gold

കേരളത്തിൽ സ്വർണ വിലയിൽ വീണ്ടും വർധന. പവന് 120 രൂപ വർധിച്ച് 57,200 രൂപയിലാണ് തിങ്കളാഴ്ചയിലെ സ്വർണ വില. ഗ്രാമിന് 25 രൂപ വർധിച്ച് 7150 രൂപയിലെത്തി. ശനിയാഴ്ച ഇടിവോടെ 57080 രൂപയിലാണ് സ്വർണം വ്യാപാരം അവസാനിപ്പിച്ചത്. വർഷാവാസനത്തിൽ രാജ്യാന്തര വില ഉയർന്നതോടെയാണ് കേരളത്തിലും സ്വർണ വില ഉയരുന്നത്.  

Also Read: സ്വർണ വില വർധിച്ചത് 14,000 രൂപ; 2025 ല്‍ കൂടുമോ കുറയുമോ?; നിഗമനങ്ങള്‍ ഇങ്ങനെ

പത്ത് ശതമാനം പണിക്കൂലിയുള്ള സ്വർണാഭരണം വാങ്ങാൻ ഇന്ന് ഏകദേശം 65,000 രൂപയോളം നൽകണം. സ്വർണത്തിന്റെ വില, പണിക്കൂലി, ഹാൾമാർക്ക് ചാർജ്, ജി.എസ്.ടി എന്നിവ ചേർത്തുള്ള വിലയാണ് ഇത്. സ്വർണാഭരണത്തിന്റെ ഡിസൈൻ അനുസരിച്ചാകും പണിക്കൂലി ചുമത്തുക. 5, 10 ശതമാനം പണിക്കൂലിയിൽ സാധാരണ സ്വർണാഭരണം ലഭിക്കും. 45 രൂപയാണ് ഹാൾമാർക്ക് ചാർജ്. ഇതിന് 18 ശതമാനം ജിഎസ്ടി സഹിതം 53.10 രൂപ നൽകണം. ഇതെല്ലാം ചേർത്ത തുകയ്ക്ക് മുകളിൽ മൂന്ന് ശതമാനം ജിഎസ്ടി നൽകണം

മധ്യേഷ്യയിൽ ഇസ്രയേൽ ആക്രമണം ശക്തമാക്കിയതാണ് തിങ്കളാഴ്ച വില വർധിപ്പിച്ചത്. സ്പോട്ട് ഗോൾഡ് ഔൺസിന് 2627 ഡോളർ വരെ ഉയ​ർന്നു. നവംബറിൽ ഡൊണാൾഡ് ട്രംപിന്റെ വിജയത്തിന് ശേഷം വില ഇടിഞ്ഞ സ്വർണം കൃത്യമായ ദിശ ലഭിക്കാതെ ചാഞ്ചാടുകയാണ്.  58,280 രൂപ വരെ വർധിച്ച സ്വർണ വില പിന്നീട് 56,320 രൂപയിലേക്ക് താഴ്ന്നിരുന്നു. 

ഈ വർഷത്തിൽ ഇതുവരെ 27 ശതമാനമാണ് രാജ്യാന്തര വിലയിലുണ്ടായ മുന്നേറ്റം. സ്പോട്ട് ​ഗോൾഡ് ഒക്ടോബർ 31 ന് 2790.15 ഡോളറിൽ സർവകാല ഉയരം തൊട്ടു. സെപ്റ്റംബറിൽ ഫെഡറൽ റിസർവിന്റെ പലിശ നിരക്ക് കുറയ്ക്കലും രാജ്യാന്തര സംഘർഷങ്ങളുമാണ് വില വർധനവിന് കാരണമായത്. 2025 ലെ സ്വർണത്തിന്റെ ചലനം സംബന്ധിച്ച വ്യക്തതയ്ക്കായി കാത്തിരിക്കുകയാണ് വിപണി. 

നിയുക്ത പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ജനുവരിയിൽ ചുമതലയേൽക്കുന്നതോടെ 2025 ൽ താരിഫ്, നികുതി മാറ്റങ്ങൾ എന്നിവ ഉൾപ്പെടെയുള്ള ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.  തുടർച്ചയായി പലിശ നിരക്കുകൾ വെട്ടിക്കുറച്ച ഫെഡറൽ റിസർവ് 2025-ൽ നിരക്ക് കുറയ്ക്കലിന്റെ വേ​ഗം കുറയ്ക്കുമെന്ന സൂചന നൽകിയിട്ടുണ്ട്.

ENGLISH SUMMARY:

Kerala Gold Price Rise Rs 120 Per Pavan and Reach Rs 57,200 on Monday