ക്രൂഡ് ഓയില്‍ വില ഇടിവില്‍ ഇന്ത്യന്‍ പൊതുമേഖലാ എണ്ണ കമ്പനികളുണ്ടാക്കുന്നത് വലിയ ലാഭമെന്ന് വിലയിരുത്തല്‍. രാജ്യത്ത് ചില്ലറ വില്‍പ്പന വില കുറവു വരുത്താത്തതിനാല്‍ ഭാരത് പെട്രോളിയം, ഇന്ത്യന്‍ ഓയില്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം എന്നിവ ഒരു ലീറ്റര്‍ പെട്രോളിന് 15 രൂപയാണ് ലാഭമുണ്ടാക്കുന്നത്. ഡീസല്‍ വിറ്റാല്‍ 12 രൂപയാണ് ലീറ്ററിന് ലഭിക്കുന്നത് എന്നാണ് റേറ്റിങ് ഏജന്‍സിയായ ഐസിആര്‍എയുടെ റിപ്പോര്‍ട്ട്.
Also Read: പെട്രോൾ, ഡീസൽ വില ഒക്ടോബറില്‍ കുറയ്ക്കും? എത്ര രൂപ കുറയും; കാരണങ്ങൾ
2024 മാര്‍ച്ച് മുതല്‍ രാജ്യത്ത് വില കുറയ്ക്കാത്ത സാഹചര്യത്തില്‍ സെപ്റ്റംബറിലെ അന്താരാഷ്ട്ര വിലയുമായി പരിശോധിക്കുമ്പോള്‍ ഇന്ത്യന്‍ ഓയില്‍ കമ്പനികള്‍ പെട്രോളിന് ലിറ്റിന് 15 രൂപയും ഡീസലിന് 12 രൂപയും ലാഭമുണ്ടാക്കുന്നു എന്നാണ് ഐസിആര്‍എ വിലയിരുത്തല്‍. ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി 2024 മാര്‍ച്ച് 15 നാണ് രാജ്യത്ത് അവസാനമായി ഇന്ധന വില കുറച്ചത്. പെട്രോളിനും ഡീസലിനും രണ്ട് രൂപയാണ് അന്ന് കുറച്ചത്.
Also Read: യുദ്ധത്തിൽ അടിയേറ്റ് സ്വർണ വില; സർവകാല ഉയരം തൊട്ട് മുന്നേറ്റം; ഇന്നത്തെ വില ഇങ്ങനെ
രാജ്യാന്തര വിലയില്‍ കാര്യമായ കുറവുണ്ടായിട്ടും രാജ്യത്ത് പെട്രോള്‍ വില ലിറ്ററിന് 100 രൂപയ്ക്കും ഡീസല്‍ വില 90 രൂപയ്ക്കും മുകളിലാണ്. 2023-24 സാമ്പത്തിക വർഷത്തില്‍ മൂന്ന് പൊതുമേഖലാ എണ്ണ കമ്പനികളും ചേര്‍ന്ന് 86,000 കോടി രൂപയുടെ സംയോജിത ലാഭമാണ് രേഖപ്പെടുത്തിയത്. ഇത് മുൻ സാമ്പത്തിക വർഷത്തേക്കാൾ 25 മടങ്ങ് കൂടുതലാണ്.
Also Read: പെട്രോൾ, ഡീസൽ വില കുറയ്ക്കാം; ഒറ്റ നിബന്ധനയെന്ന് സർക്കാർ
വില കുറയുമോ?
നിലവിലെ കമ്പനികളുടെ സാമ്പത്തിക സ്ഥിതി അനുസരിച്ച് പൊതുമേഖലാ എണ്ണ കമ്പനികള്‍ക്ക് 2-3രൂപ വരെ ഇന്ധന വിലയില്‍ കുറവ് വരുത്താമെന്നും ഐസിആര്‍എ വ്യക്തമാക്കി. മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പായി രാജ്യത്ത് പെട്രോള്‍ ഡീസല്‍ വില കുറച്ചേക്കുമെന്നാണ് അഭ്യൂഹം.
നവംബറിൽ നടക്കുന്ന തിരഞ്ഞെടുപ്പിന്റെ പെരുമാറ്റച്ചട്ടം ഒക്ടോബർ മധ്യത്തോടെ പ്രതീക്ഷിക്കുന്നതിനാൽ ഒക്ടോബർ അഞ്ചിന് ശേഷം വില കുറയ്ക്കാനുള്ള സാധ്യതയാണ് വിദേശ നിക്ഷേപ സ്ഥാപനമായ സിഎൽഎസ്എയുടെ വിലയിരുത്തല്‍.
ഇറാന്‍ യുദ്ധം ഭീഷണിയാകുമോ?
ഏപ്രിലിന് ശേഷം ക്രൂഡ് ഓയിൽ വില 20 ശതമാനം ഇടിഞ്ഞു. സെപ്റ്റംബറിൽ ക്രൂഡ് ഓയിൽ വിലയിൽ വലിയ ഇടിവുണ്ടായി. സെപ്റ്റംബർ 10ന് ബാരലിന് 69 ഡോളറിലേക്ക് വീണ് മൂന്ന് വർഷത്തെ താഴ്ന്ന വിലയിലെത്തി. എന്നാലിപ്പോള്‍ ക്രൂഡ് ഓയില്‍ വിലയില്‍ കഥ മാറുകയാണ്.
ഇസ്രയേലിലേക്ക് ഇറാന്‍ ആക്രമണം നടത്തിയതിന് പിന്നാലെ ക്രൂഡ് ഓയില്‍ വില അഞ്ച് ശതമാനം വര്‍ധിച്ചു. മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷം വലുതാകുന്ന സൂചനകളാണ് ക്രൂഡ് ഓയില്‍ വിലയില്‍ വര്‍ധനവ് വരുത്തിയത്.
ബ്രെന്‍ഡ് ക്രൂഡ് ബാരലിന് 75 ഡോളറിന് മുകളിലെത്തി. മേഖലയിലെ പ്രധാന രാജ്യവും ഒപെക് അംഗവുമായ ഇറാന്‍ സംഘര്‍ഷങ്ങളില്‍ നേരിട്ട് ഭാഗമാകുന്നത് എണ്ണ വിതരണത്തില്‍ തടസങ്ങളുണ്ടാക്കുമെന്ന ആശങ്കയാണ് വില ഉയര്‍ത്തുന്നത്. ആഗോള ക്രൂഡ് ഉത്പാദനത്തില്‍ മൂന്നിലൊന്നും മധ്യേഷ്യയില്‍ നിന്നാണ്.