യുഎസ് ഓഹരി വിപണി അടുത്തിയിടെയൊന്നും കണ്ടിട്ടില്ലാത്ത വിറ്റഴിക്കലാണ് ഇന്നലെ വാള്‍സ്ട്രീറ്റില്‍ നടന്നത്. സഹസ്രകോടികളുടെ നഷ്ടമാണ് സംഭവിച്ചതെന്ന് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ട്രംപിന്‍റെ പുതിയ താരിഫ് പദ്ധതികളില്‍ ഉയര്‍ന്ന ആശങ്കയാണ് ഓഹരിവിപണി കൂപ്പുകുത്തിയതിന് കാരണമായി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. അമേരിക്കയില്‍ വിപണി ഇടിഞ്ഞത് ലോകമെങ്ങുമുള്ള വ്യാപാരത്തെയും ബാധിച്ചു. ട്രംപിന്‍റെ താരിഫ് പരിഷ്കാരം അമേരിക്കയെ സാമ്പത്തിക മാന്ദ്യത്തിലേക്ക് എത്തിക്കുമെന്ന ഭീതിയാണ് കാരണം. സമ്പദ്വ്യവസ്ഥ മാന്ദ്യത്തിലേക്ക് നീങ്ങുന്നതിന്‍റെ സൂചനകള്‍ വിദഗ്ദര്‍ പങ്കുവച്ച ശേഷവും ട്രംപ് പിന്‍മാറാന്‍ തയ്യാറല്ലെന്ന് പ്രഖ്യാപിച്ചതോടെയാണ് നിക്ഷേപകര്‍ ഓഹരികള്‍ കൂട്ടത്തോടെ വിറ്റൊഴിച്ചത്. എന്നാല്‍ ആശങ്ക വേണ്ടെന്നും അമേരിക്കന്‍ സമ്പദ്വ്യവസ്ഥ മാറ്റത്തിന്‍റെ പാതയിലാണെന്നുമായിരുന്നു ട്രംപിന്‍റെ വിശദീകരണം. അമേരിക്കയിലെ സാമ്പത്തിക പരിഷ്കാരങ്ങള്‍ക്ക്പുറമെ മെക്സിക്കോ, കാനഡ, ചൈന എന്നീ രാജ്യങ്ങളുമായുള്ള വ്യാപാരനയത്തില്‍ വരുത്തിയ മാറ്റവും ഓഹരിയുടമകളെ സ്വാധീനിച്ചുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
2022ന് ശേഷമുള്ള ഏറ്റവും മോശം വിപണിദിനമായിരുന്നു നാസ്ഡാക്കിന്. എസ്ആന്‍റ്പി 500 ,8 ശതമാനമാണ് ഇടിഞ്ഞത്. സെപ്റ്റംബറിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലാണ് ഇന്നലെ എസ്&പി 500 വ്യാപാരം അവസാനിപ്പിച്ചത്. ഡിസംബറിന് ശേഷമുള്ള ഏറ്റവും താഴ്ന്ന ദിവസ ശതമാനവും ഇന്നലെയായിരുന്നു. ഡൗ ജോണ്‍സ് രണ്ട് ശതമാനമാണ് ഇടിഞ്ഞത്. നവംബര്‍ നാലിനാണ് ഡൗ ജോണ്‍സ് ഇതിന് മുന്‍പ് ഇത്ര ഇടിവ് കണ്ടത്. ആറുമാസത്തെ ഏറ്റവും താഴ്ന്ന നിലയിലാണ് നാസ്ഡാക് (4ശതമാനം ഇടിവ്) വ്യാപാരം അവസാനിപ്പിച്ചത്.
ട്രംപിന്‍റെ ഉറ്റ അനുയായിയും ടെസ്ല മേധാവിയുമായ മസ്കിനും വന്‍ നഷ്ടം സംഭവിച്ചു. 15.4 ശതമാനമാണ് മസ്കിന്‍റെ ഓഹരികള്‍ക്ക് സംഭവിച്ചത്. എഐ ചിപ്പ് ഭീമന്‍ എന്‍വിഡിയയുടെ ഓഹരികള്‍ 5 ശതമാനത്തോളവും ഇടിഞ്ഞു. മെറ്റ, ആമസോണ്‍, ആല്‍ഫബെറ്റ് എന്നിവയുടെ ഓഹരികളിലും വന്‍ ഇടിവ് ഉണ്ടായി.
രാജ്യാന്തര വിപണികളെ ബാധിച്ചതിനൊപ്പം എണ്ണവിലയിലും ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. അമേരിക്കന്‍ ക്രൂഡ് 1.51ശതമാനം ഇടിഞ്ഞ് ബാരലിന് 66.03 ഡോളറിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ബ്രെന്‍റ് ബാരലിന് 1.53 ശതമാനം ഇടിഞ്ഞ് 69.28 ഡോളറിനുമാണ് വ്യാപാരം അവസാനിപ്പിച്ചത്. സ്വര്‍ണവിലയിലും ക്രിപ്റ്റോ കറന്‍സികളിലും ഇടിവ് പ്രതിഫലിച്ചിട്ടുണ്ട്. ബിറ്റ്കോയിന്‍ 4.88 ശതമാനം ഇടിഞ്ഞു. നവംബറിന് ശേഷമുണ്ടായ ഏറ്റവും വലിയ ഇടിവാണിതെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
സാമ്പത്തിക മാന്ദ്യമാണോ മുന്നില്‍ വരുന്നതെന്ന ചോദ്യത്തോട് അങ്ങനെയുള്ള പ്രവചനങ്ങളോട് തനിക്ക് താല്‍പര്യമില്ലെന്നായിരുന്നു ട്രംപിന്‍റെ മറുപടി. വലിയ കാര്യങ്ങളാണ് സംഭവിക്കുന്നത്. അമേരിക്ക വലിയ മാറ്റത്തിലൂടെ കടന്ന് പോവുകയാണ്. സമ്പത്ത് അമേരിക്കയിലേക്ക് മടക്കി കൊണ്ടുവരിക തന്നെ ചെയ്യുമെന്നായിരുന്നു ഫോക്സ് ന്യൂസിനോട് ഞായറാഴ്ച ട്രംപിന്‍റെ പ്രതികരണം. ഓഹരി വിപണി കൂപ്പുകുത്തിയതിന് ശേഷം മാധ്യമങ്ങളെ കാണാന്‍ ട്രംപ് തയ്യാറായതുമില്ല.
വിപണിയിലെ ഇടിവ് സ്വാഭാവികമാണെന്ന നിലപാടാണ് ട്രംപ് ഭരണകൂടത്തിനെന്നും വിശാലമായ താല്‍പര്യങ്ങള്‍ക്കായുള്ള നടപടികള്‍ സ്വീകരിക്കുമ്പോള്‍ സമ്പദ്വ്യവസ്ഥ മാന്ദ്യത്തിലേക്ക് പോയാലും ട്രംപ് ഗൗനിക്കില്ലെന്നതിന്‍റെ സൂചനയാണിതെന്ന് ബെയേര്‍ഡിലെ ഇന്‍വെസ്റ്റ്മെന്‍റ് സ്ട്രാറ്റജിസ്റ്റ് റോസ് മേഫീല്‍ഡ് റോയിട്ടേഴ്സിനോട് പ്രതികരിച്ചു.
Google Trending Topic- Nasdaq