സ്വർണത്തിൽ താൽപര്യമുള്ളവർക്ക് പ്രതീക്ഷ നൽകിയ ദിവസമായിരുന്നു ജൂലായ് 23 ന്. രണ്ട് തവണകളായി കേരളത്തിൽ സ്വർണ വില കുറഞ്ഞത് 2,200 രൂപ. സമീപ കാലത്തെ ഏറ്റവും വലിയ പ്രതിദിന കുറവോടെ 51,960 രൂപയിലായിരുന്നു അന്നത്തെ സ്വർണ. ബജറ്റിൽ സ്വർണത്തിന്‍റെ ഇറക്കുമതി തീരുവ ആറു ശതമാനമാക്കി കുറച്ചതോടെ വില കുറയുമെന്ന പ്രതീക്ഷ ഒന്ന് രണ്ട് ദിവസങ്ങൾകൊണ്ട് കെട്ടടങ്ങി.
ഓഗസ്റ്റും സെപ്റ്റംബറും കഴിഞ്ഞ് ഒക്ടോബർ അവസാനിക്കാനിരിക്കെ 60,000 രൂപ കടക്കാൻ തയ്യാറായി ഇരിക്കുകയാണ് കേരളത്തിലെ സ്വർണ വില. ഇത് ഇവിടെയും നിൽക്കില്ലെന്ന സൂചനയിൽ സ്വർണത്തിന് തീപിടിക്കുകയാണ്. എന്താണ് വില വർധനവിന് കാരണം.
10 മാസം കൂടിയത് 13,000 രൂപ
വിവിധ രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകൾ തുടർച്ചയായി സ്വർണം വാങ്ങുന്നത്, യുഎസിലെ ഫെഡറൽ അടക്കമുള്ള കേന്ദ്ര ബാങ്കുകൾ അടിസ്ഥാന പലിശ നിരക്ക് കുറയ്ക്കുന്നത്, രാജ്യങ്ങൾ തമ്മിലുള്ള സംഘർഷം, ചൈനീസ് കേന്ദ്ര ബാങ്കിന്‍റെ സമീപകാല സാമ്പത്തിക പരിഷ്കാര നടപടികൾ മുതൽ അമേരിക്കയിൽ നടക്കുന്ന പ്രസിഡന്‍റ് തിരഞ്ഞെടുപ്പ് വരെ സ്വർണ വില വർധനയ്ക്ക് കാരണമായിട്ടുണ്ട്.
2024 ന്‍റെ ആരംഭത്തിൽ 2,063.73 ഡോളറിലായിരുന്നു രാജ്യാന്തര വിപണിയിൽ സ്വർണവില. ഒക്ടോബറില്‍ ഇത് 2,758 ഡോളർ വരെ ഉയർന്നു. 10 മാസത്തിനിടെ 33 ശതമാനത്തിന്‍റെ വർധന. കേരളത്തിൽ ജനുവരിയിൽ 46,520 രൂപയിലുണ്ടായിരുന്ന സ്വർണ വില ഫെബ്രുവരിയിൽ മാത്രമാണ് ഒന്ന് താഴേക്ക് പോയത്. 45,520 രൂപയിലെത്തിയതിന് ശേഷം പിന്നീട് കുതിപ്പായിരുന്നു. ശനിയാഴ്ചയിലെ 58,880 രൂപ പ്രകാരം 10 മാസത്തിനിടെ 13,000 രൂപയിലധികം വില വർധനവുണ്ടായി.
Also Read: മൂന്ന് മാസത്തേക്ക് സ്വർണ വില കുതിക്കും; രാജ്യാന്തര വില 3,000 ഡോളറിലേക്ക്; കേരളത്തിൽ എങ്ങനെ ബാധിക്കും
പലിശ കുറയുന്നു സ്വര്‍ണം ഉയരുന്നു
പണപ്പെരുപ്പം കുറയുന്നതും സമ്പദ്‍വ്യവസ്ഥ ആരോഗ്യകരമാകുന്നതും കാരണം 2024-ൽ യുഎസ് ഫെഡറൽ റിസർവ് മൂന്ന് തവണെങ്കിലും അടിസ്ഥാന പലിശ നിരക്ക് കുറയ്ക്കുമെന്ന കണക്കുകൂട്ടലിലാണ് ആദ്യമാസങ്ങളിൽ സ്വർണ വില കുതിച്ചത്. സെപ്റ്റംബർ മാസത്തിൽ നടന്ന ഫെഡ് യോഗത്തിൽ അപ്രതീക്ഷിതമായി അരശതമാനം നിരക്ക് കുറച്ചതോടെ സ്വർണ വിലയിൽ വലിയ മുന്നേറ്റമുണ്ടായി. പലിശ കുറയുമ്പോൾ ഡോളറിലും ബോണ്ട് യീൽഡും താഴുകയും ഈ നിക്ഷേപങ്ങൾ സ്വർണത്തിലേക്ക് എത്തുകയും ചെയ്യും. ഇതാണ് വില വർധിപ്പിക്കുന്നത്.
യുഎസിലെ പലിശ നിരക്ക് 4.75-5 ശതമാനം പരിധിയിലാണ്. നവംബറിൽ നടക്കാനിരിക്കുന്ന യോഗത്തിൽ കാൽ ശതമാനത്തിന്‍റെ കുറവാണ് പലിശ നിരക്കില്‍ വിപണി പ്രതീക്ഷിക്കുന്നത്. ഇതിനോടൊപ്പം ബാങ്ക് ഓഫ് ഇംഗ്ലണ്ട് അടക്കമുള്ള ബാങ്കുകളും വരുന്ന മാസത്തിൽ പലിശ നിരക്ക് കുറച്ചേക്കാമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് വില വർധനയ്ക്ക് കാരണമാകുന്നതിനാൽ സ്വർണത്തിന് തിരിച്ചടിയാണ്.
സ്വര്‍ണം ട്രംപിനെ പേടിക്കുന്നത് എന്തിന്?
യുഎസ് പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ മത്സരം ഇഞ്ചോടിഞ്ചെന്നാണ് വിവരം. ഈ അനിശ്ചിതത്വം സ്വര്‍ണ വില ഉയര്‍ത്തുന്നുണ്ട്. അതിനൊപ്പമാണ് ട്രംപിന് മുന്‍തൂക്കം എന്നുള്ള കഴിഞ്ഞ ദിവസത്തെ വാര്‍ത്തകള്‍. നിര്‍ണായകമായ ചില സ്റ്റേറ്റുകളില്‍ ട്രംപിന് മുന്‍തൂക്കമെന്നാണ് വിവരം. എന്തിനാണ് സ്വര്‍ണം ട്രംപിനെ പേടിക്കുന്നത്.
2016 ൽ ട്രംപ് ഹിലരി ക്ലിന്‍റനെതിരെ മത്സരിച്ചപ്പോഴും സ്വര്‍ണ വില ഉയര്‍ന്നിരുന്നതായി കാണാം. തിരഞ്ഞെടുപ്പിന് മുന്‍പുള്ള ആഴ്‌ചകളിൽ സ്വർണ വില ഏകദേശം 50 ഡോളർ വർധിച്ചത്. നവംബർ നാലിന് ഔൺസിന് 1,300 യുഎസ് ഡോളറിന് മുകളിലായിരുന്നു സ്വര്‍ണ വില. ട്രംപ് പ്രസിഡൻന്‍റായിരിക്കെയും സ്വർണവില ഗണ്യമായി ഉയർന്നു. 2017 ജനുവരി 20-ന് ട്രംപ് അധികാരമേറ്റപ്പോൾ 1,209 ഡോളറിലായിരുന്ന സ്വര്‍ണ വില. ട്രംപ് വൈറ്റ് ഹൗസില്‍ നിന്ന് ഇറങ്ങിയ 2021 ജനുവരി 19-ന് 1,839 യുഎസ് ഡോളറായിരുന്നു വില.
ട്രംപിന്‍റെ നിലപാടുകള്‍ യുഎസിലും വിദേശത്തുമുണ്ടാക്കിയ ചലനങ്ങളാണ് സ്വര്‍ണ വിലയെ സ്വാധിനിച്ചത്. ട്രംപിന്‍റെ കാലത്ത് സഖ്യകക്ഷികളുമായും എതിരാളികളുമായും വ്യാപാര യുദ്ധങ്ങളുണ്ടാകുന്നത് ഡോളറിന് തിരിച്ചടിയാണ്. ട്രംപ് ഭരണകൂടം നടപ്പിലാക്കിയ 'അമേരിക്ക ഫസ്റ്റ്' നയങ്ങളും ഉപരോധങ്ങളും വിശ്വസനീയമായ വ്യാപാര പങ്കാളി എന്ന യുഎസിന്‍റെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിച്ചിട്ടുണ്ട്.
ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നിവയെ യുഎസിൽ നിന്ന് അകറ്റാനും കരുതല്‍ ധനമായി ഡോളറിന് പകരം സ്വര്‍ണത്തെ സ്വീകരിക്കാന്‍ രാജ്യങ്ങളെ പ്രേരിപ്പിച്ചതും വിലയെ സ്വാധീനിച്ചു. നിലവിലെ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിലും 'അമേരിക്ക ഫസ്റ്റ്' പോളിസിയിൽ മാറ്റമൊന്നും ട്രംപ് വരുത്തിയിട്ടില്ല. അതാണ് ട്രംപിന്‍റെ വിജയത്തെ സ്വര്‍ണം പേടിക്കുന്നതിന് കാരണം.
ഇസ്രയേലിന്‍റെ ആക്രമണം സ്വര്‍ണത്തിന് നേരെ
ഒരു വര്‍ഷം പിന്നിടുമ്പോഴും ഇസ്രയേലുമായി ബന്ധപ്പെട്ട് പശ്ചിമേഷ്യയില്‍ തുടരുന്ന സംഘര്‍ഷം കൂടുതല്‍ ശക്തമാകുകയാണ്. ഹമാസിനും ഹിസ്ബുല്ലയ്ക്കുമെതിരായ ശക്തമായ ആക്രമണത്തിന് ശേഷം ഇസ്രയേല്‍– ഇറാന്‍ സംഘര്‍ഷം രൂക്ഷമാകുമോ എന്ന ആശങ്ക ശക്തമാണ്. ഒക്ടോബര്‍ ഒന്നിന് ഇറാന്‍ നടത്തിയ ആക്രമണത്തിന് ഇസ്രയേല്‍ കഴിഞ്ഞ ദിവസം രാത്രിയാണ് തിരിച്ചടിച്ചത്. ഈ സാഹചര്യത്തില്‍ സുരക്ഷിത നിക്ഷേപമെന്ന നിലയ്ക്ക് സ്വര്‍ണത്തിലുള്ള ഡിമാന്‍റ് വര്‍ധിക്കുക സ്വാഭാവികമാണ്. ഇറാന്‍ ഇസ്രയേലിനെ ആക്രമിച്ച സമയത്ത് ഒറ്റ ദിവസം കൊണ്ട് ഒരു ശതമാനം വര്‍ധനയാണ് രാജ്യാന്തര സ്വര്‍ണ വിലയിലുണ്ടായത്.
ചൈന കൂടുതല്‍ വാങ്ങുമോ?
ചൈനയുടെ സമ്പദ്‍വ്യവസ്ഥയെ ഉത്തേജിപ്പിക്കാനുള്ള നടപടികളുടെ ഭാഗമായി സെൻട്രൽ ബാങ്ക് സാമ്പത്തിക പരിഷ്കാര നടപടികൾ പ്രഖ്യാപിച്ചിരുന്നു. സമ്പദ്‍വ്യവസ്ഥ മെച്ചപ്പെടുന്നത് ചൈനയിൽ നിന്നുള്ള സ്വർണത്തിന്‍റെ ഡിമാന്‍റ് പഴയരീതിയിലേക്ക് കൊണ്ടെത്തിക്കുമെന്ന പ്രതീക്ഷയും വില വർധനവിന് കാരണമാകുന്നു. സാമ്പത്തിക പിന്തുണയുടെ ഭാഗമായി വരുമാനത്തിലുണ്ടാകുന്ന വർധന സ്വർണ ഉപഭോഗത്തെ വര്‍ധിക്കുമെന്നാണ് പ്രതീക്ഷ.
ഇനി എങ്ങോട്ട്
താണ്ടിയ ഉയരമൊന്നും പോരെന്നാണ് സ്വര്‍ണത്തിന്‍റെ ഭാവം. സ്വര്‍ണ വിലയെ ഉയര്‍ത്തുന്ന ഘടകങ്ങള്‍ കൂട്ടമായെത്തുമ്പോള്‍ സമീപ ഭാവിയില്‍ കേരളത്തിലെ സ്വര്‍ണ വില പവന് 66,000 രൂപയും 2025 ന്‍റെ തുടക്കത്തില്‍ മാസത്തിനുള്ളില്‍ 70,000 രൂപയും കടക്കുമെന്നാണ് അനുമാനം. സിറ്റി റിസര്‍ച്ചിന്‍റെ പ്രവചനം പ്രകാരം മൂന്ന് മാസത്തിനുള്ളില്‍ സ്വര്‍ണ വില 2,800 ഡോളറിലേക്ക് എത്തുമെന്നാണ്. കേരളത്തിലെ വിലയിലേക്ക് മാറ്റിയാല്‍ ഏകദേശം 66,000 രൂപയിലേക്ക് എത്തും.
സിറ്റി റിസര്‍ച്ച് വിലയിരുത്തല്‍ പ്രകാരം 6-12 മാസത്തേക്ക് വില 3,000 ഡോളര്‍ കടക്കും. അതായത്, കേരളത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില 70,000 രൂപയിലേക്ക് എത്തും. 2025 ന്‍റെ തുടക്കത്തോടെ സ്വര്‍ണ വില 2,900 ഡോളറിലേക്ക് എത്തുമെന്നാണ് ഗോള്‍ഡ്മാന്‍ സാച്ചിന്‍റെയും വിലയിരുത്തല്‍. ഫെഡറൽ റിസർവ് അടക്കമുള്ള കേന്ദ്ര ബാങ്കുകളുടെ പലിശ നിരക്ക് കുറയ്ക്കൽ, ഇടിഎഫ് വിഭാഗത്തില്‍ നിന്നുള്ള ശക്തമായ വാങ്ങല്‍ താല്‍പര്യം, കേന്ദ്ര ബാങ്കുകളുടെ വാങ്ങല്‍ എന്നിവയാണ് വില ഉയരാനുള്ള സാധ്യതയായി വിദഗ്ധര്‍ വിലയിരുത്തുന്നത്