വ്യാഴാഴ്ച ഒരു ഇടവേള എടുത്ത ശേഷം സ്വർണ വില വീണ്ടും മുന്നോട്ട് ഓടാൻ തുടങ്ങിയിട്ടുണ്ട്. വെള്ളിയാഴ്ച 80 രൂപ വർധിച്ച് 58,360 രൂപയിലാണ് സ്വർണ വില. പവന് 58,720 രൂപയാണ് കേരളത്തിൽ ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന വില. രാജ്യാന്തര വില ഉയർന്ന നിലവാരത്തിലെത്തിയപ്പോൾ നടന്ന ചെറിയ ലാഭമെടുപ്പാണ് നേരിയ ഇടിവിന് കാരണമായത്. എന്നാൽ സുരക്ഷിത നിക്ഷേപമെന്ന നിലയ്ക്ക് ദിനംപ്രതി കരുത്താകുകയാണ് സ്വർണം.

പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ രൂക്ഷമാകുന്നതും, അമേരിക്കൻ തിരഞ്ഞെടുപ്പിൽ ആര് വിജയിക്കുമെന്ന അനിശ്ചിതത്വവുമാണ് നിലവിൽ സ്വർണത്തിന് സുരക്ഷിത നിക്ഷേപമെന്ന ഡിമാന്‍റ് വർധിപ്പിക്കുന്നത്. ബെയ്‌റൂട്ടിൽ ഇസ്രയേൽ നടത്തുന്ന ബോംബിങ് തുടരുന്നത് സംഘർഷം രൂക്ഷമാകുന്നു എന്ന സൂചനയാണ്. ഇതിനൊപ്പം റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥി ഡോണാൾ‍ഡ് ട്രംപിന് നേരിയ മുൻതൂക്കമുണ്ടെന്ന വാർത്തകളും സ്വർണത്തെ തീപിടിപ്പിക്കുകയാണ്.

വിസ്കോൺസിൻ, നോർത്ത് കരോലിന തുടങ്ങിയ പ്രധാന സംസ്ഥാനങ്ങളിൽ ട്രംപ് മുന്നേറുന്നു എന്നാണ് വാർത്ത. അമേരിക്കൻ പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ ട്രംപിന്‍റെ വിജയ സാധ്യതയെ ഇത് കാണിക്കുന്നു. ട്രംപിൻ്റെ വിജയം നിലവിലുള്ള രാഷ്ട്രീയ ക്രമത്തെ തകിടം മറിക്കുന്നതിനാൽ സ്വർണ വില വർധിക്കാനാണ് സാധ്യത. 

രാജ്യാന്തര വില 2,725 ഡോളറിലാണ് സ്വർണം വ്യാപാരം നടക്കുന്നത്. 2,758 ഡോളറാണ് സ്വർണത്തിന്‍റെ ഇതുവരെയുള്ള ഏറ്റവും ഉയർന്ന നിലവാരം. 2,758 ഡോളർ എന്ന നിരക്കിന് മുകളിലേക്ക് സ്വർണ വില എത്തിയാൽ 3,000 ഡോളർ നിലവാരം കടക്കുമെന്നാണ് വിലയിരുത്തുന്നത്. മൂന്ന് മാസത്തിനിടെ സ്വർണ വില കുതിപ്പ് തുടരുമെന്നാണ് അമേരിക്കൻ നിക്ഷേപ ബാങ്കായ സിറ്റി വ്യക്തമാക്കുന്നത്. 

യുഎസ് തൊഴിൽ വിപണിയിലെ തകർച്ച, ഫെഡറൽ റിസർവിന്റെ പലിശ നിരക്ക് കുറയ്ക്കൽ, ഇടിഎഫ് വാങ്ങൽ എന്നിവ ചൂണ്ടിക്കാട്ടി സിറ്റി ​ഗ്രൂപ്പ് സ്വർണ വിലയിൽ മൂന്ന് മാസത്തെ പ്രവചനം ഉയർത്തിയിട്ടുണ്ട്. മൂന്ന് മാസത്തിനുള്ളിൽ സ്വർണ വില രാജ്യാന്തര വിപണിയിൽ 2,800 ഡോളറിലെത്തുമെന്നാണ് പ്രവചനം. ആറു മുതൽ 12 മാസത്തിനുള്ളിൽ 3,000 ഡോളർ ഭേദിക്കുമെന്നും പ്രവചനമുണ്ട്. 

അങ്ങനെയങ്കിൽ കേരളത്തിലും സമാനമായ മുന്നേറ്റമുണ്ടാകും. 2,800 ഡോളറിലേക്ക് സ്വർണവില കുതിച്ചാൽ കേരളത്തിൽ സ്വർണ വില ഏകദേശം 66,000 രൂപയിലേക്ക് എത്തും. 3,000 രൂപയിലെത്തിയാൽ കേരളത്തിൽ പവന് 70,000 ഡോളർ ഭേദിക്കാനാണ് സാധ്യത. 

ENGLISH SUMMARY:

Spot gold forcast says Price reach 3000 dollar; Kerala gold price will rise 70,000 per pavan