രാജ്യാന്തര വില കുതിച്ചു കയറുന്നതിനിടെ കേരളത്തിലും സ്വർണ വിലയിൽ റെക്കോർഡ്. പവന് 160 രൂപ വർധിച്ച് 58,400 രൂപയിലേക്കാണ് സ്വർണ വിലയുടെ മുന്നേറ്റം. ഗ്രാമിന് 20 രൂപ വർധിച്ച് 7,300 രൂപയിലെത്തി. ആദ്യമായാണ് കേരളത്തിലെ സ്വർണ വില ഈ നിലവാരത്തിലെത്തുന്നത്. ഈ മാസത്തെ താഴ്ന്ന നിലവാരം 56,200 രൂപയായിരുന്നു. ഇവിടെ നിന്ന് 2,200 രൂപയാണ് സ്വർണ വിലയിലുണ്ടായ വർധന.
Also Read: സാധാരണക്കാരന്‍റെ കയ്യിൽ നിൽക്കാതെ സ്വർണ വില; വില ഉയരുമ്പോൾ തന്ത്രം മാറ്റി; നേട്ടം
ഇതോടെ കേരളത്തിൽ ഒരു പവൻ വാങ്ങുന്നതിനുള്ള ചെലവ് 65,000 രൂപയും ഭേദിച്ച് മുന്നേറുകയാണ്. ഇന്നത്തെ സ്വർണ വില പ്രകാരം പത്ത് ശതമാനം പണിക്കൂലിയിൽ ഒരു പവൻ ആഭരണം വാങ്ങാൻ 66,000 രൂപയ്ക്കടുത്ത് ചെലവാക്കണം.
സ്വർണം വാങ്ങാൻ വമ്പൻ ചെലവ്
സ്വർണത്തിൻറെ വില, പണിക്കൂലി, ഹാൾമാർക്ക് ചാർജ്, ജി.എസ്.ടി എന്നിവയാണ് ചേർത്താണ് ആഭരണ വില കണക്കാക്കുന്നത്. പവന്
58,400 രൂപ വരുമ്പോൾ പത്ത് ശതമാനം പണിക്കൂലി 5,840 രൂപ വരും. ഹാൾമാർക്ക് ചാർജ് (45+18% ജിഎസ്ടി) 53.10 രൂപ. രണ്ടും ചേർത്താൽ 64,293 രൂപ വരും. ഇതിന് മുകളിൽ മൂന്ന് ശതമാനം ജിഎസ്ടിയായ 1,929 രൂപ ചേർക്കും. ഇതടക്കം ഏകദേശം 66,222 രൂപ ചെലവാക്കിയാലാണ് ഒരു പവൻ ആഭരണം വാങ്ങാനാവുക.
2,700 ഡോളറും കടന്ന് സ്വർണ വില
ഒന്നിലധികം അനുകൂല ഘടങ്ങളുള്ളതിനാൽ സ്വർണ വില രാജ്യാന്തര വിപണിയിൽ 2,730 ഡോളറും കടന്ന് മുന്നേറുകയാണ്. 2733.20 ഡോളറിൽ പുതിയ ഉയരം കുറിച്ച സ്വർണ വില 2731 ഡോളറിലാണ് വ്യാപാരം നടക്കുന്നത്.
പശ്ചിമേഷ്യയിൽ ഇസ്രയേൽ കേന്ദ്രീകരിച്ച് നടക്കുന്ന യുദ്ധം ശക്തമാകുന്നു എന്ന സൂചനകൾ, അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ അനിശ്ചിതത്വം, കേന്ദ്ര ബാങ്കുകളുടെ പലിശ നിരക്ക് കുറയ്ക്കാനുള്ള തീരുമാനങ്ങൾ എന്നിവ സ്വർണത്തിന് മുന്നോട്ടുള്ള കുതിപ്പിന് ഊർജമാകുന്നു.
തീവിലയ്ക്ക് കാരണം അമേരിക്കയും ഇസ്രയേലും
ഹിസ്ബുല്ല ഇസ്രയേലിന് നേർക്ക് ആക്രമണം ശക്തമാക്കിയതും ഹമാസ് തലവൻ യഹ്യ സിൻവാറിന്റെ കൊലപാതത്തിന് ശേഷവും സംഘർഷം അയയാത്തതും ഇറാനെതിരെ ഇസ്രയേൽ തിരിച്ചടിക്ക് ഒരുങ്ങുന്നു എന്ന സൂചനയും സുരക്ഷിത നിക്ഷേപമായി സ്വർണത്തിന് ഡിമാന്റ് ഉയർത്തുന്നുണ്ട്.
അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപും കമലാ ഹാരിസും തമ്മിലുള്ള ഇഞ്ചോടിഞ്ച് പോരാട്ടത്തിലെ അനിശ്ചിതത്വവും സ്വർണം നേട്ടമാക്കി.
ഈ വർഷം മൂന്നാമത്തെ തവണ അടിസ്ഥാന പലിശ നിരക്ക് കുറച്ച യൂറോപ്യൻ കേന്ദ്ര ബാങ്ക് നടപടി, നവംബർ യോഗത്തിൽ ഫെഡറൽ റിസർവും ബാങ്ക് ഓഫ് ഇംഗ്ലണ്ടും പലിശ നിരക്ക് കുറയ്ക്കുമെന്ന സൂചനയും സ്വർണത്തിന് നേട്ടമാണ്.