 ശതമാനമായി കുറഞ്ഞു. ജാർഖണ്ഡ് (57.2%), ഉത്തർപ്രദേശ് (50.8%), മണിപ്പൂർ (66%), അസം (73.7%) എന്നിവയാണ് പട്ടികയിലുള്ളത്. 

ENGLISH SUMMARY:

Southern states together account 30 per cent of Indian GDP, Know richest Indian state.