AI Generated Image

TOPICS COVERED

അമേരിക്ക അര ശതമാനം പലിശ നിരക്ക് കുറച്ചിട്ടും മുന്നേറ്റമുണ്ടാക്കാതെ സ്വർണ വില.  കേരളത്തിൽ വ്യാഴാഴ്ച സ്വർണ വിലയിൽ ഇടിവ് രേഖപ്പെടുത്തി. പവന് 200 രൂപയും ​ഗ്രാമിന് 25 രൂപയുമാണ് ഇന്ന് കുറഞ്ഞത്. 54,600 രൂപയാണ് ഒരു പവന്റെ വില. ​ഗ്രാമിന് 6825 രൂപയുമാണ് ഇന്നത്തെ വില. തിങ്കളാഴ്ച  55,040 രൂപയിലെത്തി മാസത്തിലെ ഉയർന്ന നിലവാരം കുറിച്ച ശേഷമാണ് സ്വർണ വില താഴേക്ക് എത്തുന്നത്. രാജ്യാന്തര വിപണിയിൽ 2,561.5 ഡോളറിലാണ് സ്വർണ വില വ്യാപാരം നടക്കുന്നത്. 

അമേരിക്കൻ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവിൻറെ പലിശ നിരക്ക് കുറച്ചാൽ സ്വർണ വില കുതിക്കുമെന്ന വിലയിരുത്തലിലായിരുന്നു വിപണി. ഫെഡ് തീരുമാനത്തിന് പിന്നാലെ 2,598 ഡോളർ വരെ വരെ രാജ്യാന്തര വിപണിയിൽ സ്വർണ വില എത്തിയിരുന്നു. ബുധനാഴ്ച അവസാനിച്ച യോഗത്തിൽ 0.50 ശതമാനം പലിശ കുറയ്ക്കാനാണ് ഫെഡ് തീരുമാനിച്ചത്. പണപ്പെരുപ്പം മെച്ചപ്പെടുന്നതിനാൽ പലിശ നിരക്ക് അഞ്ച് ശതമാനത്തിൽ നിന്ന് 4.75 ശതമാനമായാണ് കുറച്ചത്. നാല് വർഷത്തിനിടെ ആദ്യമായാണ് പലിശ നിരക്ക് കുറയ്ക്കുന്നത്. 

ഇതിന് പിന്നാലെയാണ് സ്പോട്ട് ഗോൾഡ് 2,598 ഡോളറിലെത്തി പുതിയ ഉയരം കുറിച്ചത്. ഫെഡ് തീരുമാനത്തിന് പിന്നാലെ ഡോളർ  2023 ജൂലൈയിലെ താഴ്ന്ന നിലവാരത്തിലേക്കും വീണു. അതേസമയം, ശക്തമായ തൊഴിൽ മാർക്കറ്റും പണപ്പെരുപ്പം കുറയുന്നതും ചൂണ്ടിക്കാട്ടി മാന്ദ്യസാധ്യതകളെ തള്ളുകയാണ് ഫെഡ് ചെയർമാൻ ജെറോം പവൽ. ഫെഡ് യോഗ ശേഷം നടന്ന പത്രസമ്മേളനത്തിലെ ജെറോം പവലിൻറെ വാക്കുകളിൽ ഡോളറും ബോണ്ടും നേട്ടമുണ്ടാക്കിയതും നിക്ഷപകർ ലാഭമെടുത്തതുമാണ് സ്വർണ വിലയെ ഇടിച്ചത്. 2,548 ഡോളർ വരെ സ്വർണ വില താഴ്ന്നിരുന്നു.  

അതേസമയം, സ്വർണ വില മുന്നോട്ട് കുതിക്കാനുള്ള സാധ്യത നിലനിൽക്കുന്നുണ്ട്. ഈ വർഷം രണ്ട് തവണ കൂടി പലിശ നിരക്ക് കുറയ്ക്കും എന്ന സൂചനയാണ് ഫെഡ് നൽകുന്നത്. നവംബറിലും ഡിസംബറിലുമായി നടക്കുന്ന യോ​ഗത്തിൽ അരശതമാനത്തിന്റെ പലിശ നിരക്ക് കുറവാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇത് സ്വർണ വിലയ്ക്ക് മുന്നോട്ട് കുതിക്കാനുള്ള ഊർജമാകും. അതേസമയം ഇസ്രയേലും ഹിസ്ബുല്ലയും തമ്മിലെ സംഘർഷവും സ്വർണ വിലയ്ക്ക് മുന്നേറ്റം നൽകും. 

ENGLISH SUMMARY:

Kerala gold rate fall Rs 200 per pavan dispite Fed rate cut.