• സ്വര്‍ണ വില സര്‍വകാല ഉയരത്തില്‍
  • ഒരു പവന്‍ വാങ്ങാന്‍ ചെലവ് 65,000 രൂപയ്ക്ക് മുകളില്‍

തുടർച്ചയായ രണ്ടാം ദിവസവും കേരളത്തിൽ സ്വർണ വില വർധിച്ചു. പവന് 160 രൂപ വർധിച്ച്  57,280 രൂപയിലാണ് വ്യാഴാഴ്ചയിലെ വ്യാപാരം.  ഗ്രാമിന് 20 രൂപ വർധിച്ച് 7,160 രൂപയിലെത്തി. കേരളത്തിൽ ചരിത്രത്തിലെ ഉയർന്ന വിലയാണിത്. രാജ്യാന്തര വിപണിയിൽ സ്വർണ വില വീണ്ടും റെക്കോർഡ് ഉയരത്തിലേക്ക് മടങ്ങിയെത്തിയതാണ് കേരളത്തിലും വിലയെ സ്വാധീനിച്ചത്. 

സ്വർണ വില 57,280 രൂപയാണെങ്കിലും ഒരു പവൻ വാങ്ങാൻ 65,000 രൂപയോളം ചെലവാക്കേണ്ടതായി വരും. സ്വർണത്തിന്‍റെ വില, പണിക്കൂലി, ഹാൾമാർക്ക് ചാർജ്, ജി.എസ്.ടി എന്നിവയാണ് ചേർത്താണ് ആഭരണ വില കണക്കാക്കുന്നത്. 10 ശതമാനം പണിക്കൂലിയുള്ള സ്വർണാഭരണത്തിന് ഇന്ന് ചെലവാകുന്ന തുക 65,00 രൂപയ്ക്കടുത്താണ്. പണിക്കൂലിക്ക് അനുസരിച്ച് വിലയിലും വ്യത്യാസം വരും.

രാജ്യാന്തര വിപണിയിൽ സ്വർണ വില സർവകാല ഉയരത്തിന് അടുത്താണ്. സ്പോട്ട് ഗോൾഡ് വ്യാപാരത്തിനിടെ 2,685 ഡോളറിലേക്ക് കുതിച്ചു. നിലവിൽ 2679 ഡോളറിനടുത്താണ് സ്വർണ വില. കേന്ദ്ര ബാങ്കുകളിൽ നിന്ന് പ്രതീക്ഷിക്കുന്ന പലിശ നിരക്ക് കുറയ്ക്കൽ നടപടികളും മധ്യേഷ്യയിലെ സംഘർഷങ്ങൾ രൂക്ഷമാകുന്നതുമാണ് സ്വർണ വിലയെ ഉയർത്തുന്നത്. ഈ നിലവാരത്തിൽ സ്വർണ വില മുന്നോട്ട് പോയാൽ 2,700 ഡോളർ മറികടക്കാനാണ് സാധ്യത. അങ്ങനെയെങ്കിൽ കേരളത്തിലും വില വർധിക്കും. സെപ്റ്റംബർ 26 ന് രേഖപ്പെടുത്തിയ 2,685.42 ഡോളറാണ് ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന സ്വർണ വില.

സമീപകാലത്ത് എണ്ണ വിലയിലുണ്ടായ ഇടിവ് പണപ്പെരുപ്പത്തെ ലഘൂകരിക്കുകയും കേന്ദ്ര ബാങ്കുകളെ പലിശ നിരക്ക് കുറയ്ക്കാൻ സഹായിക്കുയും ചെയ്യും. പലിശ നിരക്ക് കുറയുന്നതോടെ സ്വർണത്തിലേക്ക് എത്തുന്നതാണ് വില വർധനയ്ക്ക് കാരണം. യൂറോപ്യൻ സെൻട്രൽ ബാങ്ക് ഈ വർഷത്തെ മൂന്നാമത്തെ പലിശ നിരക്ക് കുറയ്ക്കലിലേക്ക് കടക്കുമെന്നാണ് സൂചന.  അതേസമയം പണപ്പെരുപ്പം കുറഞ്ഞതോടെ നവംബറിൽ ബാങ്ക് ഓഫ് ഇംഗ്ലണ്ടും നിരക്ക് കുറയ്ക്കുമെന്നാണ് സൂചന. അമേരിക്കയിൽ നവംബർ യോ​ഗത്തിൽ കാൽശതമാനം പലിശ കുറയ്ക്കാനുള്ള സാധ്യതയും നിക്ഷേപകർ കാണുന്നു. 

ENGLISH SUMMARY:

Kerala gold price rise Rs 160 per pavan on thursday and hit all time high.