അതിശയകരമായി ഒന്നുമില്ല, സ്വര്‍ണവിലയിലെ കുതിപ്പിന്‍റെ ട്രെന്‍ഡ് തുടരുകയാണ്. ശനിയാഴ്ച പവന് 320 രൂപ വര്‍ധിച്ച് 58,240 രൂപയിലെത്തി. ഗ്രാമിന് 40 രൂപയുടെ വര്‍ധനയോടെ 7280 രൂപയിലെത്തി. ആദ്യമായാണ് കേരളത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില 58,000 രൂപ കടക്കുന്നത്. ഒക്ടോബര്‍ മാസത്തില്‍ തന്നെയാണ് സ്വര്‍ണ വില 57000 രൂപ മറികടന്നതും.
ഈ ആഴ്ച ആദ്യം വ്യാപാരം തുടങ്ങിയത് 56,960 രൂപയിലാണ്. 1,280 രൂപ യുടെ വര്‍ധനയോടെയാണ് സ്വര്‍ണം ഈ ആഴ്ചയിലെ വ്യാപാരം അവസാനിപ്പിക്കുന്നത്. പരിധിയില്ലാതെ സ്വര്‍ണ വില കുതിക്കുമ്പോള്‍ ആഭരണം വാങ്ങുന്നവരാണ് പ്രതിസന്ധിയിലാകുന്നത്. 10 ശതമാനം പണിക്കൂലിയില്‍ ഒരു പവന്‍ ആഭരണം വാങ്ങാന്‍ ഇന്ന് 66,000 രൂപയോളം വേണം. സ്വർണത്തിന്‍റെ വില, പണിക്കൂലി, ഹാൾമാർക്ക് ചാർജ്, ജി.എസ്.ടി എന്നിവയാണ് ചേർത്താണ് ആഭരണ വില കണക്കാക്കുന്നത്.
58,240 രൂപ ഒരു പവന് ചെലവ് വരുമ്പോള്‍ പണിക്കൂലി 5,824 രൂപ വരും. ഹാൾമാർക്ക് ചാർജ് (45+18% ജിഎസ്ടി) 53.10 രൂപ. രണ്ടും ചേര്‍ത്താല്‍ 64,117 രൂപ വരും. ഇതിന് മുകളില്‍ മൂന്ന് ശതമാനം ജിഎസ്ടിയായ 1,923 രൂപ ചേര്‍ക്കും. ഇതടക്കം ഏകദേശം 66,040 രൂപ വേണം ഒരു പവന്‍റെ ആഭരണം വാങ്ങാന്‍.
വില ഉയരുന്നത് എന്തുകൊണ്ട്?
രാജ്യാന്തര വില കത്തിക്കയറുന്നതാണ് കേരളത്തിലും വില ഉയര്‍ത്തുന്നത്. രാജ്യാന്തര സ്വര്‍ണ വില 2723 ഡോളറോളം ഉയര്‍ന്ന ശേഷം 2,720.80 ഡോളറിലാണുള്ളത്. യുഎസ് തിരഞ്ഞെടുപ്പ് സംബന്ധിച്ച ആശങ്ക, മധ്യേഷ്യയിലെ സംഘര്‍ഷം എന്നിവ വിലക്കയറ്റത്തിന് ഇന്ധമായി. യുഎസ് ഡോളറും ബോണ്ട് യീല്‍ഡും ഇടിഞ്ഞത് സ്വര്‍ണത്തിന് ഡിമാന്‍റ് കൂട്ടി. ഇസ്രയേലിന് നേരെ ആക്രമണം ശക്തമാക്കുമെന്ന ഹിസ്ബുല്ലയുടെ മുന്നറിയിപ്പും ചൈനയില്‍ മൂന്നാം പാദ ജിഡിപി വളര്‍ച്ച പ്രതീക്ഷിച്ചതിനേക്കാള്‍ ഉയര്‍ന്നതും സ്വര്‍ണത്തിന് നേട്ടമായി.
ഇനിയും വില ഉയരും?
വിവിധ കേന്ദ്ര ബാങ്കുകള്‍ പലിശ നിരക്ക് കുറയ്ക്കാന്‍ പോകുകയാണ്. ബ്രിട്ടണില്‍ പണപ്പെരുപ്പം നന്നേ കുറഞ്ഞത് നവംബറില്‍ പലിശ കുറയ്ക്കുമെന്ന സാധ്യത ഉയര്‍ത്തി. കഴിഞ്ഞ ദിവസം യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് പലിശ നിരക്ക് കുറച്ചിരുന്നു. നവംബറിലെ യോഗത്തില്‍ യുഎസും പലിശ നിരക്കില്‍ കാല്‍ ശതമാനം കുറവ് വരുത്തിയേക്കും.
2,750 ഡോളറാണ് സ്വര്‍ണത്തിന് മുന്നിലുള്ള പ്രതിരോധനം. ഇത് മറികടക്കാനായാല്‍ 2,800 ഡോളറിലേക്ക് കുതിക്കും. അതേസമയം ആറുമുതല്‍ 12 മാസത്തിനുള്ളില്‍ 3,000 ഡോളറിലേക്ക് എത്തുമെന്നാണ് വിദഗ്ധരുടെ നിഗമനം. അങ്ങനെയെങ്കില്‍ കേരളത്തിലും സ്വര്‍ണ വില കുതിക്കും.