സ്വര്‍ണത്തിന്‍റെ വില കൂടുന്നത് ഇന്ത്യക്കാര്‍ക്ക് എന്നും ആശങ്കയാണ്. കയ്യില്‍ നല്ലൊരു തുക വന്നാല്‍ സ്വര്‍ണം വാങ്ങി സൂക്ഷിക്കുന്ന ശീലമുള്ള ഇന്ത്യക്കാരുടെ പക്കലുള്ള സ്വര്‍ണത്തിന്‍റെ അളവ് ഞെട്ടിക്കുന്നതാണ്. വില നോക്കാതെ വാങ്ങി ഇന്ത്യന്‍ സ്ത്രീകളുടെ പക്കലുള്ള സ്വര്‍ണത്തിന്‍റെ അളവ് 24,000 ടണ്ണും കടന്നിരിക്കുന്നു. വേൾഡ് ഗോൾഡ് കൗൺസിലിൻ്റെ കണക്കനുസരിച്ച്, ഇന്ത്യൻ സ്ത്രീകളുടെ കയ്യിലുള്ള സ്വര്‍ണം ലോകത്തിലെ മൊത്തം സ്വർണ ശേഖരത്തിൻ്റെ 11 ശതമാനമാണ്.
ഇന്ത്യൻ സ്ത്രീകളുടെ കയ്യിലുള്ള സ്വർണം മുൻനിര രാജ്യങ്ങളിലെ സ്വർണ റിസര്‍വിനേക്കാള്‍ കൂടുതലാണ്. ഉദാഹരണമായി യു.എസിന്‍റെ സ്വര്‍ണ റിസര്‍വ് 8,000 ടൺ ആണ്. ജർമ്മനി 3,300 ടൺ, ഇറ്റലി 2,450 ടൺ, ഫ്രാൻസ് 2,400 ടൺ, റഷ്യ 1,900 ടൺ എന്നിങ്ങനെയാണ് ലോകത്തെ പ്രധാന രാജ്യങ്ങളുടെ സ്വര്‍ണ റിസര്‍വ്. ഈ രാജ്യങ്ങളുടെ സംയോജിത കരുതൽ ശേഖരം പരിഗണിക്കുകയാണെങ്കിൽപ്പോലും ഇന്ത്യയിലെ സ്ത്രീകളുടെ ഉടമസ്ഥതയിലുള്ള സ്വർണത്തേക്കാൾ കുറവാണ് എന്നതാണ് വസ്തുത.
ഓക്‌സ്‌ഫോർഡ് ഗോൾഡ് ഗ്രൂപ്പിൻ്റെ ഒരു റിപ്പോർട്ട് അനുസരിച്ച്, ലോകത്തിലെ സ്വർണത്തിൻ്റെ മൊത്തം 11 ശതമാനം ഇന്ത്യൻ കുടുംബങ്ങളുടെ കൈവശമുണ്ട്. യു.എസ്, ഇൻ്റർനാഷണൽ മോണിറ്ററി ഫണ്ട് (ഐഎംഎഫ്), സ്വിറ്റ്‌സർലൻഡ്, ജർമ്മനി എന്നിവയുടെ സംയോജിത കരുതൽ ശേഖരത്തേക്കാൾ കൂടുതലാണിത്. രാജ്യത്തെ ഇത്രയും വലിയ സ്വര്‍ണത്തിന്‍റെ ഉടമസ്ഥതയില്‍ കേരളം അടക്കമുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ സ്ത്രീകള്‍ക്ക് പങ്കുണ്ട്. ദക്ഷിണേന്ത്യയിലാണ് 40 ശതമാനം സ്വര്‍ണവുമുള്ളത്. ഇതില്‍ 28 ശതമാനം തമിഴ്നാട്ടിലാണ്.
ആദായ നികുതി നിയമപ്രകാരം വിവാഹിതയായ സ്ത്രീക്ക് 500 ഗ്രാം വരെ സ്വര്‍ണം സൂക്ഷിക്കാം. അവിവാഹിതയാണെങ്കില്‍ 250 ഗ്രാം ആണ് പരിധി. പുരുഷന്മാരുടെ പരിധി 100 ഗ്രാമാണ്.