ഡിസംബറില്‍ മികച്ച തുടക്കം നല്‍കി സ്വര്‍ണ വില. മാസത്തിലെ ആദ്യ വ്യാപാര ദിനത്തില്‍ പവന് 480 രൂപ കുറഞ്ഞു. 56720 രൂപയിലാണ് കേരളത്തില്‍ ഇന്ന് വ്യാപാരം. ഗ്രാമിന് 60 രൂപ കുറഞ്ഞ് 7,090 രൂപയിലുമെത്തി. നവംബര്‍ അവസാന ആഴ്ചയിലെ തുടര്‍ച്ച വില വര്‍ധനയ്ക്ക് ശേഷമാണ് തിങ്കളാഴ്ച വില കുറഞ്ഞത്.
നവംബറില്‍ വലിയ ചാഞ്ചാട്ടത്തോടെ ഇടിവിലാണ് സ്വര്‍ണം വ്യാപാരം അവസാനിച്ചത്. രാജ്യാന്തര വില മൂന്ന് ശതമാനം ഇടിഞ്ഞു. കേരളത്തില്‍ 59,080 രൂപയില്‍ തുടങ്ങിയ സ്വര്‍ണ വില 55,480 രൂപയിലെത്തി മാസത്തിലെ താഴ്ന്ന നിലവാരം തൊട്ടു. ശേഷം വില വര്‍ധിച്ച് 57,200 രൂപയിലാണ് നവംബറിലെ വ്യാപാരം അവസാനിപ്പിച്ചത്.
രാജ്യാന്തര വിലയിലെ ചാഞ്ചാട്ടത്തിലാണ് കേരളത്തിലും വിലയില്‍ ഏറ്റകുറച്ചിലുണ്ടാകുന്നത്. കഴിഞ്ഞ ആഴ്ചയിലെ വ്യാപാരത്തില്‍ 2600 ഡോളര്‍ വരെ വീണശേഷം സ്വര്‍ണ വില തിരികെ 2650 ഡോളറിലേക്ക് വന്നിരുന്നു. ഈ വിലയില്‍ നിന്നും വീണ്ടും ഇടിഞ്ഞ് 2622 ഡോളറിലേക്ക് തിങ്കളാഴ്ച സ്വര്‍ണ വില എത്തി. ഇതാണ് കേരളത്തിലെ വിലയെ സ്വാധീനിച്ച ഘടകം.
ഡോളറിനെതിരെ ബ്രിക്സ് രാജ്യങ്ങള്‍ കറന്‍സി പുറത്തിറക്കിയാല്‍ 100 ശതമാനം ഇറക്കുമതി നികുതി ചുമത്തുമെന്ന് കഴിഞ്ഞ ദിവസം നിയുക്ത അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് ഭീഷണിപ്പെടുത്തിയരുന്നു. ഡോളറിന്‍റെ അപ്രമാദിത്വം മറികടക്കാന്‍ ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക (BRICS) രാജ്യങ്ങള്‍ പുതിയ കറന്‍സിക്ക് രൂപം നല്‍കുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. ഈ ഭീഷണിക്ക് പിന്നാലെ ഡോളര്‍ ശക്തമാകുന്നതാണ് സ്വര്‍ണത്തിന് നേട്ടമായത്.
ഇന്ന് പത്ത് ശതമാനം പണിക്കൂലിയുള്ള സ്വര്‍ണാഭരണം വാങ്ങാന്‍ 64,300 രൂപയോളം ചിലവാക്കണം. സ്വർണത്തിന്‍റെ വില, പണിക്കൂലി, ഹാൾമാർക്ക് ചാർജ്, ജി.എസ്.ടി എന്നിവ ചേർത്തുള്ള വിലയാണ് ഇത്. സ്വര്‍ണാഭരണത്തിന്‍റെ ഡിസൈന്‍ അനുസരിച്ചാകും പണിക്കൂലി ചുമത്തുക. 5, 10 ശതമാനം പണിക്കൂലിയില്‍ സാധാരണ സ്വര്‍ണാഭരണം ലഭിക്കും. 45 രൂപയാണ് ഹാള്‍മാര്‍ക്ക് ചാര്‍ജ്. ഇതിന് 18 ശതാമാനം ജിഎസ്ടി സഹിതം 53.10 രൂപ നല്‍കണം. ഇതെല്ലാം ചേര്‍ത്ത തുകയ്ക്ക് മുകളില്‍ മൂന്ന് ശതമാനം ജിഎസ്ടി നല്‍കണം.