കൊല്ലം ചിതറയിൽ വാറ്റുചാരായം പിടിക്കാന്‍ പോയ എക്സൈസ് ഉദ്യോഗസ്ഥന്‍ പ്രതിയുടെ വീട്ടിൽ നിന്ന് സ്വര്‍ണാഭരണം മോഷ്ടിച്ചു. ചടയമംഗലം എക്സൈസ് ഓഫിസിലെ സിവിൽ എക്സൈസ് ഓഫീസർ ഷൈജുവാണ് പൊലീസിന്റെ പിടിയിലായത്. പ്രതിയായ അന്‍സാരിയുടെ വീട്ടില്‍ നിന്ന് സ്വര്‍ണാഭരണത്തിനൊപ്പം മോഷ്ടിച്ച മൊബൈല്‍ഫോണ്‍ ഉപയോഗിച്ചതാണ് ഷൈജുവിനെ കുടുക്കിയത്.

ചടയമംഗലം എക്സൈസ് ഓഫിസിലെ സിവിൽ എക്സൈസ് ഓഫീസറും ഇളമ്പഴന്നൂര്‍ സ്വദേശിയുമായ ഷൈജു ഉള്‍പ്പെടുന്ന എക്സൈസ് സംഘം കഴിഞ്ഞവര്‍ഷം ഡിസംബര്‍ ഒന്നിനാണ് ചിതറ മാങ്കോട് തെറ്റിമുക്കില്‍ താമസിക്കുന്ന അന്‍സാരിയുടെ വീട്ടിലെത്തിയത്. വാറ്റുചാരായം പിടിക്കാനെത്തിയ ഉദ്യോഗസ്ഥര്‍ ചാരായം വാറ്റാന്‍ ഉപയോഗിച്ച പാത്രങ്ങളുമായി അന്‍സാരിയെ അറസ്റ്റു ചെയ്തു. 42 ദിവസത്തെ ജയില്‍വാസത്തിന് ശേഷം ജാമ്യത്തിലിറങ്ങിയ അന്‍സാരി വീട്ടിലെത്തിയപ്പോഴാണ് കിടപ്പുമുറിയിലെ മെത്തയുടെ അടിയില്‍ സൂക്ഷിച്ചിരുന്ന അഞ്ചുപവന്റെ സ്വര്‍ണമാലയും പത്തുഗ്രാമിന്റെ ലോക്കറ്റും മൊബൈല്‍ഫോണും ഒരു ടോര്‍ച്ചും നഷ്ടപ്പെട്ടതായി മനസിലാക്കിയത്. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കിയെങ്കിലും കൃത്യമായ അന്വേഷണം നടത്താതെ പൊലീസ് കേസ് മടക്കി. 

അഭിഭാഷകന്‍ മുഖേനെ കോടതിയെ സമീപിച്ചപ്പോള്‍ പൊലീസ് വീണ്ടും അന്വേഷിച്ചു. ഇതിനിടെയാണ് മോഷണം പോയ അന്‍സാരിയുടെ മൊബൈല്‍ഫോണ്‍ ഉപയോഗിക്കുന്നതായി തെളിഞ്ഞത്. തുടര്‍ന്ന് എക്സൈസ് ഉദ്യോഗസ്ഥനായ ഷൈജുവിലേക്ക് അന്വേഷണം എത്തുകയായിരുന്നു. അന്‍സാരിയുടെ സുഹൃത്ത് സക്കീറിന്റെ കൈവശമായിരുന്നു വീടിന്റെ താക്കോല്‍. സക്കീറിനെ ഉള്‍പ്പെടെ പൊലീസ് ആദ്യം സംശയിച്ചിരുന്നു. ഷൈജു മോഷ്ടിച്ച സ്വർണാഭരണങ്ങൾ കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കി. ആറ് ഉദ്യോഗസ്ഥരാണ് അൻസാരിയുടെ വീട്ടിൽ വാറ്റുചാരായം പിടിക്കാന്‍ എത്തിയത്. ഷൈജുവിനൊപ്പം ഉണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ക്ക് പങ്കുളളതായി തെളിഞ്ഞിട്ടില്ല.

ENGLISH SUMMARY:

Shyju, a Civil Police Officer (CPO) from the Chadayamangalam Excise Office, has been arrested for stealing gold and a mobile phone during a raid in Chithara, Kollam. The officer reportedly took gold and a mobile phone from the residence of Ansari, the accused in the illicit liquor case.