സ്വകാര്യ നിമിഷങ്ങള്‍ ചോര്‍ന്ന് ഇന്‍റര്‍നെറ്റിലൂടെ ഇനി പ്രചരിക്കുമെന്ന് ആശങ്ക വേണ്ട. സ്വകാര്യനിമിഷങ്ങള്‍ ഓണ്‍ലൈനിലൂടെ പങ്കുവയ്ക്കുന്നത് സ്വകാര്യമായി സൂക്ഷിക്കാന്‍ ഡിജിറ്റല്‍ കോണ്ടം അവതരിപ്പിച്ചിരിക്കുകയാണ് ജര്‍മന്‍ സെക്ഷ്വല്‍ വെല്‍നസ് ബ്രാന്‍ഡായ ബില്ലി ബോയി.'കാംഡം' എന്നാണ് കമ്പനി പുതിയ ആപ്പിന് നല്‍കിയിരിക്കുന്ന പേര്. ലോകത്തിലെ ആദ്യ ഡിജിറ്റല്‍ കോണ്ടമാണിതെന്നും കമ്പനി അവകാശപ്പെടുന്നു. 

ബ്ലൂടൂത്ത് ടെക്നോളജി വഴിയാണ് ഉപഭോക്താക്കളുടെ സ്വകാര്യത ആപ്പ് ചോരാതെ നോക്കുന്നത്. ആപ്പ് ഇന്‍സ്റ്റോള്‍ ചെയ്യുന്നതോടെ അനുവാദമില്ലാതെ ക്യാമറ, മൈക്രോഫോണ്‍ എന്നിവ മറ്റ് ആപ്പുകള്‍ ചോര്‍ത്തുന്നത് തടയപ്പെടും. ഇന്നോഷന്‍ ബെര്‍ലിനുമായി ചേര്‍ന്നാണ് കോംഡം വികസിപ്പിച്ചെടുത്തിരിക്കുന്നത്. അനുവാദമില്ലാതെ വൈകാരിക നിമിഷങ്ങള്‍ ചോര്‍ത്തുന്നതും മറ്റ് പ്ലാറ്റ്​ഫോമുകളില്‍ എത്തിക്കുന്നതും തടയുകയെന്ന ലക്ഷ്യത്തോടെയാണ് ആപ്പ് വികസിപ്പിച്ചതെന്ന് കമ്പനി വ്യക്തമാക്കുന്നു. 

പ്രതികാരബുദ്ധിയോടെ സ്വകാര്യ നിമിഷങ്ങള്‍ ആളുകള്‍ ഓണ്‍ലൈനില്‍ പ്രചരിപ്പിക്കുന്നത് ഒരുപരിധി വരെ തടയാനും വ്യക്തികളുടെ സ്വകാര്യത കുറേക്കൂടി ഉറപ്പ് വരുത്താനും ആപ്പ് സഹായിക്കുമെന്നാണ് ടെക് വിദഗ്ധരും പറയുന്നത്. 

ആപ്പിന്‍റെ പ്രവര്‍ത്തനം ഇങ്ങനെ: ആപ്പ് ഇന്‍സ്റ്റോള്‍ ചെയ്തിട്ടുള്ള ഫോണുകള്‍ അടുത്തടുത്ത് വച്ച ശേഷം വിര്‍ച്വല്‍ ബട്ടന്‍ സ്വൈപ്പ് ചെയ്യുന്നതോടെ ബ്ലൂടൂത്ത് വഴി ബന്ധിപ്പിച്ചിട്ടുള്ള ഫോണിലേക്ക് ഈ ഫോണില്‍ നിന്നും അനുവാദമില്ലാതെ ചിത്രങ്ങള്‍, വിഡിയോ, ശബ്ദസന്ദേശങ്ങള്‍ എന്നിവ കൈമാറ്റം ചെയ്യുന്നത് തടയപ്പെടും. ഒരു സമയത്ത് ഒന്നിലേറെ ഉപകരണങ്ങളെ ബ്ലോക്ക് ചെയ്യാന്‍ ആപ്പിന് കഴിയും. ആരെങ്കിലും ബ്ലോക്ക് മാറ്റി സ്വകാര്യവിവരങ്ങള്‍ ചോര്‍ത്താന്‍ ശ്രമിച്ചാലുടന്‍ അലാം മുഴങ്ങും. 

നിലവില്‍ ആന്‍ഡ്രോയിഡ് ഫോണുകളിലാണ് കാംഡം സേവനം ലഭ്യമാകുക. ഐഫോണുകളിലേക്കുള്ള ആപ്പ് വൈകാതെ പുറത്തിറക്കും. മറ്റ് റെക്കോര്‍ഡിങ് ഉപകരണങ്ങളെ തടയുന്നതിലൂടെ സ്വകാര്യത പൂര്‍ണമായും ഉറപ്പുവരുത്താമെന്നതാണ് ആപ്പിന്‍റെ പ്രത്യേകത. ഒറ്റ സ്വൈപ്പിലൂടെ ആപ്പ് ഉപയോക്കാമെന്നതും ഡിജിറ്റല്‍ കോണ്ടത്തിന്‍റെ ജനപ്രീതിയേറ്റുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. യഥാസമയം മുന്നറിയിപ്പുകള്‍ നല്‍കുന്നതും ഒന്നിലെറ ഉപകരണങ്ങളെ ഒരേസമയം തടയാമെന്നതും പ്ലസ് പോയിന്‍റാണ്. 

30 ലേറെ രാജ്യങ്ങളില്‍ നിന്ന് ഡിജിറ്റല്‍ കോണ്ടത്തിന് ആവശ്യക്കാരേറിയിട്ടുണ്ട്. സ്മാര്‍ട്ട്ഫോണുകള്‍ ശരീരത്തിലെ ഒരു അവയവം പോലെ തന്നെ ആയ സ്ഥിതിക്ക് ഇത്തരം സാങ്കേതിക വിദ്യകള്‍ അത്യാവശ്യമാണെന്നും സ്വകാര്യത സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും അഭിപ്രായപ്പെടുന്നവരും കുറവല്ല.  

ENGLISH SUMMARY:

What is digital condom? How ‘digital condom’ Camdom app works?