കേരളത്തിലെ ആഭരണ പ്രേമികള്‍ക്ക് ട്രംപിനോട് നന്ദി പറയാം. യുഎസ് പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ ട്രംപ് വിജയിച്ചതിന് പിന്നാലെ രണ്ടാഴ്ചയ്ക്കിടെ 4160 രൂപയുടെ ഇടിവാണ് സ്വര്‍ണ വിലയിലുണ്ടായത്. ട്രെന്‍ഡ് തുടര്‍ന്ന് കേരളത്തിലെ സ്വര്‍ണ വില വ്യാഴാഴ്ച പവന് 880 രൂപ കുറഞ്ഞു. 55,480 രൂപയിലേക്ക് ഇന്നത്തെ വ്യാപാരം. 110 രൂപ കുറഞ്ഞ് 6,935 രൂപയാണ് ഗ്രാമിന്‍റെ വില. നാളുകള്‍ക്ക് ശേഷമാണ് സ്വര്‍ണ വില 55,000 നിലവാരത്തിലേക്ക് എത്തുന്നത്.
സ്വര്‍ണ വില കുറഞ്ഞതോടെ ആഭരണം വാങ്ങാനിരിക്കുന്നവര്‍ക്കും ആശ്വാസമായി. കേരളത്തില്‍ 10 ശതമാനം പണിക്കൂലിയില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങാന്‍ 62,858 രൂപയോളമാണ് ചെലവ് വരുന്നത്. സ്വർണത്തിന്‍റെ വില, പണിക്കൂലി, ഹാൾമാർക്ക് ചാർജ്, ജി.എസ്.ടി എന്നിവയാണ് ചേർത്തുള്ള വിലയാണിത്.
യുഎസിലെ പണപ്പെരുപ്പ കണക്ക് പുറത്തുവന്നതും ഡോളര്‍ ശക്തിയാര്‍ജിച്ചതോടെ രാജ്യാന്തര സ്വര്‍ണ വിലയിലുണ്ടായ കാര്യമായ ഇടിവാണ് കേരളത്തിലും ഗുണകരമായത്. 2600 ഡോളര്‍ നിലവാരം ഭേദിച്ച രാജ്യാന്തര സ്വര്‍ണ വില 2559.20 ഡോളറിലേക്ക് താഴ്ന്ന ശേഷം നിലവില്‍ 2,562 ഡോളറിലാണ് വ്യാപാരം നടക്കുന്നത്.
ട്രംപ് ഭരണകൂടത്തിന്‍റെ നയങ്ങള്‍ അനുകൂലമാകുമെന്നതിനാല്‍ തിരഞ്ഞെടുപ്പിന് ശേഷം കുതിക്കുന്ന ഡോളര്‍ സൂചിക നിലവില്‍ ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തിലാണുള്ളത്.
ഏപ്രില്‍ 16 ന് രേഖപ്പെടുത്തിയ 106.51 നിലവാരം മറികടന്ന് 106.71നിലവാരത്തിലാണ് ഡോളര്‍ സൂചിക. പണപ്പെരുപ്പം ഉയര്‍ന്നതോടെ വരും വര്‍ഷങ്ങളില്‍ പലിശ നിരക്ക് കുറയ്ക്കാനുള്ള സാധ്യത കുറയുമെന്ന വിലയിരുത്തലില്‍ ബോണ്ട് യീല്‍ഡും നേട്ടമുണ്ടാക്കി.
സ്വര്‍ണം വ്യാപാരം നടക്കുന്നത് ഡോളറിലായതിനാല്‍ മറ്റു രാജ്യങ്ങള്‍ക്ക് വാങ്ങാന്‍ ചെലവ് കൂടും. ഈ സമയത്ത് ഡിമാന്‍റിലുണ്ടാകുന്ന ഇടിവ് സ്വര്‍ണ വില ഇടിയാന്‍ കാരണമാണ്. അതോടൊപ്പം ബോണ്ട് യീല്‍ഡ് ശക്തമാകുന്നതിനാല്‍ നിക്ഷേപം അങ്ങോട്ട് മാറുന്നതും ക്രിപ്റ്റോയിലെ മുന്നേറ്റവും സ്വര്‍ണത്തിന് തിരിച്ചടിയാകുന്നുണ്ട്.
സ്വര്‍ണ വില കുറയുമോ?
സാങ്കേതിക വിശകലനം പ്രകാരം 2,542-2,538 ഡോളര്‍ നിലവാരത്തലാണ് സ്വര്‍ണ വിലയ്ക്ക് പിന്തുണയുള്ളതെന്ന് വിദഗ്ധര്‍ വ്യക്തമാക്കുന്നു. ഈ നിലവാരവും ഭേദിച്ച് സ്വര്‍ണ വില താഴേക്ക് പോവുകയാണെങ്കില്‍ അടുത്ത ലക്ഷ്യം 2,500 ഡോളറായിരിക്കും. 2,580 ഡോളര്‍ മറികടന്നാല്‍ മാത്രാമണ് സ്വര്‍ണത്തിന് ഇനിയൊരു മുന്നേറ്റ സാധ്യതയുള്ളത്. ട്രംപിന്‍റെ നയങ്ങള്‍ ഹ്രസ്വകാലത്തേക്ക് സ്വര്‍ണത്തിന് തിരിച്ചടിയായതിനാല്‍ സമീപ ഭാവിയില്‍ വില കുറയാനുള്ള സാധ്യതയാണ് വിദഗ്ധരും നിരീക്ഷിക്കുന്നത്.