ഡോണാള്‍ഡ് ട്രംപ് അധികാരത്തിലെത്തിയതിന് പിന്നാലെ കാര്യമായ ചലനമുണ്ടാക്കാതെ സ്വര്‍ണ വില. കേരളത്തില്‍ ചൊവ്വാഴ്ച സ്വര്‍ണ വിലയില്‍ മാറ്റമില്ല. 59,600 രൂപയിലാണ് ഒരു പവന്‍ സ്വര്‍ണം വ്യാപാരം നടക്കുന്നത്. ഗ്രാമിന് 7,450 രൂപയാണ് ഇന്നത്തെ വില. തുടര്‍ച്ചയായ രണ്ടാം ദിനത്തിലാണ് മാസത്തിലെ ഉയര്‍ന്ന നിലവാരത്തില്‍ സ്വര്‍ണ വില വ്യാപാരം നടക്കുന്നത്.
സര്‍വകാല ഉയരത്തിന് തൊട്ടടുത്താണ് കേരളത്തിലെ സ്വര്‍ണ വിലയുള്ളത്. 2024 ഒക്ടോബര്‍ 31 ന് രേഖപ്പെടുത്തിയ പവന് 59,640 രൂപയാണ് ഇതിന് മുന്‍പ് കേരളത്തില്‍ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന വില. ഗ്രാമിന് 7,455 രൂപയാണ് ഏറ്റവും ഉയര്‍ന്ന വില. ഗ്രാമിന് അഞ്ച് രൂപ കൂടി വര്‍ധിച്ചാല്‍ വില റെക്കോര്‍ഡിലെത്തും.
ചൊവ്വാഴ്ചയിലെ സ്വര്‍ണ വില പ്രകാരം 10 ശതമാനം പണിക്കൂലിയുള്ള ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങാന്‍ ഇന്ന് കേരളത്തില്‍ 67,550 രൂപയിലധികം ചെലവാക്കണം. സ്വര്‍ണ വില, പണിക്കൂലി, ജിഎസ്ടി, ഹാള്‍മാര്‍ക്ക് ചാര്‍ജ് എന്നിവ അടിസ്ഥാനമാക്കിയുള്ള വിലയാണിത്.
രാജ്യാന്തര വിപണിയില്‍ സ്വര്‍ണ വില കാര്യമായ മുന്നേറ്റമുണ്ടാക്കിയിട്ടില്ല. സ്പോട്ട് ഗോള്‍ഡ് ഔണ്‍സിന് 2,724 ഡോളറിലാണ് വ്യാപാരം നടത്തുന്നത്. ട്രംപ് സര്‍ക്കാറിന്‍റെ നയങ്ങളോടുള്ള പ്രതികരണത്തിന് കാത്തിരിക്കുകയാണ് സ്വര്‍ണ വിപണി. വിവിധ രാജ്യങ്ങള്‍ക്ക് താരിഫ് ചുമത്താനുള്ള തീരുമാനം സ്വര്‍ണത്തിന് അനുകൂലമാണ്.
ആഗോള ഇറക്കുമതിക്ക് 10 ശതമാനം നികുതിയും ചൈനീസ് ഉത്പ്പന്നങ്ങള്‍ക്ക് 60 ശതമാന നികുതിയും കനേഡിയന്‍, മെകിസക്കന്‍ ഉത്പ്പന്നങ്ങള്‍ക്ക് 25 ശതമാനം സര്‍ചാര്‍ജുമാണ് ട്രംപ് നിര്‍ദ്ദേശിക്കുന്നത്. ഇത് നടപ്പിലാക്കാന്‍ കൂടുതൽ സമയമെടുക്കുമെന്ന വാർത്ത ആഗോള ഓഹരികളിൽ മുന്നേറ്റത്തിനും യുഎസ് ഡോളറില്‍ സമ്മർദ്ദത്തിനും കാരണമായിട്ടുണ്ട്. ഡോളര്‍ സൂചിക ഒരു ശതമാനത്തോളം ഇടിഞ്ഞു.
ഇറക്കുമതി നിരക്കുയരുന്നത് സ്വര്‍ണത്തിന് അനുകൂലമാണ്. ലോകത്താകമാനം പണപ്പെരുപ്പ ഭീഷണി ഉയര്‍ത്തകയും സ്വര്‍ണത്തിന് പിന്തുണ ലഭിക്കുകയും ചെയ്യും. ട്രംപിന്‍റെ സമീപനം പലിശ നിരക്ക് ഉയര്‍ത്തി വെയ്ക്കാന്‍ ഫെഡറല്‍ റിസര്‍വിന് കാരണമാകും. ഇതും സ്വര്‍ണ വിലയെ മുന്നോട്ട് നയിക്കുന്ന ഘടകമാണ്.