Representative Image

TOPICS COVERED

ബെംഗളൂരുവിൽ വിനായക ചതുർഥി ആഘോഷങ്ങൾക്കിടെ സ്വർണം ധരിപ്പിച്ച ഗണപതി വിഗ്രഹം നിമഞ്ജനം ചെയ്തു. നാല് ലക്ഷം രൂപ വില വരുന്ന അറുപത് ഗ്രാമിൻറെ സ്വർണ മാലയാണ് ഗണപതി വിഗ്രഹത്തിനൊപ്പം ഒഴുക്കി കളഞ്ഞത്. 10 മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് മാല കണ്ടെത്തിയത്. 

ശനിയാഴ്ച രാത്രിയാണ് വിജയനഗറിലെ ദസറഹള്ളി സർക്കിളിൽ  വിനായക ചതുർഥി ആഘോഷങ്ങൾക്കിടെയാണ് സംഭവം. ഗോവിന്ദരാജ നഗർ സ്വദേശികളായ അധ്യാപകരായ രാമയ്യ, ഉമാദേവി ദമ്പതികൾക്കാണ് അമളി പറ്റിയത്. നിമഞ്ജനത്തിനായി എത്തിയ ഗണപതി വിഗ്രഹത്തിൽ നിറയെ പൂക്കളും സ്വർണമാലയും കൊണ്ട് അലങ്കരിച്ചിരുന്നു. നിമഞ്ജനത്തിനായി തയ്യാറാക്കിയ മൊബൈൽ ടാങ്കിൽ ഗണപതി വിഗ്രഹം  ഇറക്കി ചടങ്ങ് പൂർത്തിയാക്കി വീട്ടിലെത്തിയ ശേഷമാണ് ഇരുവരും മാല നഷ്ടമായ കാര്യം ഓർക്കുന്നത്.

രാത്രി 10.30 ഓടെ ആശങ്കയോടെ നിമഞ്ജന സ്ഥലത്തേക്ക് ദമ്പതികൾ മടങ്ങിയെത്തിയപ്പോഴാണ് മാല ഒഴുക്കികളഞ്ഞ വിവരമറിഞ്ഞത്. വിഗ്രഹത്തിൽ മാല ശ്രദ്ധയിൽപ്പെട്ടിരുന്നെന്നും ഡ്യൂപ്ലിക്കേറ്റ് എന്ന ധാരണയിൽ വിഗ്രഹത്തിനൊപ്പം നിമഞ്ജനം ചെയ്തു എന്നുമായിരുന്നു സന്നദ്ധപ്രവർത്തകരുടെ മറുപടി. തുടർന്ന് നിമജ്ജന ടാങ്ക് വറ്റിച്ചാണ് മാല കണ്ടെത്തിയത്. 10,000 ലിറ്റർ വെള്ളം ഒഴിവാക്കി 300 വിഗ്രഹങ്ങളുടെ ചെളിയും നീക്കിയ ശേഷമാണ് മാല തിരികെ ലഭിച്ചത്. 

രാത്രി തുടങ്ങിയ പരിശ്രമം ഞായറാഴ്ച പകലാണ് പൂർത്തിയായത്. ദമ്പതികൾ പൊലീസിനെയും എംഎൽഎയെയും വിവരമറിയിച്ചു. സന്നദ്ധ പ്രവർത്തകരുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ നടന്ന പരിശോധനയിൽ ഞായറാഴ്ച ഉച്ചയ്ക്ക് 12.30 ഓടെയാണ് മാല കണ്ടെത്തിയത്.  

ENGLISH SUMMARY:

Bengaluru familly immersed Ganesh idol with 4 lakh worth gold chain