petrol

ക്രൂഡ് ഓയില്‍ ഉത്പാദനം വെട്ടികുറയ്ക്കാനുള്ള തീരുമാനത്തില്‍ നിന്നും ഒപെക് രാജ്യങ്ങള്‍ പിന്മാറിയതോടെ ക്രൂഡ് ഓയില്‍ വില താഴുന്നു. ബാരലിന് 70 ഡോളറിന് താഴേക്ക് പോയതോടെ അവസരം നേട്ടമാക്കുകയാണ് പൊതുമേഖലാ എണ്ണ കമ്പനികള്‍. കമ്പനികളുടെ ഓഹരികള്‍ കഴിഞ്ഞ ദിവസങ്ങളിലായി നേട്ടത്തിലാണ്. 

അഞ്ച് ദിവസത്തിനിടെ 10 ശതമാനത്തിന് മുകളില്‍ നേട്ടമാണ് പൊതുമേഖലാ എണ്ണ കമ്പനികള്‍ ഉണ്ടാക്കിയത്. 13.12 ശതമാനം ഉയര്‍ന്ന ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷനാണ് നേട്ടത്തില്‍ മുന്നില്‍. ഭാരത് പെട്രോളിയം 8.65 ശതമാനവും ഇന്ത്യന്‍ ഓയില്‍ 9.21 ശതമാനവും ഉയര്‍ന്നു. ഒപെക് + രാജ്യങ്ങള്‍ ഉൽ‌പാദന വെട്ടിക്കുറവുകൾ ക്രമേണ പിൻവലിക്കാനുള്ള പദ്ധതികൾ പ്രഖ്യാപിച്ചതോടെയാണ് ക്രൂഡ് ഓയിൽ വിലയിൽ ഇടിവ് ഉണ്ടായത്. 

അടുത്ത രണ്ടു വര്‍ഷത്തിനിടെ പ്രതിദിനം 2.2 മില്യണ്‍ ബാരല്‍ എണ്ണ വിപണിയിലെത്തിക്കാനാണ് ഒപെക്സ്+ രാജ്യങ്ങളുടെ തീരുമാനം. ബെന്‍ഡ് ക്രൂഡ് വില ബാരലിന് 70 ഡോളറിന് താഴേക്ക് പോയി. ഇനിയും താഴേക്ക് പോകുമെന്ന വിലയിരുത്തലിലാണ് വിദഗ്ധര്‍.  

നിലവിലെ വിലയിടിവില്‍ എണ്ണ കമ്പനികളുടെ മാര്‍ക്കറ്റിങ് മാര്‍ജിന്‍ ചരിത്രപരമായ നിലവാരത്തിലേക്ക് ഉയരുമെന്നാണ് ബ്രോക്കറേജ് സ്ഥാപനമായ ജെഎം ഫിനാന്‍ഷ്യല്‍ വിലയിരുത്തുന്നത്.

നിലവിലെ വിലയില്‍ കമ്പനികളുടെ മാര്‍ക്കറ്റിങ് മാര്‍ജിന്‍ ഡീസലിന് ലിറ്ററിന് 8 രൂപയും പെട്രോളിന് 12 രൂപയുമാണെന്ന് എംകെ ഗ്ലോബല്‍ ഫിനാന്‍ഷ്യല്‍ സര്‍വീസ് വിലയിരുത്തുന്നു. വില കുറയുന്നതോടെ എല്‍പിജി സിലിണ്ടര്‍ വില്‍പ്പനയിലുണ്ടാകുന്ന നഷ്ടം നികത്താന്‍ സഹായിക്കുമെന്നും എംകെ വിലയിരുത്തുന്നു. 

വില കുറയുന്നതിനിടെ രാജ്യത്ത് പെട്രോള്‍ ഡീസല്‍ വില കുറച്ചേക്കാമെന്നും കമ്പനി നിരീക്ഷിക്കുന്നുണ്ട്. എല്‍പിജി സിലണ്ടറില്‍ നിന്നുള്ള നഷ്ടമാണ് കമ്പനികളെ വിലകുറയ്ക്കുന്നതില്‍ നിന്നും പിന്നോട്ടടിക്കുന്നത്. 200 ബില്യൺ രൂപയുടെ എൽപിജി സബ്സിഡി ഉൾപ്പെടെ സർക്കാർ പിന്തുണ ലഭിക്കുമെന്ന പെട്രോളിയം മന്ത്രാലയത്തിന്റെയും കമ്പനി എക്സിക്യൂട്ടീവുകളുടെയും പ്രസ്താവനകള്‍ യാഥാര്‍ഥ്യമായാല്‍ വില കുറയാനുള്ള സാഹചര്യമൊരുങ്ങും. 

ക്രൂഡ് ഓയില്‍ വില ബാരലിന് 70 ഡോളറിലേക്ക് പോയാല്‍ റീട്ടെയില്‍ വില കുറയ്ക്കാമെന്നാണ് നേരത്തെ കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി പറഞ്ഞത്. 2024 മാര്‍ച്ചിലാണ് എണ്ണ കമ്പനികള്‍ അവസാനമായി വില കുറച്ചത്. രണ്ട് രൂപ വീതമാണ് പെട്രോളിനും ഡീസലിനും വില കുറഞ്ഞത്. ഇന്ന് കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 105.49  രൂപയും ഡീസലിന് 94.48 രൂപയുമാണ്.

ENGLISH SUMMARY:

Crude oil prices drop below $70 per barrel after OPEC+ countries announce plans to ease production cuts. Public sector oil stocks surge, with HPCL gaining 13.12%, BPCL 8.65%, and IOC 9.21%.