തുടർച്ചയായ മൂന്നാം ദിവസവും സ്വർണ വിലയില്‍ റെക്കോര്‍ഡ് കുതിപ്പ്. പവന് 640 രൂപ വർധിച്ച് 57,920 രൂപയിലാണ് വെള്ളിയാഴ്ചത്തെ വ്യാപാരം. ഗ്രാമിന് 80 രൂപ വർധിച്ച് 7,240 രൂപയിലെത്തി. കേരളത്തിൽ ചരിത്രത്തിലെ ഉയർന്ന വിലയാണിത്. രാജ്യാന്തര വിപണിയിൽ സ്വർണ വില വീണ്ടും റെക്കോർഡ് ഉയരത്തിലേക്ക് മടങ്ങിയെത്തിയതാണ് കേരളത്തിലും വിലയെ സ്വാധീനിച്ചത്. സ്വർണ വില പവന് 58,000 കടക്കാന്‍ വെറും 80 രൂപയുടെ വ്യത്യാസം മാത്രമാണുള്ളത്.
കഴിഞ്ഞ ദിവസം പവന് 360 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില ആദ്യമായി 57,000 കടന്നത്. ഈ മാസത്തിന്റെ തുടക്കത്തില്‍ 56,400 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. 57,120 രൂപയായി ഉയര്‍ന്ന് 17ന് രേഖപ്പെടുത്തിയ റെക്കോര്‍ഡ് പഴങ്കഥയാക്കിയാണ് സ്വര്‍ണവില കുതിക്കുന്നത്. ഒന്‍പത് ദിവസത്തിനിടെ 1720 രൂപയാണ് വര്‍ധിച്ചത്.
സ്വർണ വില 57,920 രൂപയാണെങ്കിലും ഒരു പവൻ വാങ്ങാൻ 65,000 രൂപയിലേറെ ചെലവാക്കേണ്ടതായി വരും. സ്വർണത്തിന്‍റെ വില, പണിക്കൂലി, ഹാൾമാർക്ക് ചാർജ്, ജി.എസ്.ടി എന്നിവയാണ് ചേർത്താണ് ആഭരണ വില കണക്കാക്കുന്നത്. 10 ശതമാനം പണിക്കൂലിയുള്ള സ്വർണാഭരണത്തിന് ഇന്ന് ചെലവാകുന്ന തുക 6,500 രൂപയ്ക്കടുത്താണ്. പണിക്കൂലിക്ക് അനുസരിച്ച് വിലയിലും വ്യത്യാസം വരും.
രാജ്യാന്തര വില അതിരില്ലാത്ത കുതിപ്പ് തുടരുകയാണ്. സ്പോട്ട് ഗോൾഡിന് സെപ്റ്റംബർ 26ന് 2685 ഡോളർ എത്തിയിരുന്നു. ഇതും മറികടന്ന് മുന്നേറുകയാണ് സ്വര്‍ണവില. 2,700 ഡോളർ ഭേദിച്ച് 2713 ൽ പുതിയ ഉയരം കുറിച്ച സ്വർണ വില,നിലവില്‍ 2710 രൂപയിലാണ് വ്യാപാരം നടക്കുന്നത്. യുദ്ധ ഭീതിയും കേന്ദ്ര ബാങ്കുകളുടെ പലിശ കുറയ്ക്കൽ തീരുമാനങ്ങളുമാണ് വില വർധനയ്ക്ക് ഇന്ധനം.
കേന്ദ്ര ബാങ്കുകളിൽ നിന്ന് പ്രതീക്ഷിക്കുന്ന പലിശ നിരക്ക് കുറയ്ക്കൽ നടപടികളും മധ്യേഷ്യയിലെ സംഘർഷങ്ങൾ രൂക്ഷമാകുന്നതുമാണ് സ്വർണ വില ഉയർത്തുന്നത്.