ചാഞ്ചാട്ടം തുടര്‍ന്ന് കേരളത്തിലെ സ്വര്‍ണ വില. ചൊവ്വാഴ്ചയിലെ ഇടിവിന് ശേഷം കേരളത്തില്‍ സ്വര്‍ണ വില വര്‍ധിച്ചു. 360 രൂപയുടെ വര്‍ധനവോടെ 64,520 രൂപയെന്ന മാസത്തിലെ ഉയര്‍ന്ന നിലവാരത്തിലാണ് വില. ഗ്രാമിന് 45 രൂപ വര്‍ധിച്ച് 8,065 രൂപയായി. ഇന്നലെ 240 രൂപയാണ് പവന് കുറഞ്ഞത്.
18 കാരറ്റിന് സ്വര്‍ണത്തിനും വില വര്‍ധിച്ചു. 37 രൂപ വര്‍ധിച്ച് 6,599 രൂപയാണ് ഒരു ഗ്രാമിന്‍റെ വില. 296 രൂപയാണ് പവനുണ്ടായ വര്‍ധന. 52792 രൂപയാണ് ഇന്നത്തെ വില.
സ്വര്‍ണ വില ഉയരത്തിലെത്തിയതോടെ 10 ശതമാനം പണിക്കൂലിയില്‍ ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങാന്‍ 73,150 രൂപയോളം നല്‍കേണ്ടി വരും. അഞ്ച് പവന്‍റെ ആഭരണം വാങ്ങാന്‍ 3,65,505 രൂപ വേണ്ടിവരും. സ്വർണത്തിന്‍റെ വില, പണിക്കൂലി, ഹാൾമാർക്ക് ചാർജ്, ജി.എസ്.ടി എന്നിവ ചേർത്തുള്ള വിലയാണ് ഇത്. സ്വർണാഭരണത്തിന്‍റെ ഡിസൈൻ അനുസരിച്ചാകും പണിക്കൂലി ചുമത്തുക.
ഇന്നലെ ലാഭമെടുക്കലില്‍ 2,881 ഡോളറിലേക്ക് താഴ്ന്ന സ്പോട്ട് ഗോള്‍ഡ് യുഎസ് മാന്ദ്യ ആശങ്കയ്ക്ക് പിന്നാലെ കുതിച്ചതാണ് വിലയില്‍ പ്രതിഫലിച്ചത്. 2,917 ഡോളര്‍ വരെ ഉയര്‍ന്ന ശേഷം രാജ്യാന്തര വിലയില്‍ നേരിയ ഇടിവ് രേഖപ്പെടുത്തി. സ്പോട്ട് ഗോള്‍ഡ് 2,912 ഡോളറിലാണ് വ്യാപാരം. ഇതിനൊപ്പം രൂപയുടെ വിനിമയ നിരക്കും കേരളത്തിലെ വിലയെ സ്വാധീനിക്കും.
സ്വര്‍ണ വിലയുടെ കുതിപ്പിന് തിരിച്ചടിയാകുന്ന ഘടകങ്ങളും മുന്നിലുണ്ടെന്നതാണ് വിലയിരുത്തല്‍. യുഎസിലെ സാമ്പത്തിക മാന്ദ്യത്തെക്കുറിച്ചുള്ള ആശങ്കകൾ യുഎസ് ട്രഷറി ബോണ്ട് യീല്‍ഡിലും ഡോളറിലും താഴേക്ക് സമ്മർദ്ദം ചെലുത്തുന്നു. ഇത് സ്വര്‍ണ വിലയ്ക്ക് അനുകൂലമാണ്. എന്നാല്‍ യുക്രൈന്‍ വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ചതോടെ റഷ്യയുമായുള്ള സംഘര്‍ഷം അയയുന്നത് സ്വര്‍ണ വിലയ്ക്ക് തിരിച്ചടിയാണ്.
ഇന്ന് പുറത്തുവരുന്ന യുഎസ് പണപ്പെരുപ്പ ഡാറ്റ ഫെഡറല്‍ റിസര്‍വ് പലിശ നിരക്കില്‍ എന്ത് തീരുമാനം എടുക്കുമെന്നതില്‍ വ്യക്തത നല്‍കും. വ്യാപാര യുദ്ധങ്ങള്‍ക്കിടെ സ്വര്‍ണം സുരക്ഷിത നിക്ഷേപമെന്ന അനുകൂലം നേടാറുണ്ടെങ്കിലും പണപ്പെരുപ്പ സമ്മര്‍ദ്ദത്താല്‍ പലിശ നിരക്ക് ഉയര്‍ത്താന്‍ ഫെഡ് തീരുമാനിച്ചാല്‍ ഇത് സ്വര്‍ണ വില ഇടിയും.